പുട്ടുപൊടിയും ചമ്മന്തിപ്പൊടിയും നുറുക്കരിയുമെല്ലാം കുറഞ്ഞ വിലയില്‍ ഇനി റെയ്ഡ്‌കോ വീട്ടുപടിക്കലെത്തിക്കും

moonamvazhi

റെയ്ഡ്‌കോ ഉത്പന്നങ്ങള്‍ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. അതും വളരെ കുറഞ്ഞ വിലയില്‍. കേരളത്തിലെ എല്ലാ വീടുകളിലും ഗുണമേന്മയുള്ളതും മായമില്ലാത്തതുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ നേരിട്ടെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണൂര്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ഇതാദ്യമായി നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ വഴി റെയ്ഡ്‌കോ ഉത്പന്നങ്ങള്‍ വീടുകളിലേക്കെത്തിച്ചു. കണ്ണൂര്‍ ജില്ല മുഴുവനായും സംസ്ഥാനതലത്തിലും പദ്ധതി വ്യാപിപ്പിക്കും. ഒരോ പഞ്ചായത്തിലും കമ്മീഷന്‍ അടിസ്ഥാനത്തില്‍ 15 ആളുകളെ ഇതിനായി നിയമിക്കും.

കോക്ടെയ്ല്‍ പാനീയങ്ങള്‍, ഇളനീര്‍ ജ്യൂസ്, റാഗിപ്പൊടി, റാഗി പുട്ടുപൊടി, ഗോതമ്പ് പുട്ടുപൊടി, ചെമ്മീന്‍ തേങ്ങ ചമ്മന്തിപ്പൊടി, വിവിധതരം അച്ചാര്‍, കുടംപുളി, വാളന്‍പുളി, കുരുമുളക്, ബിരിയാണി മസാല, നുറുക്ക് അരി, അരിയട തുടങ്ങി 15 ഉല്‍പന്നങ്ങല്‍ ഇതിന്റെ ഭാഗമായി വിപണിയിലിറക്കിയിട്ടുണ്ട്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആദ്യഭക്ഷ്യ കിറ്റ് പെരളശ്ശേരിയിലെ സി.കെ.സൗമിനിയാണ് ഏറ്റുവാങ്ങിയത്. റെയ്ഡ്‌കോ ചെയര്‍മാന്‍ എം.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്രൂട്ട് കാനിംഗ് യൂണിറ്റിലെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് മുന്‍ എം.എല്‍.എ കെ.കെ.നാരായണനും കറി പൗഡര്‍ യൂണിറ്റിലെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബയും നിര്‍വഹിച്ചു.

കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത്, റെയ്ഡ്‌കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.രതീശന്‍, വൈസ് ചെയര്‍മാന്‍ വി. ദിനേശന്‍, ഡയറക്ടര്‍ കോമള ലക്ഷ്മണന്‍, പി.വി. ഭാസ്‌കരന്‍, കെ.വി. പ്രജീഷ്, കെ.പി. വിനോദ് കുമാര്‍, എം.കെ.മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.