നിക്ഷേപ കളക്ഷന്‍ ഏജന്റുമാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുന്ന പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍

moonamvazhi

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപ-വായ്പ പിരിവുകാരായി ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം നിശ്ചയിച്ച് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി. പല സംഘങ്ങളിലും വ്യത്യസ്തമായി രീതിയില്‍ പ്രതിഫലം കിട്ടുന്നവരാണ് നിക്ഷേപ പിരിവുകാര്‍. ഇവര്‍ക്ക് കുറഞ്ഞ വേതനം ഉറപ്പാക്കുന്നത് പരിഗണിക്കുമോയെന്ന സണ്ണി ജോസഫ് എം.എല്‍.എ.യുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പ്രാഥമിക സഹകരണ സംഘങ്ങളിലും അര്‍ബന്‍ ബാങ്കുകളിലും കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന കളക്ഷന്‍ ഏജന്റുമാരുടെ പ്രതിമാസ വേതനം 5000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഏജന്റുമാരുടെ വേതനം 4000 രൂപയാണ്. സംസ്ഥാന സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റുമാരുടെ വേതനം പ്രതിമാസം 6000 രൂപയാണെന്നും മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.

നിക്ഷേപ പരിവുകാര്‍ക്ക് തൊഴില്‍ സുരക്ഷയും മിനിമം വേതനവും ഉറപ്പാക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. 2005-ല്‍ ഇത് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ്. -വായ്പ സഹകരണ സംഘങ്ങളില്‍ നിക്ഷേപ പിരിവുകാരായി നിലവില്‍ ആറുമാസത്തില്‍ കുറയാത്ത സേവന ദൗര്‍ഘ്യമുള്ള ജീവനക്കാരെ അതേ തസ്തികയില്‍ സ്ഥിരപ്പെടുത്തേണ്ടതാണ്. നിലവിലുള്ള നിക്ഷേപ പരിവുകാര്‍ക്ക് സ്ഥിരനിയമനങ്ങള്‍ നല്‍കുന്നതിന് അതത് സ്ഥാപനങ്ങള്‍ ആവശ്യമായ തസ്തിക സൃഷ്ടിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ അംഗീകാരം വാങ്ങേണ്ടതാണ്. ഇങ്ങനെ സ്ഥിരപ്പെടുത്തി നിയമിക്കപ്പെടുന്നവര്‍ക്ക് മറ്റുതസ്തികകളിലേക്ക് ഉദ്യോഗകയറ്റത്തിന് അര്‍ഹതയുണ്ടായിരിക്കുകയില്ല.

ഈ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നതുപോലുള്ള സ്ഥിരനിയമനം നടക്കാത്ത സഹകരണ സംഘങ്ങള്‍ ഏറെയുണ്ട്. കേരളബാങ്കിലടക്കം നിക്ഷേപ പരിവുകാര്‍ അവഗണിക്കപ്പെടുകയാണെന്ന പരാതി അവരുടെ സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അവര്‍ പ്രത്യക്ഷ സമരവും നടത്തിയിട്ടുണ്ട്. 34-40 വര്‍ഷം ജോലി ചെയ്തിട്ടും ഗ്രാറ്റുവിറ്റി പോലും ലഭിക്കാത്ത സ്ഥിതിയാണ് പല നിക്ഷേപ പരിവുകാരും നേരിടുന്നത്. കോവിഡ് കാലത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ ഇവരെ അഭിനന്ദിച്ച സര്‍ക്കാര്‍, ഇന്‍ഷൂറന്‍സ് പരിരക്ഷ ഇവര്‍ക്കുവേണ്ടി നടപ്പാക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ്.

Leave a Reply

Your email address will not be published.