നബാര്‍ഡ് ഫണ്ട് പാതിവഴിയില്‍; സഹകരണ സംരംഭകത്വം ലക്ഷ്യത്തിലെത്തിയില്ല

moonamvazhi

കേരളത്തിലെ പഴവര്‍ഗങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റാനുള്ള സംരംഭങ്ങള്‍ കൂട്ടാനുള്ള സഹകരണ വകുപ്പിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. പത്ത് പഴം-പച്ചക്കറി ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് സംരംഭ യൂണിറ്റുകള്‍ തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയത്. നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (AIF) ഉപയോഗപ്പെടുത്തിയായിരുന്നു പദ്ധതി. ഇതിനുള്ള വിശദമായ പദ്ധതി രേഖ ( DPR) പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിന് മുഴുവന്‍ കേരളാബാങ്ക് അംഗീകാരം നല്‍കിയിട്ടില്ല.

സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തിലാണ് 1000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ തയ്യാറാക്കിയത്. നബാര്‍ഡ് ഫണ്ട് ഒരുശതമാനം പലിശയ്ക്ക് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ലഭ്യമാകും. അത് ഉപയോഗപ്പെടുത്തിയാണ് സഹകരണ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള നടപടി സഹകരണ വകുപ്പ് സ്വീകരിച്ചത്. പൈനാപ്പിള്‍, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, തേങ്ങ എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകളാണ് ലക്ഷ്യമിട്ടത്. ഓരോ ജില്ലയിലെയും സാധ്യത അടിസ്ഥാനമാക്കിയാണ് സംരംഭങ്ങളും തിരഞ്ഞെടുത്തത്.

മൂല്യവര്‍ദ്ധിത ഉല്‍പാദന സംരംഭങ്ങളില്ലാത്തതിന്റെ ദുരവസ്ഥ ഇപ്പോള്‍ കര്‍ഷകര്‍ അനുഭവിക്കുകയാണ്. റംസാന്‍ നോമ്പുകാലമായിട്ടും വേനല്‍ച്ചൂട് കൂടിയിട്ടും പൈനാപ്പിളിന് പ്രതീക്ഷിച്ച വിലകിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വില റെക്കാഡില്‍ എത്തേണ്ട സമയത്തും കഴിഞ്ഞ സീസണേക്കാള്‍ 25 ശതമാനം വരെ വിലക്കുറവിലാണ് കര്‍ഷകര്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പൈനാപ്പിള്‍ സ്പെഷല്‍ ഗ്രേഡിന് 50 രൂപയായിരുന്നെങ്കിലും ഇപ്പോള്‍ 38 രൂപയാണ് വില. കര്‍ഷകന് വില ലഭിക്കുന്നില്ലെങ്കിലും വിപണിയില്‍ പൈനാപ്പിള്‍ 60 – 65 രൂപയ്ക്കാണു വില്‍ക്കുന്നത്.

വില ഉയരാത്തതും ചെലവു വര്‍ധിക്കുന്നതും മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ്. തെങ്ങോലയും ഗ്രീന്‍ നെറ്റും ഉപയോഗിച്ച് തോട്ടങ്ങള്‍ക്കു മീതെ പൊതയിട്ടാണു ഉണക്കിനെ നേരിടുന്നത്. നനയും വര്‍ദ്ധിപ്പിച്ചു. ഉണക്ക് ഭീഷണി നേരിടാന്‍ തോട്ടങ്ങളില്‍ ഏക്കറിന് 20,000 രൂപ വരെ കര്‍ഷകര്‍ക്ക് കൂടുതല്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. വേനല്‍ ചൂട് മൂലം ഉല്‍പാദനം 40ശതമാനം കുറയുകയും ചെയ്തു. അനുകൂല കാലാവസ്ഥയില്‍ തോട്ടത്തില്‍ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഉണക്ക് ബാധിച്ചതോടെ എ ഗ്രേഡ് പൈനാപ്പിള്‍ 50ശതമാനം പോലും ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കര്‍ഷകരുടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് സഹകരണ സംഘങ്ങള്‍ ഓരോ പ്രദേശത്തും അവിടുത്തെ സാധ്യത മുന്‍നിര്‍ത്തി പദ്ധതികള്‍ തയ്യാറാക്കിയത്. അതാണ് പാതിവഴിയില്‍ നില്‍ക്കുന്നത്.