ഗുജറാത്തില്‍ അഞ്ഞൂറിലധികം സഹകരണസംഘങ്ങളും മൂന്നു ലക്ഷം വ്യാജ അംഗങ്ങളും പുറത്ത്

moonamvazhi
ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന അഞ്ഞൂറിലധികം സഹകരണസംഘങ്ങളുടെ അംഗത്വം സംസ്ഥാനസഹകരണവകുപ്പ് റദ്ദാക്കി. ഈ സംഘങ്ങള്‍ സര്‍ക്കാര്‍ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടിയെന്നു വൈബ്‌സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ലക്ഷത്തോളം വ്യാജ അംഗങ്ങളെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷം നീണ്ട ശുദ്ധീകരണപ്രക്രിയയിലാണു ഗുജറാത്തിലെ വ്യാജ സഹകരണസംഘങ്ങളുടെ മേല്‍ പിടി വീണത്. സംസ്ഥാനത്തെ പ്രവര്‍ത്തനം നിലച്ച 6116 സഹകരണസംഘങ്ങളില്‍ 463 സംഘങ്ങളെ സഹകരണവകുപ്പ് പുനരുജ്ജീവിപ്പിച്ചു. 704 സംഘങ്ങളെ പാപ്പരായി പ്രഖ്യാപിച്ചു. വിവിധതരം ക്രമക്കേടുകളുടെ പേരില്‍ 506 സംഘങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ഇവയില്‍നിന്നെല്ലാംകൂടി 2,99,213 വ്യാജ അംഗങ്ങള്‍ പുറത്താക്കപ്പെടുകയും ചെയ്തു.
പാപ്പരായി പ്രഖ്യാപിക്കപ്പെട്ട സംഘങ്ങള്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ചിരുന്നത് അഹമ്മദാബാദ് ജില്ലയിലും നഗരത്തിലുമാണ്. 240 സഹകരണസംഘങ്ങളെയാണ് ഇവിടെ പാപ്പരായി പ്രഖ്യാപിച്ചത്. നഗരത്തില്‍ത്തന്നെ ഇത്തരത്തില്‍പ്പെട്ട 47 സംഘങ്ങളുണ്ടായിരുന്നു. 2417 വ്യാജഅംഗങ്ങളും നഗരത്തിലുണ്ടായിരുന്നു. ഗാന്ധിനഗറിലെ സഹകരണസംഘങ്ങളില്‍നിന്നു 9,993 അംഗങ്ങളെ പുറത്താക്കി.

ഗുജറാത്തിലെ സഹകരണസംഘങ്ങളുടെ കാര്യശേഷിയും സുതാര്യതയും വിലയിരുത്താന്‍ സഹകരണസഹമന്ത്രി ജഗദീഷ് പഞ്ചാല്‍ തുടക്കമിട്ട ശ്രമങ്ങളാണു വലിയൊരു ശുദ്ധീകരണത്തില്‍ കലാശിച്ചത്. സഹകരണ രജിസ്ട്രാറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വായ്പാ സംഘങ്ങള്‍, ക്ഷീരോല്‍പ്പാദന സംഘങ്ങള്‍, തൊഴിലാളിസംഘങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ 87,000 ത്തിലധികം സഹകരണസംഘങ്ങളിലാണു അന്വേഷണം നടന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍നിന്നു രാഷ്ട്രീയ, സാമ്പത്തികലാഭമുണ്ടാക്കാന്‍ മാത്രമായാണ് ഒട്ടേറെ സഹകരണസംഘങ്ങള്‍ രൂപവത്കരിച്ചിരുന്നതെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ചില സംഘങ്ങള്‍ സര്‍ക്കാര്‍ ടെണ്ടറുകളില്‍ പങ്കെടുത്തിരുന്നെങ്കിലും ഇവയ്‌ക്കൊന്നും കാര്യമായ ഒരു പ്രവൃത്തിയും ഏറ്റെടുത്തു നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News