കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തം: മന്ത്രി വി എന്‍ വാസവന്‍

moonamvazhi
* നിക്ഷേപമോ, വായ്പയോ എടുക്കാതയുളള അംഗത്വമാണെങ്കിലും ഗുരുതരരോഗം       ബാധിച്ചാല്‍ 50000 രൂപവരെ ചികിത്സാ സഹായം.
* വായ്പ എടുക്കുന്നയാള്‍ക്ക് ഇത്തരം ഘട്ടങ്ങളില്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ നല്‍കാം.
* മരണപ്പെടുകയാണെങ്കില്‍ ആശ്രിതര്‍ക്ക് 3 ലക്ഷം വരെ റിസ്‌ക് ഫണ്ട് പരിരക്ഷ.

കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തമാണെന്നും വ്യാജ പ്രചാരണങ്ങള്‍ക്ക് കേരളത്തിലെ സഹകാരികളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഇതിനുള്ള മികച്ച തെളിവാണ് കഴിഞ്ഞ നിക്ഷേപസമാഹരണ യജ്ഞത്തിന്റെ വന്‍വിജയം. ജനുവരി 10 മുതല്‍ ഒരു മാസക്കാലയളവില്‍ നടന്ന സമാഹരണ യജ്ഞത്തില്‍ ഒന്‍പതിനായിരം കോടി ലക്ഷ്യമിട്ടപ്പോള്‍ നേടിയത് ഇരുപത്തിമൂവായിരത്തി ഇരുനൂറ്റി അറുപത്തി രണ്ട് കോടി രൂപ. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള റിസ്‌ക്ഫണ്ട് ധനസഹായ വിതരണ ഉദഘാടനം തൊടുപുഴ മര്‍ച്ചന്റ് ട്രെസ്റ്റ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഉത്പാദന രംഗത്തടക്കം ജനസേവനം ആവശ്യമായി വരുന്ന എല്ലാ മേഖലകളിലും ഇന്ന് സഹകരണ സ്ഥാപനങ്ങള്‍ ചുവടുറപ്പിക്കുകയാണ്. സഹകരണ ബാങ്കില്‍ നിക്ഷേപമോ, വായ്പയോ എടുക്കാതെ അംഗത്വമെടുത്താല്‍ പോലും ഗുരുതരരോഗം ബാധിക്കുകയാണെങ്കില്‍ 50000 രൂപവരെ ചികിത്സാ സഹായം ലഭിക്കും. വായ്പ എടുക്കുന്നയാള്‍ക്ക് ഇത്തരം ഘട്ടങ്ങളില്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ നല്കാന്‍ വ്യവസ്ഥയുണ്ട്. മരണപ്പെടുകയാണെങ്കില്‍ ആശ്രിതര്‍ക്ക് 3 ലക്ഷം വരെ റിസ്‌ക് ഫണ്ട് പരിരക്ഷ ലഭിക്കും. മറ്റൊരു ബാങ്കിങ് മേഖലയിലും ലഭിക്കാത്ത സേവനങ്ങളാണ് കേരളത്തിലെ സഹകരണ മേഖല ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി നബാര്‍ഡിന്റെ സഹകരണത്തോടെ മികച്ച പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ സംരംഭങ്ങള്‍ വഴിയും ജീവനക്കാരുടെ നിയമനങ്ങള്‍ വഴിയും ഒരുലക്ഷത്തി പന്ത്രണ്ടായിരത്തിലധികം തൊഴിലവസരങ്ങളാണ് കുറഞ്ഞ കാലയളവില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് .കോവിഡ് കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങാന്‍ പലിശരഹിത വായ്പ കൊടുത്ത ഏക സാമ്പത്തിക കേന്ദ്രം സഹകരണ സ്ഥാപനങ്ങളാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

വെള്ളപ്പൊക്കകെടുതിയില്‍ 2200 ല്‍ അധികം വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയാണ് ഈ മേഖല കേരളജനതക്കൊപ്പം നിന്നത്. ഈ സാഹചര്യത്തില്‍ ഒറ്റപ്പെട്ട അനഭലഷണീയ പ്രചരണങ്ങള്‍ക്ക് ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ കഴിയില്ല. 56 ഭേദഗതികളോടെ സഹകരണബില്‍ പാസാക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് രക്ഷാകവചമാണ് ഒരുക്കുന്നത്. ഈ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ കൂട്ടായ്മയിലൂടെ സഹകരണമേഖല ഇനിയും മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ പി. ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. വകുപ്പിലെ ഓഡിറ്റ് സംവിധാനം പുനഃക്രമീകരിച്ചതും, ഭരണസമിതികളുടെ കാലയളവ് നിജപ്പെടുത്തിയതും സഹകരണമേഖലയ്ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സോഫ്‌റ്റ്വെയര്‍ സംവിധാനവും ബാങ്കുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള ഇടുക്കിയില്‍ സഹകരണ മേഖലയ്ക്ക് മികച്ച സാധ്യതകളാണ് ഉള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലയെ താറടിക്കാനുള്ള ശ്രമങ്ങളെ കൂട്ടായ്മയിലൂടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ സഹകരണ ബാങ്ക്, സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തിട്ടുളളവര്‍, ആശ്രിതര്‍ എന്നിവര്‍ നല്‍കിയിട്ടുളള അപേക്ഷകളില്‍ അര്‍ഹരായ 311 അപേക്ഷകര്‍ക്ക് 2,14,66,550 രൂപ ചടങ്ങില്‍ വിതരണം ചെയ്തു.

  • തൊടുപുഴ 90,98,218 ബാങ്കുകളുടെ എണ്ണം 27
  • ഇടുക്കി 40,39,089 ബാങ്കുകളുടെ എണ്ണം 11
  • ദേവികുളം 28,94,974 ബാങ്കുകളുടെ എണ്ണം 10
  • പീരുമേട് 16,30,053 ബാങ്കുകളുടെ എണ്ണം 5
  • ഉടുമ്പന്‍ചോല 38,04,216 ബാങ്കുകളുടെ എണ്ണം 16
  • ആകെ തുക 2,14,66,550

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍, സംസ്ഥാന കോര്‍പ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.തിലകന്‍, ബോര്‍ഡ് മെമ്പര്‍ കെ. വി ശശി , സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ വി. വി. മത്തായി, ഒ.ആര്‍. ശശി, വിവിധ സഹകരണ സംഘം ഭരണ സമിതി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.