കയര്‍ മേഖലയില്‍ ക്രിസ്തുമസ് ബോണസ് 29.9ശതമാനം

moonamvazhi

കയര്‍ ഫാക്ടറി തൊഴിലാളികളുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം. ലേബര്‍ കമ്മിഷണര്‍ ഡോ. കെ വാസുകിയുടെ അധ്യക്ഷതയില്‍ ലേബര്‍ കമ്മിഷണറേറ്റില്‍ ചേര്‍ന്ന കയര്‍ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ ശമ്പളഘടനയില്‍ വന്ന അടിസ്ഥാന ശമ്പളത്തിനോടൊപ്പം നിശ്ചിതശതമാനം ക്ഷാമബത്തയുമെന്ന മാറ്റം പീസ് റേറ്റ് വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ക്കും ബാധകമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

കയര്‍ സഹകരണ സംഘങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്. സംസ്ഥാന കയര്‍ കോര്‍പ്പറേഷന്റെ ഉത്പാദനക്ഷമത മാനദണ്ഡം കയര്‍ വ്യവസായത്തിലെ പീസ് റേറ്റ് വിഭാഗത്തില്‍പ്പെടുന്ന മാറ്റ്‌സ്, മാറ്റിംഗ്‌സ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കും ബാധകമാക്കി അതനുസരിച്ചുള്ള കൂലി വര്‍ദ്ധനവ് നടപ്പിലാക്കും. കയര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഷ്‌കരണ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങളില്‍ പരിഷ്‌കരണ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ക്രിസ്തുമസ് ബോണസ് അഡ്വാന്‍സില്‍ 20 ശതമാനം ബോണസും 9.9 ശതമാനം ഇന്‍സെന്റീവുമായാണ് നല്കുക. ബോണസ് അഡ്വാന്‍സ് തുക ഈ മാസം 20ന് മുമ്പായി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍, ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ സിന്ധു
ജില്ലാ ലേബര്‍ ഓഫീസര്‍ എം.എസ്.വേണുഗോപാല്‍, സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.