വനിതാ സി.ഇ.ഒ. ഉച്ചകോടി ജൂലായില്‍ വിയറ്റ്‌നാമില്‍

moonamvazhi
  • സഹകരണരംഗത്ത് വനിതകളുടെ നേതൃശേഷി വര്‍ധിപ്പിക്കാന്‍ ശ്രമം
  • ഭരണസമിതികളിലെ സ്ത്രീപ്രാതിനിധ്യം കൂട്ടുന്ന കാര്യം ഉച്ചകോടി ചര്‍ച്ച ചെയ്യും

ഏഷ്യാ-പസഫിക് മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളിലെ വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ഉച്ചകോടി ജൂലായ് 29 മുതല്‍ 31 വരെ വിയറ്റ്നാമിലെ ഹാനോയില്‍ നടക്കും. അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ഏഷ്യാ-പസഫിക് വിഭാഗം അതിന്റെ സ്ത്രീകള്‍ക്കായുള്ള കമ്മറ്റിയുടെയും വിയറ്റ്നാംസഹകരണസഖ്യത്തിന്റെയും സഹായത്തോടെയാണിതു സംഘടിപ്പിക്കുന്നത്. ‘നേതൃത്വശാക്തീകരണം: വനിതാനേതൃത്വത്തില്‍ സഹകരണത്തിന്റെ ഭാവിപഥം’ എന്നതാണു ചര്‍ച്ചാവിഷയം. സഹകരണപ്രസ്ഥാനങ്ങളിലെ വനിതാസി.ഇ.ഒ.മാര്‍ക്ക് ഒരു അന്താരാഷ്ട്രതല വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പഠിക്കാനും രാജ്യങ്ങളുമായും വ്യവസായങ്ങളുമായും മറ്റു മേഖലകളുമായും പരസ്പരം ബന്ധപ്പെടുന്ന ശൃംഖലകള്‍ക്കായി യത്നിക്കാനുമുള്ള അവസരമായിരിക്കും ഇത്.

മാര്‍ഗനിര്‍ദേശസംവിധാനത്തിന്റെയും നേതൃത്വശേഷിയുടെയും വികാസം, വ്യക്തിവികാസവും തൊഴില്‍-ജീവിത സന്തുലനവും, മാറുന്ന തൊഴില്‍സംസ്‌കാരത്തോടു പൊരുത്തപ്പെടലും അതിജീവനശേഷി കൈവരിക്കലും, പങ്കാളിത്തബോധവും സാമൂഹികഉത്തരവാദിത്വവും വളര്‍ത്തല്‍, സഹകരണസ്ഥാപനങ്ങളില്‍ വനിതകളുടെ ലക്ഷ്യോന്മുഖ നേതൃത്വംതുടങ്ങിവിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.

.

2018 ല്‍ ചൈനയില്‍ ഇത്തരമൊരു മേഖലാശില്‍പ്പശാല നടന്നിരുന്നു. സഹകരണസ്ഥാപനങ്ങളില്‍ വനിതാസി.ഇ.ഒ.മാരെ മുന്‍നിരയിലേക്കു കൊണ്ടുവരല്‍ ആയിരുന്നു വിഷയം. വനിതകളുടെ സി.ഇ.ഒ. പദവിയിലേക്കുള്ള ഉയര്‍ച്ചയിലെ ഗതിവിഗതികളെയും ഉയര്‍ന്ന പദവികളില്‍ സ്ത്രീകള്‍ കുറവായതിനെയും വനിതകളുടെ വെല്ലുവിളികളെയും സാധ്യതകളെയും വിലയിരുത്തലായിരുന്നു ഉദ്ദേശ്യം. അതിന്റെ തുടര്‍ച്ചയാണ് വിയറ്റ്നാമിലെ ഉച്ചകോടി. 2015 ല്‍ ലിംഗസമത്വത്തെക്കുറിച്ചുള്ള ഐ.സി.എ. പഠനത്തില്‍ കണ്ടതു സഹകരണപ്രസ്ഥാനങ്ങളിലെ അംഗങ്ങളിലും ഇടപാടുകാരിലും പകുതിയിലേറെയും സ്ത്രീകളാണെങ്കിലും ഭരണസമിതികളില്‍ സ്ത്രീകള്‍ കുറവാണെന്നാണ്. ഇക്കാര്യം ശില്‍പ്പശാല ചര്‍ച്ച ചെയ്തിരുന്നു.