നാഫെഡ്:ജെതാബായ് ഭര്‍വാദ് ചെയര്‍മാന്‍’ നിയന്ത്രണം ബി.ജെ.പി.യിലേക്ക്

moonamvazhi

പ്രമുഖ സഹകരണസ്ഥാപനമായ ദേശീയ കാര്‍ഷിക സഹകരണവിപണന ഫെഡറേഷന്റെ (നാഫെഡ് ) ചെയര്‍മാനായി ജെതാബായ് ഭര്‍വാദ് തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി നേതാവായ അദ്ദേഹം ഗുജറാത്ത് ഡെപ്യൂട്ടി സ്പീക്കറാണ്. പഞ്ചമഹല്‍ ഡെയറിയുടെയും പി.ഡി.സി. ബാങ്കിന്റെയും ചെയര്‍മാനുമാണ്. കര്‍ണാടകത്തിലെ സിദ്ദപ്പ ഹോട്ടിയും പഞ്ചാബ് മാര്‍ക്‌ഫെഡിലെ തര്‍ലോക്‌സിങ്ങുമാണു വൈസ് ചെയര്‍മാന്‍മാര്‍. ബുധനാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ഇത് ഏകകണ്ഠമായിരുന്നു. പക്ഷേ, ചൊവ്വാഴ്ച 21 അംഗ ഭരണസമിതിയിലെ ആറു സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ വൈസ്‌ചെയര്‍മാനും രാഷ്ട്രീയജനതാദള്‍ നേതാവുമായ സുനില്‍കുമാര്‍ സിങ് പരാജയപ്പെട്ടത് ശ്രദ്ധേയമായിരുന്നു. ആറുസീറ്റിലും ബി.ജെ.പി.പ്രതിനിധികളാണു ജയിച്ചത്. നിലവില്‍ നാഫെഡിനെ നിയന്ത്രിക്കുന്ന ബി.ജെ.പി.ഇതരക്യാമ്പില്‍നിന്നു ബി.ജെ.പി.നിയന്ത്രണത്തിലേക്കു നാഫെഡ് നീങ്ങുന്നതിന്റെ സൂചനയാണു തിരഞ്ഞെടുപ്പെന്നു വിലയിരുത്തപ്പെടുന്നു. ദേശീയസഹകരണയൂണിയന്‍ ഓഫ് ഇന്ത്യ ആസ്ഥാനത്തായിരുന്നു തിരഞ്ഞെടുപ്പ്.

21അംഗസമിതിയില്‍ 15 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിലെ ചെയര്‍മാന്‍ ബിജേന്ദര്‍ സിങ്, ഡോ. ചന്ദ്രപാല്‍സിങ് യാദവ്, മോഹന്‍ കുണ്ടരിയ, സര്‍ക്കാര്‍നോമിനിയായ അശോക് താക്കൂര്‍, ആന്ധ്രപ്രദേശ് സഹകരണവിപണനഫെഡറേഷന്‍ പ്രതിനിധി ശേഖര്‍ ഗെദ്ദാം, ഛത്തിസ്ഗഢ് ഫെഡറേഷന്‍ പ്രതിനിധി ദീപക് സോണി, ഗുജറാത്ത് ഫെഡറേഷന്‍ പ്രതിനിധി ജെതാബായ് ഭര്‍വാദ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എതിരില്ലാതെ ജയിച്ചവരില്‍ ഏറെയും ബി.ജെ.പിയോട് ഒപ്പമാണ്.

ബി.ജെ.പിഇതരരായ ബിജേന്ദര്‍സിങ്-ചന്ദ്രപാല്‍യാദവ് ക്യാമ്പിനു സ്വാധീനം നഷ്ടപ്പെടുന്നു എന്നാണു തിരഞ്ഞെടുപ്പു വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാവാണു ബിജേന്ദര്‍സിങ്. സമാജ്‌വാദിപാര്‍ട്ടിനേതാവും അന്താരാഷ്ട്ര സഹകരണസഖ്യം ഏഷ്യാ-പസഫിക് മേഖലാ പ്രസിഡന്റുമാണു ചന്ദ്രപാല്‍സിങ് യാദവ്. തോറ്റ നിലവിലെ വൈസ് ചെയര്‍മാന്‍ സുനില്‍സിങ് ആര്‍.ജെ.ഡി.യുടെ എം.എല്‍.സി.യാണ്. എന്‍.സി.സിഎഫ് ചെയര്‍മാന്‍ വിശാല്‍സിങ്ങാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്. സുനിലിനു 192 വോട്ടും വിശാലിന് 263 വോട്ടും കിട്ടി. രാജസ്ഥാന്‍ ഉള്‍പ്പെടുന്ന വടക്കന്‍മേഖലയില്‍നിന്നു ബി.ജെ.പി.യുടെ രാംപ്രകാശ് ചൗധരി രണ്ടു വോട്ടിനാണ് ജയിച്ചത്. അദ്ദേഹത്തിന് 204 വോട്ട് കിട്ടി. ഇഫ്‌കോ മുന്‍ഡയറക്ടര്‍കൂടിയായ എതിരാളി മംഗിലാല്‍ ഡങ്കയ്ക്ക് 202 വോട്ടും. കോണ്‍ഗ്രസ് നേതാവും മുന്‍എം.എല്‍.എ.യുമാണു ഡങ്ക. വടക്കന്‍മേഖലയിലെ രണ്ടാംസീറ്റില്‍ രമേഷ്‌കുമാര്‍ കോണ്‍ഗ്രസ് നേതാവും നിലവിലുള്ള ഡയറക്ടറുമായ ജഗ്ജിത്‌സിങ് സാങ്‌വാനെ തോല്‍പിച്ചു. രമേഷ്‌കുമാറിന് 250 വോട്ടും സാങ്‌വാന്് 212 വോട്ടും ലഭിച്ചു. മധ്യമേഖലയില്‍ മധ്യപ്രദേശില്‍നിന്നുള്ള രഘുവീര്‍സിങ് രഘുവന്‍ശി ജയിച്ചു. അദ്ദേഹത്തിന് 251 വോട്ടു കിട്ടി. എതിരാളി അജയ് റായ്ക്ക് 216 വോട്ടും. തെക്കന്‍മേഖലയില്‍ കര്‍ണാടകത്തിലെ സിദ്ധപ്പ ഹോട്ടി, സഞ്ജയ് പാട്ടീലിനെ തോല്‍പിച്ചു.

Leave a Reply

Your email address will not be published.