മുന്‍വര്‍ഷത്തേക്കാള്‍ റിസർവ് ബാങ്കിന്റെ ലാഭവീതത്തില്‍ 141 ശതമാനം വര്‍ധന

Moonamvazhi
  • കേന്ദ്രത്തിന്റെ ധനക്കമ്മി നേരിടാന്‍ വലിയ സഹായമാകും
  • കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ കിട്ടും

കേന്ദ്രസര്‍ക്കാരിനു റിസര്‍വ്ബാങ്ക് 2023-24 സാമ്പത്തികവര്‍ഷം 2.11 ലക്ഷം കോടി രൂപ ലാഭവിഹിതം നല്‍കും. മുന്‍വര്‍ഷത്തെക്കാള്‍ 141 ശതമാനമാണു വര്‍ധന. റെക്കോഡാണിത്. ബുധനാഴ്ച മുംബൈയില്‍ ആര്‍.ബി.ഐ.ഗവര്‍ണര്‍ ശക്തികാന്തദാസിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ബാങ്കിന്റെ കേന്ദ്രഡയറക്ടര്‍ബോര്‍ഡിന്റെ 608-ാം യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.

2018-19 സാമ്പത്തികവര്‍ഷംമുതല്‍ 2021-22 സാമ്പത്തികവര്‍ഷംവരെ സ്ഥൂലസാമ്പത്തികസാഹചര്യങ്ങളും കോവിഡ്മഹാമാരിയുംമൂലം സി.ആര്‍.ബി. (അപ്രതീക്ഷിത അപകടസാധ്യതാ മുന്‍കരുതല്‍തുക – കണ്ടിജന്റ് റിസ്‌ക് ബഫര്‍) ബാലന്‍സ്ഷീറ്റിന്റെ 5.50 ശതമാനമായി നിലനിര്‍ത്താന്‍ ബാങ്ക് തീരുമാനിച്ചിരുന്നുവെന്നു റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മൊത്തത്തിലുള്ള സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും പിന്‍ബലമേകാനായിരുന്നു ഇത്. 2022-23 ല്‍ സാമ്പത്തികവളര്‍ച്ചയിലുണ്ടായ പുനരുജ്ജീവനം മൂലം സി.ആര്‍.ബി. ആറു ശതമാനമായി വര്‍ധിപ്പിച്ചു. സാമ്പത്തികരംഗം ശക്തവും ആരോഗ്യകരവുമായി തുടരുന്നതിനാല്‍ 2023-24 ല്‍ സി.ആര്‍.ബി. 6.50 ശതമാനമായി വര്‍ധിപ്പിച്ചു. ഈ സി.ആര്‍.ബി. കഴിച്ചുള്ള 2,10,874 കോടി രൂപയാണ് 2023-24ല്‍ കേന്ദ്രസര്‍ക്കാരിനു കൈമാറാന്‍ തീരുമാനിച്ചതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. സി.ആര്‍.ബി. 6.5-5.5 ശതമാനമായി നിലനിര്‍ത്തണമെന്നു ബാങ്കിന്റെ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

റെക്കോഡ് ലാഭവിഹിതം 2024-25 സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി നേരിടാന്‍ വലിയ സഹായമാകും. ബോണ്ടുകളില്‍നിന്നുള്ള വരുമാനത്തിലും ഇതിന്റെ പ്രതിഫലനം ഉടനുണ്ടായി. 2022-23 ല്‍ 87,416 കോടി രൂപയാണു കേന്ദ്രസര്‍ക്കാരിനുള്ള ലാഭവിഹിതമായി പ്രഖ്യാപിച്ചിരുന്നത്. അതിന്റെ 141 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബജറ്റിലും വിശകലനങ്ങളിലും കണക്കാക്കിയിരുന്ന ഒരു ട്രില്യണ്‍ രൂപയെക്കാള്‍ ഇരട്ടിയിലധികമാണിത്. 2024-25 സാമ്പത്തികവര്‍ഷത്തേക്കുള്ള ഇടക്കാലബജറ്റില്‍ ആര്‍.ബി.ഐ.യിലും പൊതുമേഖലാബാങ്കുകളിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലും നിന്നായി 1.02 ട്രില്യണ്‍ രൂപ ലാഭവിഹിതം കിട്ടുമെന്നാണു സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.