അര്‍ബന്‍ ബാങ്കുകളെ ത്രിശങ്കുവിലാക്കരുത്

എഡിറ്റര്‍

സഹകരണപ്രസ്ഥാനത്തിന്റെ നഗരമുഖമാണ് അര്‍ബന്‍ ബാങ്കുകള്‍. വാണിജ്യ ബാങ്കുകളോട് മത്സരിക്കാന്‍പാകത്തില്‍ രൂപപ്പെട്ട ജനകീയ സ്ഥാപനം എന്ന നിലയിലാണ് അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള പ്രസക്തി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതും വാണിജ്യ ബാങ്കുകള്‍ ചെയ്യുന്ന എല്ലാ ബാങ്കിങ്പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്നതുമായ സഹകരണസ്ഥാപനമാണത്. കേരളത്തില്‍ 60 അര്‍ബന്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കാലത്തിനൊത്ത് ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി വളരാന്‍ കഴിയാത്തതു പല ബാങ്കുകളെയും അലട്ടുന്നുണ്ട്. എങ്കിലും, അവയുടെ ജനകീയമനോഭാവം മറ്റെല്ലാ പോരായ്മയേയും മറികടക്കുന്നതാണ്. ഇത്തരം വസ്തുതകള്‍ക്കിടയിലും ബാങ്കിങ്‌രംഗത്ത്, പ്രത്യേകിച്ച് സഹകരണബാങ്കിങ് മേഖലയില്‍, വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അര്‍ബന്‍ ബാങ്കുകളെ എങ്ങനെ ബാധിക്കുമെന്നതു പരിശോധിക്കപ്പെടേണ്ടതാണ്. ഒട്ടേറെ പരിഷ്‌കാരങ്ങളാണു കുറഞ്ഞ കാലത്തിനുള്ളില്‍ അര്‍ബന്‍ ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് നടപ്പാക്കിയിട്ടുള്ളത്. ഭരണസമിതിയംഗങ്ങള്‍ക്കു യോഗ്യത നിശ്ചയിച്ചു, സി.ഇ.ഒ. നിയമനത്തിനു വ്യവസ്ഥ കൊണ്ടുവന്നു, ഭരണസമിതികളുടെ തീരുമാനത്തിനുപോലും പരിധിവെച്ചു. ഇങ്ങനെയെല്ലാം നീളുന്നു ആ പട്ടിക. സഹകരണസ്ഥാപനമെന്ന നിലയില്‍ സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ അധികാരം പരിമിതപ്പെടുത്തുകയും റിസര്‍വ് ബാങ്കിനുള്ള അധികാരം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തില്‍ ചെയ്ത നടപടികളുടെ ആകത്തുക. ഇത്തരം പരിഷ്‌കാരങ്ങളെ സ്വീകരിക്കാനും തിരസ്‌കരിക്കാനും കഴിയാത്ത അവസ്ഥ പല ഘട്ടത്തിലും കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ നേരിടുന്നുണ്ട്. ഇപ്പോള്‍ അതിന്റെ പരമമായ ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നു കാണാന്‍ കഴിയും.

അര്‍ബന്‍ ബാങ്കുകളെ ദേശീയതലത്തില്‍ ഒരു ശൃംഖലയുടെ ഭാഗമാക്കാനുള്ള നടപടിയാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനായി അര്‍ബന്‍ ബാങ്കുകള്‍ക്ക് ഒരു അംബ്രല്ല ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ചു. നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നപേരില്‍ കമ്പനിനിയമമനുസരിച്ചാണ് ഇതു തുടങ്ങിയിട്ടുള്ളത്. ഇതില്‍ രാജ്യത്തെ എല്ലാ അര്‍ബന്‍ ബാങ്കുകളും അംഗങ്ങളാകണമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്ക് നിയോഗിച്ച എന്‍.എസ്. വിശ്വനാഥന്‍ കമ്മറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് ഇതു രൂപംകൊണ്ടത് എന്നതിനാല്‍ ആര്‍.ബി.ഐ.യുടെ നടപടിയും ഇതിനെ ചേര്‍ത്തുവെച്ചാകുമെന്ന് ഉറപ്പാണ്. കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ അംബ്രല്ല ഓര്‍ഗനൈസേഷന്റെ ഭാഗമായിട്ടില്ല. സഹകരണമേഖലയെ കേന്ദ്രനിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നതാണു മാറിനില്‍ക്കുന്നതിന് ഒറ്റവാചകത്തിലുള്ള ഉത്തരം. ഇതിന്റെ ശരിതെറ്റുകള്‍ എന്തുമാവട്ടെ, ഇതിന്റെ ഭാഗമായില്ലെങ്കില്‍ അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള നഷ്ടവും കോട്ടവും, ഭാഗമായാല്‍ ലഭിക്കുന്ന നേട്ടവും പരിശോധിക്കപ്പെടേണ്ടതുണ്ട്. വിദേശത്തുനിന്നടക്കമുള്ള പണമിടപാടുകള്‍ കൈകാര്യം ചെയ്യുക, ഐ.ടി. സേവനത്തിനു കുറഞ്ഞ ചെലവില്‍ സാങ്കേതികസഹായം ഉറപ്പാക്കുക, ബാങ്കിന്റെ അധികപണം ലാഭകരമായ ട്രേഡിങ്ങിന് ഉപയോഗപ്പെടുത്തി ബാങ്കുകളെ സഹായിക്കുക, റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നവിധത്തില്‍ റെഗുലേറ്റിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുക എന്നിവയെല്ലാമാണ് അംബ്രല്ല ഓര്‍ഗനൈസേഷന്റെ ലക്ഷ്യമായി പറയുന്നത്. ഇതെല്ലാം കേരളത്തിലെ ബാങ്കുകള്‍ക്കു സഹായകരമാണ്. എന്നാല്‍, റഗുലേറ്റിങ് ഏജന്‍സിയായി കേന്ദ്രനിയന്ത്രണം എളുപ്പത്തില്‍ നടപ്പാക്കുമെന്ന കേരളത്തിലെ സഹകാരികളുടെ ആശങ്കയ്ക്ക് അടിസ്ഥാനവുമുണ്ട്. ഇക്കാരണത്താല്‍ ഇതില്‍നിന്നു പി•ാറിയാലുണ്ടാകുന്ന ദോഷം ഏറെയാണ്. അംഗമാകാത്ത അര്‍ബന്‍ ബാങ്കുകള്‍ക്കു പ്രത്യേക വ്യവസ്ഥകളാണ് ആര്‍.ബി.ഐ. നിശ്ചയിച്ചിട്ടുള്ളത്. സി.ആര്‍.എ.ആര്‍. ( മൂലധന പര്യാപ്തത ) മറ്റു ബാങ്കുകളേക്കാള്‍ രണ്ടര ശതമാനത്തോളം അധികം ഉണ്ടാകണം എന്നതടക്കമുള്ള വ്യവസ്ഥകളാണത്. കേരളത്തിലെ ബാങ്കുകളുടെ സ്ഥിതിവെച്ച് ഇത്തരം നിബന്ധനകള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുമാണ്. ഇതു നേടാനായില്ലെങ്കില്‍ ആര്‍.ബി.ഐ.യുടെ നടപടി നേരിടേണ്ടിവരും. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്ക് എന്ന നിലയില്‍ അത് അര്‍ബന്‍ ബാങ്കുകളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. അതിനാല്‍, സഹകാരികള്‍ കാര്യങ്ങള്‍ പഠിച്ച്, വിവേകപൂര്‍വമായ തീരുമാനമാണു കൈക്കൊള്ളേണ്ടത്. വൈകാരികതീരുമാനങ്ങള്‍ അര്‍ബന്‍ ബാങ്കുകളെ ത്രിശങ്കുവിലാക്കും. അതുണ്ടാകരുത്.