എല്ലാ ജില്ലയിലും ജില്ലാബാങ്കും ക്ഷീരയൂണിയനും ലക്ഷ്യം; ദേശീയ സഹകരണനയം ഉടനെ പ്രഖ്യാപിക്കും

moonamvazhi
  • രണ്ടു ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചു കൊല്ലത്തിനകം പാക്‌സ്
  •  രാജ്യത്തെ കാര്‍ഷികവായ്പയുടെ 20 ശതമാനവും നല്‍കുന്നത് സഹകരണമേഖല

രാജ്യത്തെ ഓരോ ജില്ലയിലും ഒരു ജില്ലാസഹകരണബാങ്കും ഒരു ക്ഷീരോത്പാദകയൂണിയനും സ്ഥാപിക്കുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്ഷാ പറഞ്ഞു. സഹകരണസ്ഥാപനങ്ങളില്ലാത്ത രണ്ടു ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചു കൊല്ലത്തിനകം വിവിധോദ്ദേശ്യ പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ (പാക്‌സ്) സ്ഥാപിക്കും.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ അന്താരാഷ്ട്ര സഹകരണദിനപ്രഭാഷണത്തിലാണ് ഷാ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നാനോ യൂറിയക്കും നാനോ ഡി.എ.പി.ക്കും 50 ശതമാനം സബ്‌സിഡി അനുവദിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം. ദേശീയസഹകരണനയം ഉടന്‍ വരും. 1100 പുതിയ കര്‍ഷക-ഉത്പാദക സംഘടനകള്‍ (എഫ്.പി.ഒ.) കള്‍ രൂപവത്കരിച്ചു. ഒരു ലക്ഷം പാക്‌സുകള്‍ പുതിയ നിയമാവലി അംഗീകരിച്ചു. 2000 കോടി രൂപയുടെ ബോണ്ടുകള്‍വഴി ദേശീയ സഹകരണ വികസന കോര്‍പറേഷനു സഹകരണസ്ഥാപനങ്ങള്‍ക്കായി കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. പാക്‌സുകളെ ജില്ലാ-സംസ്ഥാനസഹകരണബാങ്കുകളില്‍ അക്കൗണ്ടു തുറക്കാന്‍ ദേശീയ കാര്‍ഷികഗ്രാമവികസനബാങ്കും (നബാര്‍ഡ്) സംസ്ഥാന സഹകരണബാങ്കുകളും സഹായിക്കണം. രാജ്യത്തു കാര്‍ഷികവായ്പയുടെ 20 ശതമാനവും സഹകരണമേഖലയുടെ സംഭാവനയാണ്. വളംഉത്പാദനത്തിന്റെയും വിതരണത്തിന്റെയും 35 ശതമാനവും സഹകരണമേഖലയിലാണ്. പഞ്ചസാരഉത്പാദനത്തിന്റെ 31 ശതമാനവും ഗോതമ്പുവിപണിയുടെ 13 ശതമാനവും അരിവിപണിയുടെ 20 ശതമാനവും സഹകരണമേഖലയിലാണ്- അമിത് ഷാ പറഞ്ഞു. പഞ്ചമഹല്‍ ജില്ലയിലെ മഹുലിയ ഗ്രാമത്തില്‍ നടപ്പാക്കുന്ന സഹകരണവികസനപദ്ധതി അദ്ദേഹം സന്ദര്‍ശിച്ചു. ബനസ്‌കന്തയിലെ ചാങ്ദ ഗ്രാമത്തില്‍ ക്ഷീരകര്‍ഷകരായ സ്ത്രീകള്‍ക്കു പലിശരഹിത റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍,കേന്ദ്ര സഹകരണസഹമന്ത്രി മുരളീധര്‍ മോഹോല്‍, ഗുജറാത്ത് സഹകരണമന്ത്രി ജഗ്ദീഷ് വിശ്വകര്‍മ, ഇഫ്‌കോ ചെയര്‍മാന്‍ ദിലീപ് സിംഘാനി, അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാപസഫിക് വിഭാഗം ചെയര്‍മാന്‍ ചന്ദ്രപാല്‍സിങ് തുടങ്ങിയവരും സംസാരിച്ചു.