നടപടിയെടുത്തത് ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സഹകരണബാങ്കുകള്‍ക്കെതിരെ

moonamvazhi

റിസര്‍വ് ബാങ്ക് ഒരു സഹകരണബാങ്കിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും മറ്റൊന്നിനു പിഴ ചുമത്തുകയും ചെയ്തു. വേറൊരു മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം പൂട്ടാന്‍ കേന്ദ്ര സഹകരണരജിസ്ട്രാര്‍ നടപടി തുടങ്ങി.

ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ ഉറവകൊണ്ട സഹകരണ ടൗണ്‍ബാങ്ക്, മഹാരാഷ്ട്ര സത്താറയിലെ യശ്വന്ത് സഹകരണബാങ്ക്, രാജസ്ഥാനിലെ ഭരത്പൂരിലുള്ള മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘമായ ഗോള്‍ഡന്‍ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയ്‌ക്കെതിരെയാണു നടപടി. ഉറവകൊണ്ട ബാങ്കിന്റെ ലൈസന്‍സാണു റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. ബാങ്ക് അടച്ചുപൂട്ടി ലിക്വിഡേറ്ററെ നിയമിക്കാന്‍ സംസ്ഥാന സഹകരണകമ്മീഷണറോടും രജിസ്ട്രാറോടും അഭ്യര്‍ഥിക്കുകയും ചെയ്തു. മതിയായ മൂലധനാര്‍ജനസാധ്യതകളില്ല, നിക്ഷേപകര്‍ക്കു നിക്ഷേപം പൂര്‍ണമായി മടക്കിക്കൊടുക്കാനുള്ള സാമ്പത്തികസ്ഥിതിയില്ല, ബാങ്ക് തുടരുന്നതു നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും താത്പര്യത്തിനു വിരുദ്ധമാണ് തുടങ്ങിയവയാണു കാരണങ്ങള്‍. ഓരോ നിക്ഷേപകനും അഞ്ചു ലക്ഷംരൂപ വരെ നിക്ഷേപ ഇന്‍ഷുറന്‍സ്‌വായ്പ ഗ്യാരന്റി കോര്‍പറേഷനില്‍നിന്നു കിട്ടും. ബാങ്ക് സമര്‍പ്പിച്ചരേഖകള്‍ പ്രകാരം 99.95 ശതമാനം നിക്ഷേപകരും ഇതുപ്രകാരം ഡി.ഐ.സി.ജി.സി.യില്‍നിന്നു മുഴുവന്‍ നിക്ഷേപവും തിരിച്ചുകിട്ടാന്‍ അര്‍ഹരാണ്.

യശ്വന്ത് ബാങ്കിന് അഞ്ചു ലക്ഷംരൂപയാണു പിഴ ചുമത്തിയത്. നിഷ്‌ക്രിയആസ്തിയില്‍പ്പെടുത്തേണ്ട ചില അക്കൗണ്ടുകള്‍ അതില്‍ പെടുത്തിയില്ല, നോമിനല്‍ അംഗങ്ങള്‍ക്കും മറ്റും പരിധിയിലേറെ സുരക്ഷിതമല്ലാത്ത വായ്പകള്‍ അനുവദിച്ചു, 10 വര്‍ഷത്തിലധികമായി അവകാശികളാരുംവരാതെ കിടന്ന തുകകള്‍ നിക്ഷേപക വിദ്യാഭ്യാസബോധവത്കരണനിധിയിലേക്കു കൈമാറിയില്ല, മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്ക് അറിയിപ്പു നല്‍കാതെ പിഴ ചുമത്തി എന്നിവയാണു കുറ്റങ്ങള്‍.

ഗോള്‍ഡന്‍ ക്രെഡിറ്റ് സഹകരണസംഘം അടച്ചുപൂട്ടുന്നതിന്റെ തുടക്കമായി ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിരിക്കുകയാണു കേന്ദ്ര സഹകരണരജിസ്ട്രാര്‍. സംഘം പ്രവര്‍ത്തിക്കുന്നില്ലെന്ന സംസ്ഥാന സഹകരണരജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. വരവുചെലവുകണക്കുകള്‍ കേന്ദ്രരജിസ്ട്രാര്‍ക്കു സമര്‍പ്പിക്കാറുമുണ്ടായിരുന്നില്ല. കാരണംകാണിക്കല്‍ നോട്ടീസിനും ഓര്‍മപ്പെടുത്തലിനും മറുപടിയുമുണ്ടായില്ല. അതിനാലാണ് അടച്ചുപൂട്ടുന്നത്.