ആര്‍.ബി.ഐ. നയം വ്യക്തമാക്കുന്നു; ദുര്‍ബലബാങ്കുകള്‍ ലയിക്കണമെന്നത് ആര്‍.ബി.ഐ.    നയമല്ല

moonamvazhi
  • അര്‍ബന്‍ ബാങ്കുകള്‍ സ്വയംതിരുത്തി മുന്നേറണം

അര്‍ബന്‍ സഹകരണബാങ്കുകളെ ലയിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി. ദുര്‍ബലമായ അര്‍ബന്‍ സഹകരണബാങ്കുകളെ മറ്റു ബാങ്കുകളില്‍ ലയിക്കാനോ ബാങ്കിതര ധനകാര്യസ്ഥാപനമായി മാറാനോ പ്രോത്സാഹിപ്പിക്കണമെന്ന് ആര്‍.ബി.ഐ.യുടെ ഒരു വിദഗ്ധസമിതി 2021ല്‍ ശുപാര്‍ശ ചെയ്തിരുന്നു. അല്ലാത്തപക്ഷം, കര്‍ശനനടപടി എടുക്കണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍, ആര്‍.ബി.ഐ. അര്‍ബന്‍ സഹകരണബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനൊന്നും പോകുന്നില്ലെന്നാണു കേന്ദ്രബോര്‍ഡ് അംഗവും സഹകാര്‍ ഭാരതി സ്ഥാപകനുമായ സതീഷ് മറാത്തെ പറയുന്നത്. അര്‍ബന്‍ ബാങ്കുകളോട് ലയിക്കാന്‍ ആവശ്യപ്പെടുകയുമില്ല. അത് ആര്‍.ബി.ഐ.യുടെ നയമല്ല – മഹാരാഷ്ട്രസാമ്പത്തികവികസനസമിതിയോഗത്തില്‍ സംസാരിക്കവേ മറാത്തെ അറിയിച്ചു. അതേസമയം, അര്‍ബന്‍ സഹകരണബാങ്കുകള്‍ സ്വയം തിരുത്തി മുന്നേറാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി സുശക്തവും നന്നായി മാനേജ് ചെയ്യപ്പെടുന്നതുമായ ബാങ്കുകളായി മാറാന്‍ അവ ശ്രമിക്കണം.

അര്‍ബന്‍ സഹകരണബാങ്കുകള്‍ പൂര്‍ണമായും മുഖ്യധാരാബാങ്കിങ് സംവിധാനവുമായും സാമ്പത്തികസംവിധാനവുമായും ഏകീഭവിച്ചുകഴിഞ്ഞു. സാമ്പത്തികഘടനയുടെ ഏതെങ്കിലുമൊരു ഭാഗം ദുര്‍ബലമാകാനോ തടസ്സങ്ങള്‍ നേരിടാനോ ഒരു സര്‍ക്കാരും റെഗുലേറ്ററി സംവിധാനവും ഒരിക്കലും ആഗ്രഹിക്കില്ല. അതുകൊണ്ടു നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു അര്‍ബന്‍ സഹകരണബാങ്ക് മേഖല പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത എക്കാലത്തെക്കാളും വര്‍ധിച്ചിരിക്കുകയാണ്. ദരിദ്രരുടെയും ഇടത്തരക്കാരുടെയും ചെറുകച്ചവടക്കാരുടെയും സ്വയംതൊഴില്‍കണ്ടെത്തിയവരുടെയും സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്ത ചരിത്രമാണ് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുള്ളത്. പക്ഷേ, വലിപ്പമേറുകയും കൂടുതല്‍ പ്രശസ്തി ലഭിക്കുകയും നിഷ്‌ക്രിയആസ്തിയും നഷ്ടവും കൂടുകയും ചെയ്തതോടെ അവ കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ട് – മറാത്തെ പറഞ്ഞു.

അര്‍ബന്‍ സഹകരണബാങ്കുകള്‍ മികച്ച ഭരണരീതികള്‍ സ്വീകരിക്കുകയും സുതാര്യമാവുകയും പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട പ്രചാരം നല്‍കുകയും വേണം. ആഭ്യന്തര ഓഡിറ്റ് സംവിധാനം ശക്തമാക്കി എല്ലാ രംഗത്തെയും നിരീക്ഷണം ഊര്‍ജിതമാക്കണം. അര്‍ബന്‍ സഹകരണബാങ്കുകളുടെ ഭരണസമിതിയില്‍ ഉടമസ്ഥതയും മാനേജ്‌മെന്റും തമ്മിലുള്ള വിഭജനം സര്‍വാത്മനാ നടപ്പാക്കണം. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ബോര്‍ഡും സി.ഇ.ഒ.യുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റും ഓഹരിയുടമകളുടെ നന്‍മ ലാക്കാക്കി സൗഹാര്‍ദത്തോടെ പെരുമാറുന്ന ഘടന രൂപപ്പെടുത്തണം. ചട്ടങ്ങളും നിബന്ധനങ്ങളും എല്ലാതലത്തിലും പാലിക്കുന്ന സംസ്‌കാരം ഉണ്ടാകണം. ഏതുസമയത്തും ശക്തമായ മൂലധനമുണ്ടാവണം. തുടര്‍ച്ചയായ ഇടവേളകളില്‍ മൂലധനം വര്‍ധിപ്പിക്കുകയും വേണം. ബാങ്കുകള്‍ക്കു വേണ്ടത്ര റിസ്‌ക്മൂലധനം ഇല്ലാത്തതുകൊണ്ട് ഇതു വളരെ പ്രധാനമാണ്. സാങ്കേതികവിദ്യ നവീകരിക്കുകയും ശക്തമായ സൈബര്‍ സുരക്ഷാനയം തയ്യാരാക്കുകയും അതിനായി വേണ്ടത്ര പണം നീക്കിവയ്ക്കുകയും വേണം. സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കണം. സാങ്കേതികവിദ്യാരംഗം കൂടുതല്‍ മത്സരക്ഷമമാവുകയാണ്. സാങ്കേതികവിദ്യാപ്രാപ്യത വളരെ പ്രധാനമാണ്. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗ്യരും പരിചയസമ്പന്നരുമായ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ കഴിയണം. പ്രതിഭാസമ്പന്നമായ മനുഷ്യവിഭവശേഷിയെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും അര്‍ബന്‍ സഹകരണബാങ്കുമേഖലക്കു കഴിയുന്നില്ല- അദ്ദേഹം പറഞ്ഞു.