മൂലധനപര്യാപ്തത കൈവരിക്കാന്‍ സമയം; 2025 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും

moonamvazhi
  • സി.ആര്‍.എ.ആര്‍.12 ശതമാനമെങ്കിലും വേണം

അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പുതിയ തിരുത്തല്‍ ചട്ടക്കൂട് (പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ -പി.സി.എ) പ്രഖ്യാപിച്ചു. മാനദണ്ഡങ്ങളും പരിധികളും മറ്റും ലംഘിക്കപ്പെടുമ്പോള്‍ മേല്‍നോട്ടച്ചുമതലയുള്ള സ്ഥാപനം എന്ന നിലയില്‍ ആര്‍.ബി.ഐ.ക്കു യഥാസമയം ഇടപെടാനാണിത്. 2025 ഏപ്രില്‍ ഒന്നിന് ഇതു പ്രാബല്യത്തില്‍ വരും. ഓരോ കേസിലെയും റിസ്‌കുകള്‍ പരിശോധിച്ച് സ്ഥാപനകേന്ദ്രിതമായ മേല്‍നോട്ട-നിയന്ത്രണ നടപടികള്‍ രൂപപ്പെടുത്താനുതകുന്നതാണു പുതിയ പി.സി.എ.

മൂലധനം, ആസ്തിഗുണമേന്‍മ, ലാഭക്ഷമത എന്നിവയാണു പി.സി.എ. പ്രകാരം മുഖ്യമായി നിരീക്ഷിക്കുക. മൂലധന-റിസ്‌ക്ആസ്തി അനുപാതം (സി.ആര്‍.എ.ആര്‍), അറ്റ നിഷ്‌ക്രിയസ്വത്ത് എന്നിവയുടെ അടിസ്ഥാനത്തിലാവും നിരീക്ഷണം. ഇതുപ്രകാരം നിശ്ചയിച്ചിട്ടുള്ള റിസ്‌ക് പരിധികള്‍ കവിഞ്ഞാല്‍ നടപടിയുണ്ടാകും. സി.ആര്‍.എ.ആര്‍. 12 ശതമാനമെങ്കിലും ഉണ്ടായിരിക്കണം. ടയര്‍ 2,3,4 അര്‍ബന്‍ ബാങ്കുകള്‍ക്ക് ഇതു കൈവരിക്കാന്‍ 2026 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

വാര്‍ഷികസാമ്പത്തികഫലങ്ങളുടെയും റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ട-വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണു പി.സി.എ. ഏര്‍പ്പെടുത്തണോ എന്നു നിശ്ചയിക്കുക. അടിയന്തരസാഹചര്യങ്ങളിലും പി.സി.എ. ഏര്‍പ്പെടുത്താം. പി.സി.എ.നിയന്ത്രണനടപടിക്കു വിധേയമായ അര്‍ബന്‍ ബാങ്കുകള്‍ തുടര്‍ച്ചയായി നാലു ത്രൈമാസ സാമ്പത്തികഫലങ്ങളില്‍ റിസ്‌ക് പരിധികള്‍ ലംഘിക്കപ്പെടാതെ സൂക്ഷിക്കുകയും പുരോഗതിയില്‍ റിസര്‍വ് ബാങ്ക് തൃപ്തമാവുകയും ചെയ്താല്‍ നടപടി പിന്‍വലിക്കും. മൂലധനം സമാഹരിക്കാന്‍ നിര്‍ദേശിക്കുക, ലാഭവീതവും സംഭാവനകളും നിയന്ത്രിക്കുക, സാങ്കേതികവിദ്യാനവീകരണം ഒഴികെയുള്ള കാര്യങ്ങളില്‍ ചെലവു ചുരുക്കുക, ശാഖാവികസനം നിയന്ത്രിക്കുക, നിക്ഷേപം സ്വീകരിക്കുന്നതു തടയുക തുടങ്ങിയവയാണു പരിധിലംഘനങ്ങളുടെ തോതനുസരിച്ച് ഏര്‍പ്പെടുത്തുന്ന നടപടികള്‍.

ലയനവും പുന:സംഘടനയും നിര്‍ദേശിക്കുന്നതടക്കം മേല്‍നോട്ടപരമായ നാലു പ്രത്യേകനടപടികള്‍ എടുക്കാനുള്ള വിവേചനാധികാരവും റിസര്‍വ് ബാങ്കിനുണ്ടായിരിക്കും. തന്ത്രപരമായ ഒമ്പതും ഭരണപരമായ അഞ്ചും മൂലധനപരമായ ഏഴും വായ്പാ-റിസ്‌ക് പരമായ പന്ത്രണ്ടും പണക്ഷമതാപരമായ നാലും മനുഷ്യവിഭവശേഷിപരമായ രണ്ടും ലാഭക്ഷമതാപരമായ രണ്ടും പ്രവര്‍ത്തനപരമായ പതിമൂന്നും നടപടികള്‍ റിസര്‍വ് ബാങ്കിനു വിവേചനപൂര്‍വം കൈക്കൊള്ളാവുന്നവയുടെ പട്ടികയിലുണ്ട്. ഇവയില്‍പെടാത്ത നടപടികളും ആവശ്യമെങ്കില്‍ എടുക്കാം.

സമഗ്രനിയന്ത്രണ നിര്‍ദേശങ്ങള്‍ക്കു (ആള്‍ ഇന്‍ക്ലൂസീവ് ഡിറക്ഷന്‍സ് – എ.ഐ.ഡി) കീഴിലായ അര്‍ബന്‍ ബാങ്കുകള്‍ എ.ഐ.ഡി. പ്രകാരം നീരീക്ഷിക്കപ്പെടുന്നതു തുടരും. എ.ഐ.ഡി.യില്‍നിന്നു മുക്തമാവുന്ന മുറയ്ക്ക് പി.സി.എ. മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ സമയം അനുവദിക്കും. മേല്‍നോട്ടപരമായ ഇടപെടല്‍ യഥാസമയം നടത്തുകയും ബാങ്കുകള്‍ പരിഹാരനടപടികള്‍ പെട്ടെന്നും സമയബന്ധിതമായും നടപ്പാക്കുകയും ചെയ്യലാണു പുതിയ പി.സി.എ.യുടെ ലക്ഷ്യം. ദുര്‍ബല ബാങ്കുകള്‍ക്കും സാമ്പത്തികബുദ്ധിമുട്ടുള്ള ബാങ്കുകള്‍ക്കുമായി മേല്‍നോട്ടനടപടി ചട്ടക്കൂട് (സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്ക്) നേരത്തെ ആര്‍.ബി.ഐ. ഇറക്കിയിരുന്നു. ഇതു പുനരവലോകനം ചെയ്യുകയും ചെയ്തിരുന്നു. 2020 ജനുവരിയിലാണ് ഒടുവില്‍ പുനരവലോകനം ചെയ്തത്.

എസ്.എ.എഫിനു പകരമാണ് ഇപ്പോള്‍ പി.സി.എ. വന്നിരിക്കുന്നത്. എസ്.എ.എഫിനെക്കാള്‍ മാനദണ്ഡങ്ങള്‍ ഇതില്‍ കുറവാണ്. തത്വങ്ങളെയാണ് ഇതു പ്രധാനമായും അടിസ്ഥാനമാക്കുന്നത്. മേല്‍നോട്ടം കര്‍ശനമായി തുടരുകയും ചെയ്യും. പി.സി.എ. കൂടുതല്‍ കേന്ദ്രീകരിക്കുന്നതു വലിയ അര്‍ബന്‍ ബാങ്കുകളിലാണ്. അവയില്‍ കൂടുതല്‍ ശക്തമായ നിരീക്ഷണം ആവശ്യമായതാണു കാരണം. അതുകൊണ്ടു മേല്‍നോട്ട സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കേണ്ടിവരും. എ.ഐ.ഡി.ക്കു കീഴിലായവ ഒഴികെയുളള ടയര്‍ 2,3,4 വിഭാഗങ്ങളിലെ അര്‍ബന്‍ ബാങ്കുകള്‍ക്കെല്ലാം പി.സി.എ. ചട്ടക്കൂട് ബാധകമായിരിക്കും. ടയര്‍ 1 ബാങ്കുകള്‍ പി.സി.എ.യില്‍ വരില്ല. എങ്കിലും, വിപുലീകരിക്കപ്പെട്ട മേല്‍നോട്ടസംവിധാനത്തിനു കീഴില്‍ അവയുടെ മേലുള്ള നിരീക്ഷണവും കൂടുതല്‍ ശക്തമാക്കും. ഇവയെ പി.സി.എ.യില്‍നിന്ന് ഒഴിവാക്കിയ നടപടി വേണ്ടിവന്നാല്‍ പുന:പരിശോധിക്കുകയും ചെയ്യും.

പി.സി.എ.യില്‍ പറഞ്ഞിട്ടില്ലാത്ത നടപടികള്‍ എടുക്കാനും റിസര്‍വ് ബാങ്കിന് അവകാശമുണ്ട്. 2020 ജനുവരി ആറിലെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ആര്‍.ബി.ഐ.യുടെ മേല്‍നോട്ടാധികാരത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളിലൂടെ കടന്നുപോകുന്ന ബാങ്കുകളുടെ മേല്‍ ആ നിയന്ത്രണങ്ങള്‍ തുടരും. എസ്.എ.എഫ്. അടിസ്ഥാനത്തിലുള്ളവയാണ് ആ നിയന്ത്രണങ്ങള്‍. അവയെ എസ്.എ.എഫില്‍നിന്നുമാറ്റി പി.സി.എ.പ്രകാരമുള്ള നിയന്തണനടപടികള്‍ ഏര്‍പ്പെടുത്തണോ എന്ന് ഓരോ കേസും പ്രത്യേകമായി പരിഗണിച്ചു തീരുമാനിക്കും.