കോഴിക്കോട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ വിദ്യാര്‍ഥികള്‍ക്കു പ്രസംഗ,പ്രബന്ധ മത്സരങ്ങള്‍ നടത്തും

moonamvazhi

കോഴിക്കോട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ 71-ാം അഖിലേന്ത്യാസഹകരണവാരാഘോഷത്തിന്റെ ഭാഗമായി താലൂക്ക്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കു പ്രസംഗമത്സരങ്ങളും പ്രബന്ധരചനാമത്സരങ്ങളും നടത്തും. ഒക്ടോബര്‍ 14നു രാവിലെ 10 മുതല്‍ ജയില്‍ റോഡില്‍ ഹോട്ടല്‍ മഹാറാണിക്കു സമീപം പുതിയറ സഹകരണഭവനിലാണു മത്സരങ്ങള്‍. സ്‌കൂള്‍, കോളേജ്, സഹകരണപാരലല്‍കോളേജ് വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. പ്രസംഗത്തിനു അഞ്ചു മിനിറ്റാണ് അനുവദിക്കുക. പ്രബന്ധമത്സരത്തിന് ഒരു മണിക്കൂറും. കേരളത്തിലെ സഹകരണപ്രസ്ഥാനത്തെപ്പറ്റി പൊതുസ്വഭാവമുള്ള വിഷയങ്ങളായിരിക്കും നല്‍കുക. ഒന്നുംരണ്ടും സ്ഥാനം നേടുന്നവര്‍ക്കു ജില്ലാമത്സരത്തിലും അതില്‍ ഒന്നാംസ്ഥാനംനേടുന്നവര്‍ക്കു സംസ്ഥാനമത്സരത്തിലും പങ്കെടുക്കാം. സ്‌കൂള്‍ വിഭാഗം മത്സരത്തില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ഥികളെയാണു പങ്കെടുപ്പിക്കുക. കോളേജ്‌വിഭാഗത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.സി, ബിരുദവിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. ബിരുദാനന്തരബിരുദവിഭാഗത്തില്‍ സഹകരണപാരലല്‍കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണെന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടെയാണു പങ്കെടുക്കേണ്ടത്.