അർബൻ ബാങ്കുകൾക്ക് പിന്നാലെ രാജ്യത്തെ വായ്പ സഹകരണ  സംഘങ്ങള്‍ക്കു ദേശീയ അപ്പക്സ് സ്ഥാപനം വരുന്നു

moonamvazhi

വായ്പാസഹകരണസംഘങ്ങളുടെ ദേശീയഫെഡറേഷന്‍ നിലവില്‍ വരുന്നു. അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും വായ്പാസംഘങ്ങള്‍ക്കുമായി ഒരു ഫെഡറേഷന്‍ (നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് അന്റ് ക്രെഡിറ്റ് സൊസൈറ്റീസ്) ഉണ്ടെങ്കിലും അത് അര്‍ബന്‍ ബാങ്കിങ്ങിന്റെ കാര്യത്തിലാണു പ്രധാനമായും ശ്രദ്ധിക്കുന്നതെന്നും അതുകൊണ്ടു വായ്പാസംഘങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും അവയ്ക്കു പിന്‍ബലമേകാനും പ്രത്യേകം ഫെഡറേഷന്‍ വേണമെന്നമുള്ള അഭിപ്രായക്കാരാണു ഫെഡറേഷന്‍ രൂപവത്കരണത്തിനു പിന്നില്‍. ജൂലായ് 28നു ഹൈദരാബാദില്‍ ഇത് ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് വായ്പാസഹകരണസംഘങ്ങളുടെ മഹാരാഷ്ട്ര സംസ്ഥാനഫെഡറേഷന്‍ ചെയര്‍മാന്‍ ഓംപ്രകാശ് ദാദപ്പയെ ഉദ്ധരിച്ച് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് റിപ്പോര്‍ട്ടു ചെയ്തു. അദ്ദേഹവും ഗുജറാത്ത് ഫെഡറേഷന്‍ ചെയര്‍മാന്‍ ജി.എച്ച് അമിനും കര്‍ണാടക ഫെഡറേഷന്‍ ഡയറക്ടര്‍ സഞ്ജയ് ഹോസ്മത്തുമാണു പ്രത്യേക ഫെഡറേഷന്‍ രൂപവത്കരണനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

ചര്‍ച്ചകളും പ്രാഥമികനടപടികളും കഴിഞ്ഞുവെന്നും നിയമാവലി തയ്യാറാക്കിവരികയാണെന്നും ദാദപ്പ പറഞ്ഞതായാണു റിപ്പോര്‍ട്ട്. അന്തിമതീരുമാനങ്ങള്‍ക്കായുള്ള ചര്‍ച്ച അടുത്തുതന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകാര്‍ ഭാരതിയുടെ ശക്തമായ പിന്തുണയും ഫെഡറേഷന്‍ രൂപവത്കരണത്തിനുണ്ടെന്നാണു സൂചന. ന്യൂഡല്‍ഹിയില്‍ ഐ.സി.എ.ആറില്‍ നടന്ന സഹകാര്‍ഭാരതി സമ്മേളനത്തിലാണ് ദേശീയഫെഡറേഷനുവേണ്ടിയുള്ള മുറവിളി ഉയര്‍ന്നത്. വായ്പാസംഘങ്ങള്‍ക്കു പിന്‍ബലമേകാന്‍ ദേശീയതലത്തില്‍ ഒരു സ്ഥാപനം വേണമെന്ന നിലപാടിനു സമ്മേളനത്തില്‍ വ്യാപകപിന്തുണ ലഭിച്ചു. രാജ്യത്ത് 80,000 വായ്പാസംഘങ്ങളുണ്ട്. ഇതില്‍ 16,000 എണ്ണം മഹാരാഷ്ട്രയിലാണ്.