സഹകരണ പരിഷ്‌കാരത്തിന് നബാര്‍ഡ്; പ്രവര്‍ത്തനം വിലയിരുത്തി റാങ്കിങ് കൊണ്ടുവരുന്നു 

moonamvazhi

ഗ്രാമണീണ സാമ്പത്തിക രംഗത്ത് കാര്യക്ഷമതയും സാങ്കേതിക മികവും കൊണ്ടുവരാനുള്ള പരിഷ്‌കാരത്തിന് നബാര്‍ഡ് ഒരുങ്ങുന്നു. പ്രവര്‍ത്തനം വിലയിരുത്തി റാങ്കിങ് കൊണ്ടുവരാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യഘട്ടം 2025 സാമ്പത്തികവര്‍ഷം തുടങ്ങും.

സംസ്ഥാനസഹകരണബാങ്കുകളും ജില്ലാകേന്ദ്രസഹകരണബാങ്കുകളും ഉള്‍പ്പെടെ 69 ബാങ്കിലായിരിക്കും തുടക്കം. തുടര്‍ന്നു വിപുലീകരിക്കും. ഗ്രാമീണബാങ്കുകള്‍ക്കായി നബാര്‍ഡ് നിശ്ചയിച്ച ഫലക്ഷമതാലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്നു നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. നബാര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പുതിയ പരിഷ്‌കാരത്തെ കുറിച്ച് പറയുന്നത്.

റീജിയണല്‍ റൂറല്‍ ബാങ്കുകളിലും റൂറല്‍ സഹകരണ ബാങ്കുകളിലും സാങ്കേതികവിദ്യ നടപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. സഹകരണബാങ്കുകളിലെയും ആര്‍.ആര്‍.ബി.കളിലെയും ജീവനക്കാരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനാണ് നബാര്‍ഡ് ശ്രമിക്കുന്നത്. ദുര്‍ബലമായ സംസ്ഥാനസഹകരണബാങ്കുകളെയും ജില്ലാസഹകരണബാങ്കുകളെയും നൂതനതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു മെച്ചപ്പെടുത്താനും ശ്രദ്ധിക്കും. എല്ലാജില്ലകളിലും ജില്ലാസഹകരണ ബാങ്കുകളുണ്ടാക്കാനുള്ള നടപടിയിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നബാര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വയംപര്യാപ്തവും കാര്യക്ഷമവുമായ ജില്ലാബാങ്കുകള്‍ ഉണ്ടാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനോട് ചേര്‍ത്തുവെക്കാവുന്നതാണ് നബാര്‍ഡ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പരിഷ്‌കാരങ്ങളും.

സഹകരണബാങ്കുകള്‍ക്കായി പങ്കാളിത്താധിഷ്ഠിതസംവിധാനമാണു നബാര്‍ഡ് സ്ഥാപിക്കുക. സാങ്കേതികവിദ്യാധിഷ്ഠിതമായ കോര്‍ബാങ്കിങ് സംവിധാനവും മറ്റും ഇതിലൂടെ ഏര്‍പ്പെടുത്തും. ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളോടു കിടപിടിക്കുന്നതായിരിക്കും ഇത്. നയപരമായമാര്‍ഗനിര്‍ദേശങ്ങളും നബാര്‍ഡ് തയ്യാറാക്കും. പ്രവര്‍ത്തനമൂലധനത്തിനു പണം കണ്ടെത്തല്‍ പോലുള്ള കാര്യങ്ങളിലായിരിക്കും മാര്‍ഗനിര്‍ദേശം. സംരംഭകരാകാന്‍ സാധ്യതയുള്ളവര്‍ക്കു പറ്റിയ പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുന്ന ഹ്രസ്വകാല വായ്പാപദ്ധതികളും മറ്റും ഇതിന്റെ ഭാഗമായുണ്ടാകും. ഭക്ഷ്യപാര്‍ക്കുകള്‍ക്കു പുറത്തു ഭക്ഷ്യസംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സംരംഭകര്‍ക്കും മറ്റും ഇതില്‍ പ്രത്യേകപ്രാധാന്യം നല്‍കും. വാണിജ്യബാങ്കുകളുമായും ആര്‍.ആര്‍.ബി.കളുമായും സഹകരണബാങ്കുകളുമായും ചേര്‍ന്നു പ്രവര്‍ത്തനമൂലധനസഹായങ്ങള്‍ വ്യാപിപ്പിക്കാന്‍ നബാര്‍ഡിന് ഏറെ സാധ്യതകളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളെയും സമഗ്രമായി മാറ്റിക്കൊണ്ടുവരാനുള്ള ശ്രമം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായാണ് കാര്‍ഷിക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘങ്ങളെ ബഹുവിധസേവനകേന്ദ്രങ്ങളാക്കി മാറ്റാന്‍ 252 കോടിരൂപ ഇതിനകം നബാര്‍ഡ് ചെലവഴിച്ചുകഴിഞ്ഞിട്ടുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് 63000 പാക്സുകളെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനും പൊതുസോഫ്റ്റ് വെയറിന്റെ ഭാഗമാക്കാനുമുള്ള പദ്ധതിയിലും നബാര്‍ഡിന്റെ സംഭാവന ഗണ്യമാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2024 ഫെബ്രുവരിയോടെ 18000 പാക്സുകള്‍ ഡിജിറ്റൈസ് ചെയ്തു. ഇതില്‍ കേരളം ഭാഗമായിട്ടില്ലെന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന ഘടകം.