റിസര്‍വ് ബാങ്കിന്റെ പണനയസമിതി യോഗം തുടങ്ങി; തീരുമാനം വെള്ളിയാഴ്ച

moonamvazhi
  • ബാങ്ക് ഓഹരികളില്‍ ഉണര്‍വ്

റിസര്‍വ് ബാങ്കിന്റെ പണനയസമിതിയോഗം ബുധനാഴ്ച ആരംഭിച്ചു. മൂന്നു ദിവസമാണു യോഗം. ബാങ്കുവായ്പാ പലിശനിരക്കായ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് ജൂണ്‍ ഏഴിനു പ്രഖ്യാപിക്കും. മാസങ്ങളായി റിപ്പോനിരക്ക് 6.5 ശതമാനത്തില്‍ തുടരുകയാണ്. മാറാതെനില്‍ക്കുന്ന പണപ്പെരുപ്പസമ്മര്‍ദങ്ങളുടെയും ആഗോളസാമ്പത്തികരംഗത്തെ അനിശ്ചിതാവസ്ഥകളുടെയും പശ്ചാത്തലത്തില്‍ യോഗതീരുമാനം എന്തായിരിക്കുമെന്നതിനെപ്പറ്റി വിപണികളില്‍ പല അഭ്യൂഹങ്ങളുമുണ്ട്. പണപ്പെരുപ്പവും സാമ്പത്തികവളര്‍ച്ചയും സന്തുലിതാവസ്ഥയിലേക്കു കൊണ്ടുവരേണ്ടതുള്ളതിനാല്‍ പലിശനിരക്ക് 6.5 ശതമാനമായിത്തന്നെ തുടരാനാവും തീരുമാനമെന്നാണു പൊതുവെയുള്ള നിഗമനം.

ഈ സാമ്പത്തികവര്‍ഷം ആറംഗ പണനയസമിതിയുടെ രണ്ടാമത്തെ യോഗമാണിത്. ഏപ്രിലിലായിരുന്നു ആദ്യയോഗം. 2024 ലെ മൂന്നാമത്തെ യോഗമാണിത്. അടുത്ത യോഗം ആഗസ്റ്റിലായിരിക്കും. ഒരു വര്‍ഷത്തില്‍ കുറഞ്ഞതു നാലു തവണയെങ്കിലും പണനയസമിതി യോഗം ചേരാറുണ്ട്. ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് 2023 ഫെബ്രുവരി എട്ടിനാണ്. 25 ബേസിസ് പോയിന്റ് ഉയര്‍ത്തി റിപ്പോ നിരക്ക് 6.5 ശതമാനമാക്കിയത് അന്നാണ്. പിന്നീടിതുവരെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

ബാങ്കിങ്, റിയല്‍ എസ്‌റ്റേറ്റ്, വാഹനവ്യവസായം തുടങ്ങിയ മേഖലകളെ യോഗതീരുമാനങ്ങള്‍ സ്വാധീനിക്കും. റിപ്പോനിരക്ക് വര്‍ധന കാര്യമായി സ്വാധീനിക്കുന്ന സെന്‍സിറ്റീവായ ഓഹരികളുടെ കാര്യത്തില്‍ വലിയ ആകാംക്ഷയോടെയാണു നിക്ഷേപകര്‍ കാത്തിരിക്കുന്നത്. പണനയയോഗത്തിനു മുമ്പു സെന്‍സിറ്റീവായ ഓഹരികള്‍ വ്യാപാരത്തില്‍ കാര്യമായ നേട്ടമുണ്ടാക്കിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ ബാങ്കിങ് ഓഹരികളുടെ ഉയര്‍ച്ചതാഴ്ചകളുടെ അളവുകോലായ നിഫ്റ്റി ബാങ്ക്‌സൂചിക 2.05 ശതമാനം ഉയര്‍ന്നിരുന്നു. ബി.ജെ.പി.നേതൃത്വത്തിലുള്ള ദേശീയജനാധിപത്യമുന്നണിതന്നെ തുടര്‍ന്നും സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുമെന്നതു ബാങ്കിങ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയെന്നതിന്റെ സൂചനയാണിതെന്നു കരുതുന്നു. അതേസമയം, ബി.എസ്.ഇ. റിയാല്‍റ്റി സൂചിക താരതമ്യേന സ്ഥിരമായി നില്‍ക്കുകയായിരുന്നു. കാത്തിരുന്നുകാണാം എന്ന സമീപനമാണ് അതില്‍ പ്രതിഫലിച്ചത്. വാഹനവ്യവസായഓഹരികളില്‍ വ്യത്യസ്തങ്ങളായ ചലനങ്ങളാണുണ്ടായത്.