മണ്ണാര്‍ക്കാട് ബാങ്കും, പുരുഷോത്തമന്‍ എന്ന സഹകാരിയും ഒരു മെയ് മാസത്തില്‍ പിറന്ന സഹകരണ ചരിത്രത്തിന്റെ രണ്ട് ഏടുകളാണ്   

Moonamvazhi

മെയ് 17, ഒറ്റമുറിയിലെ പണമിടപാടില്‍നിന്ന് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെ സഹകരണ സംഘമായി മാറിയ മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് പിറവിയെടുത്ത ദിനമാണ്. 1989-ലായിരുന്നു അത്. 35 വര്‍ഷത്തെ ബാങ്കിന്റെ വളര്‍ച്ചയില്‍ ഒട്ടേറെ കഥപറയാനുണ്ട്. ചീരസംഘമെന്ന് നാട്ടുകാര്‍ വിളിപ്പേരിട്ട് വിളിച്ച സഹകരണ സംഘം, ഒരുനാടിന്റെ സ്വന്തമായി മാറിയ ചരിത്രമാണത്. കുട്ടിസഞ്ചിമുതല്‍ മുറ്റത്തെ മുല്ലവരെ സംസ്ഥാനത്തിന് പകര്‍ന്നുനല്‍കിയ സഹകരണ മാതൃകയുടെ കഥയാണത്. അതിനെക്കാളൊക്കെ ഉപരി, ആ സംഘത്തിന്റെ പിറവിക്കും പിന്നീട് അതിന്റെ ഓജസ്സുറ്റ ജീവനും വേണ്ടി ഓടി നടന്ന സഹകാരികയുടെ സര്‍വീസ് സ്‌റ്റോറി കൂടിയാണ്. അദ്ദേഹത്തിന്റെ പേരാണ് മണ്ണാര്‍ക്കാട് പുരുഷോത്തമന്‍.

ആ പിറവിയുടെ സ്മരണ പുരുഷോത്തമന്‍ കുറിച്ചിട്ടത് ഇങ്ങനെയാണ്-‘ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍, ഒപ്പം സെക്രട്ടറി എന്ന നിലയിലുള്ള എന്റെ ഔദ്യോഗിക ജീവിതത്തിന്റെയും 35-ാം പിറന്നാള്‍. 1989 മെയ് 17-നാണ് വൈദുതീകരിക്കുക പോലും ചെയ്യാത്ത ഒരു ഒറ്റമുറി പീടികയില്‍ 30,000 രൂപയുടെ മൂലധനവുമായി ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ശൈശവ, ബാലാരിഷ്ടതകളെല്ലാം പിന്നിട്ട് യുവത്വത്തിലെത്തിയപ്പോള്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും, ആധുനിക സജ്ജീകരണങ്ങളും, പ്രവര്‍ത്തന മികവും , അവാര്‍ഡുകളും അംഗീകാരങ്ങളും അതിലുപരി പൊതു സമുഹത്തിന്റെ സ്‌നേഹവാല്‍സല്യങ്ങളും ഇന്ന് ഈ ബേങ്കിന് സ്വന്തം … ഒപ്പം സംസ്ഥാന നിലവാരത്തില്‍ തന്നെ ഒട്ടേറെ ഉയര്‍ന്ന പദവികളും… ശത കോടികളുടെ ഇടപാടുകളും’.

ഒരുസഹകാരിയായി തുടങ്ങി, മണ്ണാര്‍ക്കാട് ബാങ്കിന്റെയും മണ്ണാര്‍ക്കാട് എന്ന നാടിന്റെയും നന്മകളിലേക്ക് വെളിച്ചം നയിച്ചു നടന്നുപോയ തന്റെ ജീവിതകാലത്തെയും പുരുഷോത്തമന്‍ കുറച്ചിടുന്നുണ്ട്. അത് ഇങ്ങനെയാണ്-‘ ബാങ്കിന്റെ പ്രമോട്ടിംഗ് കമ്മിറ്റി അംഗമായി തുടങ്ങി, തുടര്‍ന്ന് ആദ്യകാല ഭരണസമിതിയില്‍ അംഗമായി. പിന്നെ ബാങ്ക് സെക്രട്ടറിയെന്ന നിലയിലുള്ള വലിയ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി ഞാന്‍ ഈ സ്ഥാപനത്തിന്റെ ഭാഗമായി തുടര്‍ന്നു വരികയാണ്. ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ തുടക്കത്തില്‍ എന്റെ സേവനപുസ്തകത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ള എന്റെ വിരമിക്കല്‍ തീയ്യതി 2024 മെയ് 31 എന്നതാണ്. അതിപ്പോള്‍ സമാഗതമായിരിക്കുന്നു. നിറഞ്ഞ മനസ്സോടെ., നിറഞ്ഞ സന്തോഷത്തോടെ, തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ, അതിലേറെ അഭിമാനത്തോടെ സെക്രട്ടറി എന്ന നിലയിലുള്ള എന്റെ മൂന്നര പതിറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതം ഈ 31 ന് അവസാനിക്കുകയാണ്. ഒരു ഫ്രെയിമിലും കാന്‍വാസിലും ഒതുങ്ങാത്തതായ ഏറെ സമ്പന്നമായ ഒരു പാട് ഓര്‍മ്മകളോടെ ബാങ്കിന്റെ വളര്‍ച്ചയില്‍ പങ്കു വഹിച്ച എല്ലാവര്‍ക്കുമൊപ്പം ഈ പിറന്നാള്‍ മധുരം ഇവിടെ ഏറെ സന്തോഷ പൂര്‍വ്വം പങ്ക് വെക്കുന്നു…’

ഒരുഫ്രയിമില്‍ ഒതുങ്ങുന്നതല്ല പുരുഷോത്തമന്റെയും മണ്ണാര്‍ക്കാട് ബാങ്കിന്റെയും സഹകരണ വഴിയിലൂടെയുള്ള യാത്ര. സഹകാരിയായ സെക്രട്ടറിയും, സംഘാടകനായ സഹകാരിയും ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് പുരുഷോത്തമന്റെ 35വര്‍ഷത്തെ നേട്ടം. ഒരുസഹകരണ സംഘത്തിന്റെ കിളിവാതിലിലൂടെ അദ്ദേഹം നാട്ടുകാരിലേക്കാണ് നോക്കിയത്. ആ കാഴ്ചയില്‍ കാണുന്നതില്‍നിന്നാണ് അദ്ദേഹം പദ്ധതികള്‍ രൂപവത്കരിച്ചത്. വട്ടിപ്പലിശക്കാര്‍ ചുറ്റുകൂടിനിന്ന് കര്‍ഷകന്റെ ജീവന് വിലപേശുമ്പോഴാണ് അതിനെതിരെ സഹകരണ പ്രതിയുദ്ധമായി ഒരു പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചത്. കുടുംബശ്രീ യൂണിറ്റുകളിലൂടെ എളുപ്പത്തില്‍ വായ്പകിട്ടുന്ന ഒരു ആശയം നടപ്പാക്കി. അതിന് നാടിന്റെ സുഗന്ധം പരത്തുന്ന ഒരു പേരും നല്‍കി, മുറ്റത്തെ മുല്ല. ആ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ച് കേരളക്കരയാകെ ഏറ്റെടുത്തു.

 

കര്‍ഷകര്‍ക്ക് വായ്പ നല്‍കുക മാത്രമല്ല, അവരുടെ വിളകള്‍ക്ക് വിപണിയും, നാടിന് വിഷരഹിത കാര്‍ഷികോല്‍പന്നങ്ങളും നല്‍കാന്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മുന്നില്‍നിന്നു. നാട്ടുചന്തയും, കാര്‍ഷികോല്‍പന്നങ്ങള്‍ വിഷമുക്തമാക്കാനുള്ള ശുദ്ധീകരണ കേന്ദ്രവുമെല്ലാം തുടങ്ങി. ഇതിനെല്ലാം പുരുഷോത്തമന്റെ കൈയ്യൊപ്പുണ്ട്. സര്‍ക്കാരിനൊപ്പം സഹകരണ മേഖലയെ ചേര്‍ത്തുനിര്‍ത്തിയതിന്റെ ഒരു കണ്ണിയും പുരുഷോത്തമനാണെന്ന് പറയാം. ക്ഷേമപെന്‍ഷന്‍ വിതരണത്തിന് ഫണ്ട് കണ്ടെത്താനുള്ള സഹകരണ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചപ്പോള്‍, അതിന്റെ ഫണ്ട് മാനേജരായത് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കായിരുന്നു. കണ്‍സോര്‍ഷ്യത്തില്‍ അംഗമായ സഹകരണ സംഘങ്ങള്‍ക്കെല്ലാം അദ്ദേഹം വ്യക്തിപരമായ വിവരങ്ങള്‍ നല്‍കി ആ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ഇതിനൊപ്പം, സഹകാരികളുടെയും സഹകരണ മേഖലയുടെയും പ്രശ്‌നങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പോരിനിറങ്ങി. മണ്ണാര്‍ക്കാട് ബാങ്കും, പുരുഷോത്തമന്‍ എന്ന സഹകാരിയും ഒരുമെയ് മാസത്തില്‍ പിറന്ന സഹകരണ ചരിത്രത്തിന്റെ രണ്ട് ഏടുകളാണ്. മണ്ണിന്റെ മണമുള്ള, മനുഷ്യത്വത്തിന്റെ സുഗന്ധമുള്ള, എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സഹകരണത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് നല്‍കിയ രണ്ട് ഏടുകള്‍…..

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi