സഹകരണനിയമഭേദഗതികള്‍ സംഘങ്ങളെ തകര്‍ച്ചയിലേക്കു നയിക്കും: വി.ഡി. സതീശന്‍

moonamvazhi

സംസ്ഥാനസര്‍ക്കാരിന്റെ സഹകരണനിയമഭേദഗതികള്‍ സംഘങ്ങളുടെ തകര്‍ച്ചക്കിടയാക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുവനന്തപുരത്തു സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെയും ജീവനക്കാരെയും ഇടപാടുകാരെയും ബാധിക്കുന്ന നിയമങ്ങള്‍ മാറ്റുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണരംഗത്തു തിരുത്തല്‍ശക്തിയാകാനുള്ള എല്ലാസഹായവും അദ്ദേഹം എംപ്ലോയീസ് ഫ്രണ്ടിനു വാഗ്ദാനം ചെയ്തു.

വഴുതക്കാടുനിന്ന് ആരംഭിച്ച പ്രകടനം രജിസ്ട്രാര്‍ ഓഫീസിനുമുന്നില്‍ പൊലീസ് തടഞ്ഞതോടെയാണു ധര്‍ണ ആരംഭിച്ചത്. കെ.സി.ഇ.എഫ്.സംസ്ഥാനപ്രസിഡന്റ് എം. രാജു അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി എം. ലിജു മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഇ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു, ട്രഷറര്‍ കെ.കെ. സന്തോഷ്, കെ.പി.സി.സി. സെക്രട്ടറി ഹരീന്ദ്രനാഥ്, യൂത്തുകോണ്‍ഗ്രസ് സംസ്ഥാനവൈസ്പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, അബ്ദുള്‍റഷീദ് കണ്ണൂര്‍, കെ.സി.ഇ.എഫ്. സംസ്ഥാനഭാരവാഹികളായ ടി.സി. ലൂക്കോസ്, ടി.വി. ഉണ്ണിക്കൃഷ്ണന്‍, സി.കെ. മുഹമ്മദ് മുസത്ഫ, സി.വി. അജയന്‍, ബിനു കാവുങ്ങല്‍, പ്രേംകുമാര്‍ കൊല്ലം, അബ്രഹാം കുര്യാക്കോസ്, പി. രാധാകൃഷ്ണന്‍, കെ. ശശി, അനിതാവല്‍സന്‍, ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.

റിസര്‍വ് ഫണ്ടും അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ് സ്റ്റബിലൈസേഷന്‍ ഫണ്ടും വകമാറ്റി പുനരുദ്ധാരണമിധി രൂപവത്കരിക്കുന്നതു സഹകരണമേഖലയുടെ സുരക്ഷ അവതാളത്തിലാക്കുമെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി. ബജറ്റുവിഹിതത്തില്‍ ഉള്‍പ്പെടുത്തി വേണം പുനരുദ്ധാരണനിധി സ്വരൂപിക്കാനെന്ന് അവര്‍ ആവശ്യപ്പെട്ടു. നിക്ഷേപഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് റെക്കറിങ് പ്രീമിയം ഏര്‍പ്പെടുത്തി ശക്തിപ്പെടുത്തുക, അസിസ്റ്റന്റ് സെക്രട്ടറിയുടെയും മാനേജരുടെയും തസ്തികകളിലേക്കു സ്ഥാനക്കയറ്റം നിയന്ത്രിക്കുന്ന ചട്ടഭേദഗതികള്‍ പിന്‍വലിക്കുക, സബ്സ്റ്റാഫില്‍നിന്നു ക്ലറിക്കല്‍വിഭാഗത്തിലേക്കുള്ള സ്ഥാനക്കയറ്റം തടയുന്ന ചട്ടം പിന്‍വലിക്കുക, കേരളബാങ്ക് ഉള്‍പ്പെടെയുള്ള അപ്പെക്‌സ് സ്ഥാപനങ്ങളിലേക്കു പ്രാഥമികസംഘം ജീവനക്കാര്‍ക്കുണ്ടായിരുന്നു സംവരണം പുനസ്ഥാപിക്കുക, സി.ഇ.ഒ.മാരുടെ മേല്‍ ചുമത്തിയ പിഴകള്‍ പിന്‍വലിക്കുക, കമ്മീഷന്‍ഏജന്റുമാരുടെ സ്ഥിരവേതനവും ശമ്പളവും വര്‍ധിപ്പിക്കുക, അവര്‍ക്ക് ഇന്‍സന്റീവ് വിഭാഗം കൂടി ചേര്‍ത്തു പെന്‍ഷന്‍ കണക്കാക്കാന്‍ ഉത്തരവിടുക, ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, കുടിശ്ശിക ക്ഷാമബത്താഗഡുകള്‍ ഉടന്‍ നല്‍കുക, പെന്‍ഷന്‍ പരിഷ്‌കരിക്കുക, സര്‍ക്കാരിനു നല്‍കേണ്ട ഫീസുകള്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചതു പിന്‍വലിക്കുക, കയര്‍-കൈത്തറി-വ്യവസായ-ക്ഷീര-ഫിഷറീസ്-വിപണനസംഘങ്ങളെ ശക്തിപ്പെടുത്താന്‍ പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

മന്ത്രിക്കു നല്‍കിയ ഡിമാന്റ് നോട്ടീസ് അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 25ന് എല്ലാജില്ലയിലും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും തുടര്‍ന്നു സെക്രട്ടേറിയറ്റിനും രജിസ്ട്രാര്‍ഓഫീസിനുംമുന്നില്‍ റിലേ സത്യഗ്രഹം ആരംഭിക്കുമെന്നും സംഘടന അറിയി്ച്ചു.