ബാങ്കുകള്‍ക്ക് മനുഷ്യത്വ സമീപനം വേണം; ദുരിതാശ്വാസ തുകയില്‍ നിന്നുള്ള വായ്പ തിരിച്ചടവ് വേണ്ടെന്ന് കോടതി

moonamvazhi

വയനാട്ടിലെ ദുരന്തബാധിത മേഖലയിലുള്ളവരുടെ വായ്പകളില്‍ ബാങ്കുകളില്‍ സ്വീകരിക്കുന്ന തിരിച്ചടവ് നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി.സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസ തുകയില്‍ നിന്നു വായ്പ തിരിച്ചടവ് ഈടാക്കിയെന്ന വാര്‍ത്ത അസ്വസ്ഥതപ്പെടുത്തുന്നതാണ് എന്നു ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് മനുഷ്യത്വപരമായ സമീപനം വേണം. ആദ്യത്തെ അഞ്ചു ദിവസം എല്ലാവരും കരയും. അതു കഴിഞ്ഞിട്ട് ഇത്തരം നടപടികള്‍ തുടങ്ങുമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം.ശ്യാം കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

സമാനമായ സംഭവങ്ങള്‍ ഉണ്ടാകരുതെന്നു സര്‍ക്കാരിനു നിയന്ത്രണമുള്ള സംസ്ഥാനതല ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണം. അനുകമ്പ കാണിക്കേണ്ട മൗലികമായ കടമ ബാങ്കുകള്‍ക്ക് ഉണ്ട്. ഇനി ഇത്തരത്തില്‍ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നു സര്‍ക്കാര്‍ അറിയിക്കണം. ദുരന്ത മേഖലയില്‍ താമസിക്കുന്ന ജനങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കണം. ദുരന്തബാധിതരുടെ പക്കല്‍ അടിയന്തര സഹായം എത്തിയോ എന്നും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍, ദുരന്തനിവാരണ അതോറിറ്റിയില്‍ വിദഗ്ധരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നുണ്ടോയോന്നു കോടതി ആരാഞ്ഞു. ദുരന്തനിവാരണ നിയമ പ്രകാരം ദേശീയ, സംസ്ഥാന, ജില്ലാ തല ഉപദേശക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ? അതിന്റെ ഘടന, ദേശീയ, സംസ്ഥാന, ജില്ലാ തലത്തില്‍ ഉള്‍പ്പെടെ ദുരന്തനിവാരണത്തിനായി തയാറാക്കിയിരിക്കുന്ന പദ്ധതി, ഇതിനായി അനുവദിച്ചിരിക്കുന്ന ഫണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ അറിയിക്കാനും ഉത്തരവിട്ടു.

വയനാട് ദുരന്തത്തിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് പരിഗണിച്ചത്. സര്‍ക്കാരും അമിക്കസ് ക്യൂറിയായ അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാനും റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തു. തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. മറ്റ് ഹരജികള്‍ അനുവദിക്കില്ലെന്നും വിഷയം അമിക്കസ് ക്യൂറിയെ അറിയിക്കാമെന്നും കോടതി അറിയിച്ചു.