നാലു ബാങ്കുകള്‍ക്കും കൂടി നാലര ലക്ഷം രൂപ പിഴ; പുതിയ ശിക്ഷാനടപടി എട്ടു ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതിനു പിന്നാലെ

moonamvazhi

വിവിധ വീഴ്ചകളുടെപേരില്‍ മൂന്നു ജില്ലാസഹകരണബാങ്കും ഒരു അര്‍ബന്‍ സഹകരണബാങ്കും അടക്കം നാലു ബാങ്കുകള്‍ക്കുകൂടി റിസര്‍വ് ബാങ്ക് പിഴ ചുമത്തി. 5.93 കോടിരൂപയുടെ വന്‍പിഴ ചുമത്തപ്പെട്ട മെഹ്‌സാന അര്‍ബന്‍ സഹകരണബാങ്കടക്കം അര്‍ബന്‍ബാങ്കുകളും ജില്ലാസഹകരണകേന്ദ്രബാങ്കുകളുമായ എട്ടു ബാങ്കുകള്‍ക്കു പിഴ ചുമത്തിയതിനു പിന്നാലെയാണിത്.

ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലാസഹകരണകേന്ദ്രബാങ്ക്, മഹാരാഷ്ട്ര ചന്ദ്രപ്പൂരിലെ ചന്ദ്രപ്പൂര്‍ ജില്ലാകേന്ദ്രസഹകരണബാങ്ക്, കര്‍ണാടകത്തിലെ ഹരിഹറിലുള്ള ശ്രീഹരിഹരേശ്വര അര്‍ബന്‍ സഹകരണബാങ്ക്, ബിഹാറിലെ വൈശാലി ജില്ലാ കേന്ദ്രസഹകരണബാങ്ക് എന്നിവയ്ക്കാണു പുതുതായി പിഴ വിധിച്ചത്. രണ്ടര ലക്ഷം രൂപയാണു ചന്ദ്രപ്പൂര്‍ ജില്ലാകേന്ദ്രസഹകരണബാങ്കിനു പിഴ. ഡയറക്ടര്‍മാര്‍ക്കു വായ്പ നല്‍കിയതിനാണിത്. വൈശാലി ജില്ലാ കേന്ദ്രസഹകരണബാങ്കിന് ഒരു ലക്ഷം രൂപയാണു പിഴ. അക്കൗണ്ടുകളെ റിസ്‌ക് സാധ്യതകളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചു സമയാസമയം അവലോകനം ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നതാണു കുറ്റം. ചില ക്രമക്കേടുകള്‍ നബാര്‍ഡിനു റിപ്പോര്‍ട്ടു ചെയ്യാന്‍ വൈകിയതിന് വിജയനഗരം ജില്ലാസഹകരണകേന്ദ്രബാങ്കിന് 50,000 രൂപയാണു പിഴയിട്ടിട്ടുള്ളത്. ശ്രീഹരിഹരേശ്വര അര്‍ബന്‍ സഹകരണബാങ്കിനും 50,000 രൂപയാണു പിഴ. ബാങ്കുകള്‍തമ്മിലുള്ള ഇടപെടലുകളില്‍ പാലിക്കേണ്ട കാര്യങ്ങളിലുണ്ടായ വീഴ്ചയ്ക്കാണിത്.