പ്രവാസി സംഘങ്ങള്‍ക്കു ധനസഹായം

moonamvazhi

പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം നല്‍കും. മൂന്നു ലക്ഷം രൂപവരെയാണ് ലഭിക്കുക. അപേക്ഷാഫോറം www.norkaroots.org ല്‍ ലഭിക്കും. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാമെന്ന ഭരണസമിതിയുടെ തീരുമാനം, പ്രോജക്ട്‌റിപ്പോര്‍ട്ട്/സ്‌കീം, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട്, താത്കാലിക കടധനപ്പട്ടിക എന്നിവയുടെ പകര്‍പ്പുസഹിതം അപേക്ഷ ഒക്ടോബര്‍ 30നകം തപാലില്‍ ലഭിക്കണം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, മൂന്നാംനില, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

സഹകരണസംഘങ്ങളുടെ അടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെ അഞ്ചിരട്ടിവരെ (പരമാവധി ഒരു ലക്ഷംരൂപ) ഓഹരിപാരിറ്റിയായും രണ്ടു ലക്ഷംരൂപ പ്രവര്‍ത്തനമൂലധനമായും നല്‍കും. രജിസ്‌ട്രേഷന്‍ കഴിഞ്ഞു രണ്ടു വര്‍ഷമെങ്കിലും ആയതും 50 അംഗങ്ങളെങ്കിലും ഉള്ളതുമായ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. എ,ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചുവന്നവര്‍ ആയിരിക്കണം. നിയമാവലിയില്‍ സര്‍ക്കാര്‍ധനസഹായം സ്വീകരിക്കാന്‍ വ്യവസ്ഥ ഉണ്ടായിരിക്കണം. 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങള്‍ക്കു ഇത്രയുംപേര്‍ക്കു തൊഴില്‍ ലഭ്യമാവുംവിധം വികസിപ്പിക്കാനുമാണു പ്രവര്‍ത്തനമൂലധനഗ്രാന്റ് അനുവദിക്കുക. സംരംഭം സംഘം നേരിട്ടു നടത്തുന്നവയോ അംഗങ്ങള്‍ ഒറ്റയ്‌ക്കോ ഗ്രൂപ്പായോ നടത്തുന്നവയോ ആകാം.

സംഘം നേരിട്ടു നടത്തുന്ന സംരംഭമാണെങ്കില്‍ പ്രോജക്ട് റിപ്പോര്‍ട്ട് സംഘം തയ്യാറാക്കി നല്‍കണം. മുന്‍സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും ഹാജരാക്കണം. അംഗങ്ങള്‍ ഒറ്റയ്‌ക്കോ ഗ്രൂപ്പായോ നടത്തുന്ന സംരംഭങ്ങളാണെങ്കില്‍ പ്രോജക്ടുകള്‍ അംഗങ്ങളില്‍നിന്നോ ഗ്രൂപ്പുകളില്‍നിന്നോ അപേക്ഷ ക്ഷണിച്ചു വാങ്ങണം. അപേക്ഷ അയക്കുന്ന കവറില്‍ പ്രവാസി സംഘങ്ങള്‍ക്കുള്ള ധനസഹായം എന്നു പ്രത്യേകം എഴുതണം.