കുട്ടികളുടെ പേരില്‍ അക്കൗണ്ടു തുടങ്ങാനുള്ള നടപടികള്‍ സുഗമമാക്കി
അമ്മമാരെ രക്ഷകര്‍ത്താക്കളാക്കി മൈനര്‍മാരായ കുട്ടികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള തടസ്സം നീക്കിയും നടപടികള്‍ സുഗമമാക്കിയും റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.അമ്മമാരെ രക്ഷകര്‍ത്താക്കളാക്കി മൈനര്‍മാരുടെപേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു എന്ന പരാതികള്‍ പരിഹരിച്ചുകൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍. പിതാവ് ജീവിച്ചിരിക്കെ മാതാവിനെ രക്ഷകര്‍ത്താവായി അംഗീകരിച്ചുകൊണ്ടു മൈനര്‍അക്കൗണ്ടുകള്‍ തുടങ്ങാന്‍ ബാങ്കുകള്‍ വിമുഖത കാട്ടിയിരുന്നു. 1956ലെ ഹിന്ദുമൈനോറിട്ടി ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് നിയമത്തിലെ ആറാംവകുപ്പുപ്രകാരം അത്തരം കേസുകളില്‍ പിതാവിനെ മാത്രമേ രക്ഷകര്‍ത്താവായി കണക്കാക്കൂ എന്നുള്ളതാണു പ്രശ്‌നം. റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും അക്കൗണ്ടുകള്‍ തുറക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മതിയായ വ്യവസ്ഥകളോടെ ഇത് അനുവദിക്കാമെന്നു നിശ്ചയിക്കുകയുമാണുണ്ടായത്.
ഇതനുസരിച്ച് ഏതുപ്രായത്തിലുമുള്ള മൈനര്‍മാര്‍ക്കും സേവിങ്‌സ് നിക്ഷേപഅക്കൗണ്ടുകളും ടേംഡെപ്പോസിറ്റ് അക്കൗണ്ടുകളും തുടങ്ങുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. അവരുടെ സ്വാഭാവികരക്ഷകര്‍ത്താവുവഴിയോ നിയമപരമായ രക്ഷകര്‍ത്താവുവഴിയോ ആണ് അക്കൗണ്ട് തുറക്കേണ്ടതും പ്രവര്‍ത്തിപ്പിക്കേണ്ടതും. അമ്മയെ രക്ഷകര്‍ത്താവാക്കിയും അക്കൗണ്ടുകള്‍ തുറക്കാം.10വയസ്സിനുമേല്‍ പ്രായമുള്ള മൈനര്‍മാര്‍ക്ക് , അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍, ഒരു നിശ്ചിതതുകവരെയും നിശ്ചിതകാലാവധിവരെയുമുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളും ടേംനിക്ഷേപങ്ങളും സ്വതന്ത്രമായ തുറക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. ഈ തുകയും കാലാവധിയും എത്രവരെയാകാമെന്നു റിസ്‌കില്ലായ്‌മാനയത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ക്കു തീരുമാനിക്കാം. അത്തരം നിബന്ധനകള്‍ അക്കൗണ്ടുടമയെ അറിയിച്ചിരിക്കണം.
അവര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പുതിയ അക്കൗണ്ട് പ്രവര്‍ത്തനനിര്‍ദേശങ്ങള്‍ നല്‍കുകയും മാതൃകാഒപ്പ് വാങ്ങി സൂക്ഷിക്കയും വേണം. രക്ഷകര്‍ത്താവാണ് അക്കൗണ്ട് കൈകാര്യംചെയ്യുന്നതെങ്കില്‍ ബാക്കിയുള്ള തുകയുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭ്യമാക്കണം.
മൈനര്‍ അക്കൗണ്ടുടമ പ്രായപൂര്‍ത്തിയാകാറാവുമ്പോള്‍ മുന്‍കൂട്ടിത്തന്നെ ബാങ്കുകള്‍ ഇക്കാര്യത്തില്‍ ആശയവിനിമയം അടക്കമുള്ള നടപടികള്‍ എടുക്കണം.
മൈനര്‍അക്കൗണ്ടുടമകള്‍ക്കു ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ചെക്ക്‌ബുക്ക് എന്നിവ നല്‍കാം. റിസ്‌ക്‌പരിഹാരനയം, ഉല്‍പന്നയോഗ്യത, ഉപഭോക്തൃഔചിത്യം എന്നിവ ഇതില്‍ കണക്കിലെടുക്കണം.മൈനര്‍മാര്‍ സ്വയം പ്രവര്‍ത്തിപ്പിക്കുന്നവയായാലും രക്ഷാകര്‍ത്താക്കള്‍വഴി പ്രവര്‍ത്തിപ്പിക്കുന്നവയായാലും ഇത്തരം അക്കൗണ്ടുകള്‍ ഓവര്‍ഡ്രോ ആകാന്‍ അനുവദിക്കരുത്. എപ്പോഴും ക്രെഡിറ്റ് ബാലന്‍സ് ഉണ്ടായിരിക്കയും വേണം.
പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ചു ജൂലൈ ഒന്നിനകം ബാങ്കുകളില്‍ നയങ്ങള്‍ മാറ്റം വരുത്തേണ്ടതാണ്.