അക്ഷരമ്യൂസിയം ജൂണില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

moonamvazhi
സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ നാട്ടകത്തു നിര്‍മിക്കുന്ന അക്ഷരമ്യൂസിയത്തിന്റെ ഒന്നാംഘട്ടം ജൂണ്‍ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ സ്ഥലത്ത് സഹകരണവകുപ്പ് 15കോടിരൂപ മുടക്കി പണിയുന്ന 13000 ചതുരശ്ര അടിയിലുള്ള സംരംഭത്തിന്റെ ഒന്നാംഘട്ടമാണു നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിനാണു നിര്‍മാണച്ചുമതല.
കഴിഞ്ഞദിവസം സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഇവിടെയെത്തി നിര്‍മാണപുരോഗതി വിലയിരുത്തി. തിയേറ്റര്‍, കണ്‍സര്‍വേഷന്‍ മുറികള്‍, ആര്‍ക്കൈവ്, ആംഫിതിയേറ്റര്‍ എന്നിവ അക്ഷരമ്യൂസിയത്തിന്റെ ഭാഗമാണ്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ വിദേശവിദ്യാര്‍ഥികള്‍ക്കുവരെ ഇവിടെ പഠനഗവേഷണസൗകര്യമൊരുക്കുമെന്നു മന്ത്രി പറഞ്ഞു. എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍, സഹകരണവകുപ്പുസെക്രട്ടറി മിനി ആന്റണി, അഡീഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി പുത്തൂര്‍, ജില്ല ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എന്‍. വിജയകുമാര്‍, എസ്.പി.സി.എസ്. സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സന്തോഷ്‌കുമാര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.