റിപ്പോനിരക്ക്‌ 5.25ശതമാനമായി തുടരും

Moonamvazhi
  • വിദേശനാണ്യ ആകര്‍ഷിക്കാന്‍ 5 നടപടികള്‍
  • ആഗോളസാമ്പത്തികരംഗത്തു കരിനിഴല്‍
  • കാലവര്‍ഷക്കുറവും എല്‍നിനോയും ബാധിച്ചേക്കാം

ബാങ്കുകള്‍ അടിയന്തരഘട്ടത്തില്‍ റിസര്‍വ്‌ബാങ്കില്‍നിന്ന്‌ എടുക്കുന്ന ഏകദിനവായ്‌പയുടെ പലിശ നിരക്കായ റിപ്പോനിരക്കില്‍ മാറ്റം വരുത്തേണ്ടെന്നു റിസര്‍വ്‌ ബാങ്കിന്റെ മൂന്നുദിവസത്തെ പണസമിതിയോഗം തീരുമാനിച്ചു. റിപ്പോനിരക്ക്‌ 5.25 ശതമാനമായി തുടരും. റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്ര പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്‌. സ്റ്റാന്റിങ്‌ ഡെപ്പോസിറ്റ്‌ ഫെസിലിറ്റി അഞ്ചുശതമാനമായും മാര്‍ജിനല്‍ സ്റ്റാന്റിങ്‌ ഫെസിലിറ്റിനിരക്കും ബാങ്കുനിരക്കും അഞ്ചരശതമാനമായും തുടരും. പ്രതീക്ഷിക്കുന്ന മൊത്തആഭ്യന്തരോല്‍പാദനവളര്‍ച്ചാനിരക്ക്‌ 6.9 ശതമാനത്തില്‍നിന്ന്‌ 6.6 ശതമാനമായി കുറച്ചു.
പശ്ചിമേഷ്യയിലെ പ്രതിസന്ധിമൂലം ആഗോളസാമ്പത്തികനില ഇരുണ്ടതാണ്‌. ഇന്ധനവില കുതിച്ചുയരുകയാണ്‌. ആഗോളവിതരണശൃംഖലകളിലെ ശൈഥില്യവും തുടരുന്നു. സാമ്പത്തികനയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വിതരണശൃംഖലയിലുണ്ടായ ആഘാതം നാലാംത്രൈമാസപാദത്തോടെ കുറയുമെന്നു പ്രതീക്ഷിക്കുന്നു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണയിലും കുറവായിരിക്കുമെന്നതിനാലും എല്‍നിനോ റിസ്‌കുകള്‍ പ്രചിക്കപ്പെട്ടിട്ടുള്ളതിനാലും സാമ്പത്തികനില ഇരുണ്ടതാണ്‌. ഇന്ധനവിലവര്‍ധനയും വിതരണശൃംഖലകളിലുണ്ടായ തടസ്സങ്ങളും സാമ്പത്തികപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്‌. ആഭ്യന്തരഡിമാന്റ്‌ ശക്തമാണ്‌. നിര്‍മാണമേഖലയും സേവനമേഖലയും വികസിക്കുന്നുണ്ട്‌. ഭക്ഷ്യരംഗത്ത്‌ അനിശ്ചിതത്വമുണ്ട്‌. വിലക്കയറ്റസാധ്യത പെരുപ്പിച്ചുകാണിക്കപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ വ്യക്തതയ്‌ക്കായി കാത്തിരിക്കുന്നതാവും ഉചിതം. ഈ സാഹചര്യത്തിലാണു റിപ്പോ നിരക്കില്‍ മാറ്റം വരുേേത്തണ്ടതില്ലെന്നു തീരുമാനിച്ചത്‌. തീരുമാനം ഏകകണ്‌ഠമായിരുന്നു. 2025-26ലെ യഥാര്‍ഥ ജിഡിപി വളര്‍ച്ച 7.6 ശതമാനമാണ്‌. ആഭ്യന്തരസാമ്പത്തികപ്രവര്‍ത്തനം താരതമ്യേന സുസ്ഥിരമായിരുന്നു. സ്വകാര്യഉപഭോഗം മോശമല്ല. സ്ഥിരനിക്ഷേപവും സക്രിയത നിലനിര്‍ത്തുന്നുണ്ട്‌. ഗതാഗതച്ചെലവുകളും ഇന്‍ഷുറന്‍സ്‌ ചെലവുകളും വര്‍ധിച്ചെങ്കിലും ഏപ്രിലില്‍ കയറ്റുമതി കൂടി. സേവനങ്ങളുടെ കയറ്റുമതിയും മികച്ചനിലയിലാണ്‌. മൊത്തത്തില്‍ സാമ്പത്തികരംഗം പ്രതിരോധശേഷി പ്രകടിപ്പിക്കുന്നുണ്ട്‌. ഇന്ധനവിലവര്‍ധന ചില്ലറസാധനങ്ങളുടെ വില്‍പനയില്‍ പ്രകടമാണ്‌. ബാങ്കുകളിലും ബാങ്കിതരസ്രോതസ്സുകളിലുംനിന്നുള്ള വായ്‌പാപ്രവാഹം കോര്‍പറേറ്റ്‌ നിക്ഷേപത്തിനു സഹായകമാണ്‌. ആഗോളഡിമാന്റ്‌ കുറയുന്നതും ചെലവു കൂടുന്നതും കയറ്റുമതിക്കു ദോഷകരമാണ്‌. സേവനങ്ങളുടെ കയറ്റുമതി സുസ്ഥിരമായി തുടരുമെന്നാണു പ്രതീക്ഷ.
വിദേശനാണ്യം ആകര്‍ഷിക്കാന്‍ അഞ്ചുനടപടികള്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

പൂര്‍ണപ്രാപ്യതാറൂട്ടിലുള്ള സര്‍ക്കാര്‍കടപ്പത്രങ്ങളുടെ കാര്യത്തില്‍ സ്‌പെസിഫൈഡ്‌ സെക്യൂരിറ്റികളുടെ മേഖല വിപുലമാക്കി. പതിനഞ്ചുകൊല്ലത്തെയും മുപ്പതുകൊല്ലത്തെയും നാല്‍പതുകൊല്ലത്തെയും കാലാവാധിയുള്ള പുതുതായി ഇറക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണിത്‌. സെബി രജിസ്‌ട്രേഷന്‍ ഇല്ലാതെതന്നെ ഓഹരിവിപണിയില്‍ വിപണനം ചെയ്യപ്പെടുന്ന ഓഹരികളില്‍ നിക്ഷേപിക്കാനുള്ള എന്‍ആര്‍ഐകളുടെയും ഒസിഐകളുടെയും പരിധിയും ഉയര്‍ത്തി. ഈ സൗകര്യം ഇന്ത്യക്കുപുറത്തു താമസിക്കുന്ന എല്ലാ വ്യക്തികള്‍ക്കുമായി വിപുലമാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ അവരെയും എന്‍ആര്‍ഐകള്‍ക്കും ഒസിഐകള്‍ക്കും തുല്യമായി കണക്കാക്കും. പൊതുമേഖലാസ്ഥാപനങ്ങളുടെ ഇസിബികള്‍ (ബാഹ്യവാണിജ്യവായ്‌പവാങ്ങലുകള്‍) കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കുറഞ്ഞനിരക്കില്‍ വിദേശനാണ്യസ്വാപ്‌ സൗകര്യം ഇക്കൊല്ലം സെപ്‌റ്റംബര്‍ 30വരെയുണ്ടാകും. മുന്നുമുതല്‍ അഞ്ചുുവരെ വര്‍ഷത്തേക്കുള്ള പുതിയ എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍) ആകര്‍ഷിക്കാനായി എഡി ബാങ്കുകള്‍ക്കു (വിദേശനാണ്യഇടപാടുകള്‍ നടത്താന്‍ അനുമതിയുള്ള ബാങ്കുകള്‍) ഇത്തരം സൗകര്യത്തിനു പൂര്‍ണഹെഡ്‌ജിങ്‌ ചെലവു വഹിക്കുന്ന സൗകര്യം സെപ്‌റ്റംബര്‍ 30വരെ ഏര്‍പ്പെടുത്തും. കയറ്റുമതിവരുമാനം തിരിച്ചുപിടിക്കാനുള്ള സമയം ഒമ്പതുമാസമെന്ന സയമപരിധി പുനസ്ഥാപിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 1162 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!