രണ്ടു മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്; മറ്റൊരു സംഘത്തിന്റെ അപ്പീല്‍ തള്ളി
രണ്ടുമള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ ലിക്വിഡേഷനു മുന്നോടിയായി കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ആക്ഷേപം സമര്‍പ്പിക്കല്‍ നോട്ടീസ് ഉത്തരവായി. മറ്റൊരു മള്‍ട്ടിസ്‌റ്റേറ്റ് സംഘത്തിന്റെ അപ്പീല്‍ തള്ളി രജിസ്‌ട്രേഷന്‍ വേണമെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ഉപദേശിച്ചും ഉത്തരവായിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘമായ ഇന്ത്യന്‍ പ്രോജക്ട് ആന്റ് കണ്‍സ്‌ട്രക്ഷന്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (ഐപിസിഎല്‍) മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം, തെലങ്കാനയിലെ പ്രഗതി മള്‍ട്ടിപര്‍പ്പസ് മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയ്‌ക്കാണ് ആക്ഷേപം സമര്‍പ്പിക്കല്‍ നോട്ടീസായത്. ഗുജറാത്തിലെ ഒരു സംഘത്തിന്റെ അപ്പീലാണു തള്ളിയത്. ഉത്തര്‍പ്രദേശ് ഘാസിയാബാദില്‍ ഇന്ദ്രപുരം കനവാണിയില്‍ നാഫ്‌കോ ഹൗസ് മേല്‍വിലാസമായി നല്‍കിയ സ്ഥാപനമാണ് ഐപിസിഎല്‍. 2019 മാര്‍ച്ചില്‍ കോണ്‍ഗ്രസ് എംപി രാജ് ബബ്ബര്‍ എട്ടു റോഡുകള്‍ നിര്‍മിക്കാന്‍ 37.50 ലക്ഷംരൂപ നല്‍കിയിട്ടും റോഡൊന്നും പണിതില്ല എന്നു ഡെറാഡൂണ്‍ ചീഫ് ഡവലപ്‌മെന്റ് ഓഫീസറുടെ പരാതി കിട്ടിയതോടെ സംഘത്തിനെതിരെ നീക്കം തുടങ്ങിയത്. ഷോകോസ് നോട്ടീസും കത്തുമൊക്കെ മേല്‍വിലാസം കണ്ടെത്താനായില്ലെന്നു പറഞ്ഞു മടങ്ങി. തുടര്‍ന്ന് പരിശോധിച്ചു റിപ്പോര്‍ട്ടു തരാന്‍ ഉത്തര്‍പ്രദേശ് സഹകരണസംഘം കമ്മീഷണര്‍-രജിസ്‌ട്രാറോടുനാലുതവണ നിര്‍ദേശിച്ചു. ഇതിനിടെ നോട്ടീസ് പിന്‍വലിക്കണമെന്നു സംഘത്തിന്റെ എംഡിയുടെ കത്തുവന്നു. ഡയറക്ടര്‍ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത കത്തില്‍ സംഘത്തിന്റെ പേരു പരമാര്‍ശിച്ചിരുന്നില്ല. വാര്‍ഷികക്കണക്കുകളും സമര്‍പ്പിച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്‌ത മേല്‍വിലാസത്തില്‍ ഇങ്ങനെയൊരു സംഘം ഉള്ളതായി കാണാത്തതിനാല്‍ പരിശോധന നടത്താനായില്ലെന്നു സഹകരണരജിസ്‌ട്രാര്‍ അറിയിച്ചു. തുടര്‍ന്നാണ് ലിക്വിഡേഷനുമുമ്പായി ആക്ഷേപം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. പതിനഞ്ചുദിവസത്തിനകം ആക്ഷേപം സമര്‍പ്പിക്കണമെന്ന് ഏപ്രില്‍ പതിനാറിനാണ് ഉത്തരവും നല്‍കിയത്.

തെലങ്കാനയില്‍ ഹൈദരാബാദില്‍ പുഞ്ചഗട്ടയിലാണ് പ്രഗതി മള്‍ട്ടിപര്‍പ്പസ് മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം മേല്‍വിലാസമായി കാണിച്ചിട്ടുള്ളത്. ഈ സംഘത്തിന്റെ പേരില്‍ നിക്ഷേപകരില്‍നിന്നു പണം വാങ്ങി മറ്റൊരു ഗ്രൂപ്പില്‍ നിക്ഷേപിച്ചു വഞ്ചിച്ചെന്നു നിരവധി പരാതികള്‍ കിട്ടി. രജിസ്റ്റര്‍ ചെയ്‌ത മേല്‍വിലാസത്തില്‍ ഇങ്ങനെയൊരു സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നും വേറൊരു സ്ഥാപനമാണ് അവിടെയുള്ളതെന്നും അതു പൂട്ടിക്കിടക്കുകയാണെന്നുമാണു സംസ്ഥാനസഹകരണരജിസ്‌ട്രാറുടെ റിപ്പോര്‍ട്ട്. 2020-21മുതല്‍ വാര്‍ഷികക്കണക്കുകള്‍ നല്‍കിയിട്ടുമി്‌ല്ല. ഇതെത്തുടര്‍ന്നാണു ലിക്വിഡേഷനുമുന്നോടിയായി ആക്ഷേപം ബോധിപ്പിക്കാന്‍ നിര്‍ദേശം. പതിനഞ്ചുദിവസത്തിനകം ആക്ഷേപം അറിയിക്കണമെന്നാണ് ഏപ്രില്‍ പതിനഞ്ചിലെ ഉത്തരവ്.
ഗുജറാത്തില്‍ അഹമ്മദാബാദിലെ ഭോപ്പാല്‍ ക്രോസ് റോഡി അമര്‍പാലി ഷോപ്പിങ് മാള്‍ മേല്‍വിലാസത്തില്‍ രജിസ്‌ട്രേഷനു സമീപിച്ച യുണൈറ്റഡ് അഗ്രികള്‍ച്ചര്‍ മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രൊമോട്ടര്‍ക്കാണ് പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ഉപദേശം നല്‍കിയത്. കേന്ദ്രരജിസ്‌ട്രാറുടെ ഉത്തരവിനെതിരെ ഈ സംഘത്തിന്റെ ചീഫ് പ്രൊമോട്ടര്‍ 2025 ഓഗസ്‌റ്റ് ഒന്നിന് അപ്പീല്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിന് ഇതില്‍ വാദം കേട്ടു. അപ്പീല്‍ സമര്‍പ്പിക്കാനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കാന്‍ ചീഫ് പ്രൊമോട്ടര്‍ക്കു കഴിഞ്ഞില്ലെന്ന് അപ്പലേറ്റ് അതോറിട്ടിയുടെ ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണു മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു കേന്ദ്രസഹകരണരജിസ്‌ട്രാറുടെ പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷനു പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ഉപദേശിച്ചുകൊണ്ടു ഹര്‍ജി തീര്‍പ്പാക്കിയത്.

