സഹകരണസ്ഥാപനങ്ങള്‍ക്കു വിവരാവകാശം ബാധകമാവുക സര്ക്കാര്ഫണ്ടുണ്ടെങ്കില് മാത്രം:അമിത്ഷാ
വലിയതോതില്‍ സര്‍ക്കാര്‍സഹായമുള്ള സഹകരണസ്ഥാപനങ്ങള്ക്കുമാത്രമേ വിവരാവകാശനിയമം ബാധകമാകൂവെന്നു കേന്ദ്രസഹകരണമന്ത്രി അമിത്ഷാ ലോക്സഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി അഭിപ്രായപ്പെട്ടതായി ഇന്ത്യന്‍ കോഓപ്പറേറ്റീവ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ക്ഷീരസഹകരണയൂണിയനുകള്, സഹകരണബാങ്കുകള്‍, എപിഎംസികള്‍, സംസ്ഥാനസഹകരണഫെഡറേഷനുകള് എന്നിവയാണു പ്രധാനമായും സംസ്ഥാനസര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്നത്. അവയ്ക്കു സ്വന്തം സ്കീമുകള്‍വഴി സംസ്ഥാനസര്‍ക്കാരുകള്‍ സാമ്പത്തികസഹായം നല്‍കുന്നുണ്ട്. ദേശീയക്ഷീരവികസനപരിപാടി, എസ്എറ്റിഎറ്റി ദൗത്യം, പ്രധാനമന്ത്രിമത്സ്യസമ്പദയോജന എന്നിവയും സഹകരണവളര്ച്ചയെ സഹായിക്കുന്നുണ്ട്. ഭരണമികവും ഉത്തരവാദിത്വവും കൂട്ടാനും തിരഞ്ഞെടുപ്പുകള്‍ നന്നായി നടത്താനും മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍ പ്രധാനപ്പെട്ട ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തികസഹായമുള്ള സ്ഥാപനങ്ങള്മാത്രമാണു വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതെങ്കിലും സഹകരണമേഖല കൂടുതല്‍ തുറന്നതാക്കാനാണു ഭേദഗതികള്‍.- റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരവാകാശനിയമം സഹകരണസ്ഥാപനങ്ങള്‍ക്ക് എത്രത്തോളം ബാധകമാണെന്നതില്‍ വ്യത്യസ്തനിലപാടുകള്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ കേന്ദ്രസഹകരണമന്ത്രിയുടെ നിലപാടിനു പ്രത്യേകപ്രാധാന്യമുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സഹകരണസ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങളല്ലെന്നും ഗണ്യമായതോതില്‍ സര്ക്കാര്ധനസഹായമോ സര്ക്കാര്നിയന്ത്രണമോ ഇല്ലാത്തപക്ഷം അവ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും തലപ്പലം സര്‍വീസ് സഹകരണബാങ്കിന്റെ കേസില്‍ വിധിയുണ്ടായിരുന്നു. എന്നാല്‍ മുപ്പത്തടം സര്‍വീസ് സഹകരണബാങ്കുമായി ബന്ധപ്പെട്ട കേസില്‍ സഹകരണസ്ഥാപനത്തിനു വിവരാവകാശം ബാധകമല്ലെങ്കിലും രജിസ്ട്രാര്‍, സര്ക്കാര്ഉദ്യോഗസ്ഥനെന്ന നിലയില്‍, അദ്ദേഹത്തിന്റെപക്കല് സര്ക്കാര്നടപടികളുടെഭാഗമായുള്ള വിവരങ്ങള്‍ വിവരാവകാശപ്രകാരം നല്‍കണമെന്നു വിധിയുണ്ടായി. വലിയതോതില്‍ സര്ക്കാര്നിയന്ത്രണമില്ലാത്ത സഹകരണസ്ഥാപനങ്ങള്‍ക്കു വിവരാവകാശനിയമം ബാധമല്ലെന്ന് ബോംബെഹൈക്കോടതി വിധിയുണ്ട്. പക്ഷേ, വിവരാവകാശഉദ്യോഗസ്ഥര്ക്ക് ഇപ്പോഴും സഹകരണസ്ഥാപനങ്ങളെപ്പറ്റി വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള കത്തുകള്‍ ലഭിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യത്യസ്താഭിപ്രായങ്ങളുമുണ്ട്. വിവരാവകാശം നിഷേധിക്കുന്നതു ജനാധിപത്യവിരുദ്ധമാണെന്നാണ് ഒരു അഭിപ്രായം. എന്നാല്‍ സഹകരണസ്ഥാപനങ്ങള്‍ വായ്പ കൊടുക്കലും നിക്ഷേപം സ്വീകരിക്കലുമടക്കം നിരവധി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളാണെന്നും അവയ്ക്കു വിവരാവകാശം ബാധകമാക്കിയാല്‍ ബിസിനസില്‍ പാലിക്കേണ്ട സ്വകാര്യതയും ബിസിനസ്-വ്യാപാരവിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനുള്ള അവകാശവും ലംഘിക്കപ്പെടുമെന്നതാണു മറുവശം. സഹകരണേതരമായ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഈ അവകാശങ്ങളൊക്കെയുണ്ടെന്നും, അവിടങ്ങളില്‍ സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ ഔദ്യോഗികപ്രവര്ത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ വിവരാവകാശപ്രകാരം നല്കാന് ബാധ്യസ്ഥമാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

