ഒരു സംസ്ഥാനം ഒരു ആര്‍.ആര്‍.ബി: പദ്ധതി അടുത്തകൊല്ലം നടപ്പാകും

moonamvazhi

‘ ഒരു സംസ്ഥാനം ഒരു മേഖലാഗ്രാമീണബാങ്ക് ‘ (റീജിയണല്‍ റൂറല്‍ ബാങ്ക് – ആര്‍.ആര്‍.ബി) എന്ന നയം പ്രാവര്‍ത്തികമാക്കാനുള്ള നടപടികളുമായി കേന്ദ്രധനമന്ത്രാലയം മുന്നോട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ സജീവമാണ്. 2025 സാമ്പത്തികവര്‍ഷാവസാനത്തോടെ ഇതു യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശ്യമെന്നാണു സൂചന. പല ആര്‍.ആര്‍.ബി.കളെയും ലയിപ്പിക്കേണ്ടിവരും. ഭേദഗതികളുടെ കരടുരൂപം തയ്യാറായിവരികയാണ്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ ആര്‍.ആര്‍.ബികളുടെ മേധാവികളുമായി ചര്‍ച്ചകള്‍ നടത്തി. ജീവനക്കാരുടെ ക്ഷാമവും ഇടപാടുകള്‍ വിവിധ ആര്‍.ആര്‍.ബി.കളിലായി വിഭജിക്കപ്പെട്ടുപോകുന്നതുകൊണ്ടുള്ള അധികച്ചെലവും സാങ്കേതികവിദ്യ കൂടുതല്‍ ആധുനികീകരിക്കേണ്ടതിന്റെ ആവശ്യകതയുമാണു സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിക്കുന്നത്. 44 ആര്‍.ആര്‍.ബി.കളാണുള്ളത്. ഇതു മുപ്പതാക്കി കുറയ്ക്കും. ഓരോ സംസ്ഥാനത്തും കഴിവതും ഒരു ആര്‍.ആര്‍.ബി. മാത്രമാക്കും. യു.പി, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രണ്ടും അതിലേറെയും ആര്‍.ആര്‍.ബി.കളുണ്ട്. ഒരു സംസ്ഥാനത്ത് ഒരു ആര്‍.ആര്‍.ബി. മാത്രമാക്കുമ്പോള്‍ കോര്‍ബാങ്കിങ്ങും മറ്റും നടപ്പാക്കി പ്രവര്‍ത്തനത്തിനു പൊതുരൂപം കൊണ്ടുവരും.