കാരുണ്യ പദ്ധതിയില്‍ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാക്കാന്‍ ആലോചന

Moonamvazhi

സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാകുന്ന കാരുണ്യപദ്ധതിയിലെ വ്യവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കാരുണ്യ പദ്ധതിയലൂടെയുള്ള ആനുകൂല്യം ലഭിക്കുന്നതിന് ചില ചികിത്സയും ശസ്ത്രക്രീയയും സര്‍ക്കാര്‍ ആശുപത്രികളില്‍തന്നെ ചെയ്യണമെന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പദ്ധതിയില്‍നിന്നുള്ള ആനുകൂല്യം പറ്റുന്നതില്‍ ക്രമക്കേട് വ്യാപകമാകുകയും പദ്ധതി മുടങ്ങുന്നതിന്റെ വക്കിലെത്തുകയും ചെയ്തതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പരിഗണിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നത്. സഹായം ദുരുപയോഗം ചെയ്യുന്ന തരത്തില്‍ തട്ടിപ്പ് നടക്കുന്നതായി സി.എ.ജി. റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്‍ഷൂറന്‍സ് പങ്കാളിയെ ഒഴിവാക്കി ചികിത്സ സഹായമെന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 42 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായ പദ്ധതി പാവങ്ങള്‍ക്ക് ഏറെ സഹായകരമാണെങ്കിലും വ്യപാകമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ചികിത്സ ചെലവിന്റെ കുടിശ്ശിക ഇനത്തില്‍ 500 കോടിയിലേറെ കിട്ടാനുണ്ടെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കാരുണ്യ വഴിയുള്ള ചികിത്സ നിര്‍ത്തിവെക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ നീക്കം സഹകരണ ആശുപത്രികളും പദ്ധതിയില്‍നിന്ന് പുറത്താകുമോയെന്നാണ് ഇപ്പോഴുയരുന്ന ആശങ്ക. സംസ്ഥാനത്ത് 110 സഹകരണ ആശുപത്രികളാണുള്ളത്. എല്ലാ ജില്ലകളിലും സഹകരണ ആശുപത്രികള്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന രീതിയില്‍ വളരണമെന്നതാണ് സഹകരണ വകുപ്പിന്റെ ലക്ഷ്യം. ഇതിനിടയിലാണ് സര്‍ക്കാരിന്റെ ഒരു പ്രധാന പദ്ധതിയില്‍നിന്ന് തന്നെ പുറത്താകുമെന്ന ആശങ്ക ഉയരുന്നത്.

നിലവില്‍ കാരുണ്യ പദ്ധതിയില്‍ എല്ലാ സഹകരണ ആശുപത്രികളും അംഗങ്ങളല്ല. പത്ത് സഹകരണ ആശുപത്രികള്‍ മാത്രമാണ് കാരുണ്യ പദ്ധതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ -സ്വകാര്യ മേഖലകളിലെ 566 ആശുപത്രികളാണ് ഈ പദ്ധതിയില്‍ ആകെയുള്ളത്. എല്ലാ സഹകരണ ആശുപത്രികളെയും കാരുണ്യ പദ്ധതിയിലെ എംപാനല്‍ ആശുപത്രികളാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ്, പദ്ധതിയില്‍തന്നെ പൂര്‍ണമായും പുറത്താകുമോയെന്ന സംശയം ഉയരുന്നത്.

 

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi