കൈത്തറിസംഘങ്ങള്‍ക്ക് 1.83 കോടി രൂപ അഞ്ചു വര്‍ഷമായി കുടിശ്ശിക

Moonamvazhi
  • പരാതിക്കാര്‍ പൂര്‍വാഞ്ചലിലെ കൈത്തറി സഹകരണസംഘം
  • കൈത്തറിസംഘത്തിന്റെ രക്ഷക്കെത്തിയത് ഡല്‍ഹി ഹൈക്കോടതി
  • നെയ്തുനല്‍കിയ ബനാറസ് സാരികള്‍ക്കുള്ള തുക പിടിച്ചുവെച്ചത് നിസ്സാരകാരണങ്ങള്‍ പറഞ്ഞ്

കൈത്തറിവസ്ത്രങ്ങള്‍ വാങ്ങിയവകയില്‍ നല്‍കാനുള്ള ഒന്നേമുക്കാല്‍ കോടിയോളം രൂപ നല്‍കുന്നില്ലെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ ഹാത്കര്‍ഘ സഹകാരി സംഘവും അഖിലേന്ത്യാ കൈത്തറിവസ്ത്രവിപണന സഹകരണസംഘവുമായുള്ള തര്‍ക്കത്തില്‍ കേന്ദ്ര സഹകരണരജിസ്ട്രാര്‍ ആര്‍ബിട്രേറ്ററെ നിയമിച്ചു. റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡോ. ടി. ഫിലിപ്പ് തങ്ക്‌ളിയാന്‍മാന്‍ഗിനെയാണു ആര്‍ബിട്രേറ്ററായി നിയമിച്ചിട്ടുള്ളത്.

ഉത്തര്‍പ്രദേശ് സംസ്ഥാന സഹകരണനിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘമാണു പൂര്‍വാഞ്ചല്‍ ഹാത്കര്‍ഘ സഹകാരി സംഘം. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സഹകരണഫെഡറേഷനാണു ന്യൂഡല്‍ഹി ആസ്ഥാനമായുള്ള അഖിലേന്ത്യാ കൈത്തറി വസ്ത്രവിപണന സഹകരണസംഘം. പൂര്‍വാഞ്ചല്‍ സംഘം ഫെഡറേഷനെ ഒന്നാം എതിര്‍കക്ഷിയാക്കിയും കേന്ദ്രസഹകരണരജിസ്ട്രാറെ രണ്ടാം എതിര്‍കക്ഷിയാക്കിയും ഡല്‍ഹി ഹൈക്കോടതിയില്‍ ജനുവരി 15ന് ആര്‍ബിട്രേഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ആര്‍ബിട്രേറ്ററെ നിയമിക്കണമെന്നായിരുന്നു ആവശ്യം. മൂന്നാഴ്ചക്കകം ആര്‍ബിട്രേറ്ററെ നിയമിക്കാന്‍ ജസ്റ്റിസ് ജെ. ദിനേശ്കുമാര്‍ശര്‍മ ഏപ്രില്‍ 24ന് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണു നിയമനം.

പരമ്പരാഗത ബനാറസ് സാരികളും തുണിത്തരങ്ങളും നെയ്യുന്നവരുടെ സഹകരണസംഘമായ പൂര്‍വാഞ്ചല്‍ സംഘം, ഫെഡറേഷനായ അഖിലേന്ത്യ കൈത്തറിവസ്ത്രവിപണനസഹകരണസംഘത്തില്‍ മുപ്പതു വര്‍ഷത്തിലേറെയായി അംഗമാണ്. നല്‍കിയ തുണിത്തരങ്ങളുടെ വിലയായി സംഘത്തിനു കിട്ടേണ്ട 1,83,32,731 രൂപ 2019 മുതല്‍ ഫെഡറേഷന്‍ നല്‍കിയിട്ടില്ല. ഈ ബില്ലുകളിലേറെയും മൂന്നു വര്‍ഷത്തിലേറെയായി പിടിച്ചുവച്ചിരിക്കുകയാണ്. നിസ്സാരകാരണങ്ങള്‍ പറഞ്ഞാണ് ഇവ പിടിച്ചുവച്ചിരിക്കുന്നതെന്നു ഹര്‍ജിയില്‍ ആരോപിച്ചു. തങ്ങള്‍ക്കു പണം കിട്ടാതായതിനെത്തുടര്‍ന്നു ഹര്‍ജിക്കാര്‍ 2023 മെയ് 26നു കേന്ദ്രസഹകരണരജിസ്ട്രാര്‍ക്കു പരാതി നല്‍കി. ആര്‍ബിട്രേറ്ററെ വയ്ക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പക്ഷേ, രജിസ്ട്രാര്‍ മറുപടി നല്‍കിയില്ല. ഇതെത്തുടര്‍ന്നാണു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ആര്‍ബിട്രേറ്ററെ വയ്ക്കണമെന്നായിരുന്നു അതിലെയും ആവശ്യം.

ആര്‍ബിട്രേഷന്‍-കണ്‍സിലിയേഷന്‍ നിയമത്തിന്റെ 21-ാം അനുച്ഛേദംപ്രകാരമുള്ള നോട്ടീസ് ഫെഡറേഷനു നല്‍കിയിട്ടില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നു ഫെഡറേഷന്റെ അഭിഭാഷകര്‍ വാദിച്ചു. പ്രശ്‌നം ഉന്നയിച്ചു കേന്ദ്രസഹകരണരജിസ്ട്രാര്‍ക്കു നല്‍കിയ നോട്ടീസിന്റെ പകര്‍പ്പോ അറിയിപ്പോ ഫെഡറേഷനു നല്‍കിയിരുന്നില്ലെന്ന വാദവും അവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, 21-ാം അനുച്ഛേദപ്രകാരമുള്ള മുന്‍കൂര്‍നോട്ടീസ് നടപടികളുടെ മുന്നുപാധിയാണെങ്കിലും, ഇത്തരമൊരു നോട്ടീസിന്റെ പ്രൊഫോര്‍മയൊന്നും നല്‍കിയിട്ടില്ലെന്നു കോടതി പറഞ്ഞു. ആര്‍ബിട്രേഷന്‍ നടപടി തുടങ്ങുന്ന കാര്യം ബന്ധപ്പെട്ട കക്ഷിയുടെ ശ്രദ്ധയില്‍പെടുത്തുക എന്നതാണ് ആ അനുച്ഛേദത്തിന്റെ ഉദ്ദേശ്യം. കേസിലെ മുഖ്യപ്രശ്‌നം കേന്ദ്രസഹകരണരജിസ്ട്രാര്‍ക്ക് ആര്‍ബിട്രേറ്ററെ നിയമിക്കാനുള്ള അധികാരമുണ്ടോയെന്നും അദ്ദേഹം ആര്‍ബിട്രേറ്ററെ നിയമിച്ചില്ലെങ്കില്‍ എന്താണു പരിഹാരമെന്നുമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi