കാര്‍ഷിക വായ്പയ്ക്കുള്ള പലിശയിളവില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക അനുവദിച്ച് ഉത്തരവ്

moonamvazhi

പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക വായ്പാപലിശയിളവില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക അനുവദിച്ചു. 1,30,74,419 രൂപയാണ് അനുവദിച്ചത്. 2012 മാര്‍ച്ച് 31വരെയുള്ള കുടിശ്ശിക തുകയാണിത്.

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പയില്‍ കൃത്യമായി തിരിച്ചടവുണ്ടായാല്‍ പലിശയില്‍ അഞ്ചുശതമാനം ഇളവ് നല്‍കുന്ന പദ്ധതി 1991-92 സാമ്പത്തിക വര്‍ഷം മുതലാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. കാര്‍ഷിക വായ്പ പലിശ രഹിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്. ഏഴ് ശതമാനമാണ് കാര്‍ഷിക വായ്പയുടെ പലിശ. ഇതില്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് നാലുശതമാനം നബാര്‍ഡിന്റെ ഇളവ് ലഭിക്കുമായിരുന്നു. ബാക്കി പലിശ സര്‍ക്കാര്‍ വഹിക്കാനാണ് അഞ്ചുശതമാനം പലിശയിളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള പദ്ധതി പ്രഖ്യാപിച്ചത്. നബാര്‍ഡിന്റെ പലിശഇളവ് കഴിഞ്ഞ് ബാക്കിഭാഗമാണ് സര്‍ക്കാരിന്റെ പദ്ധതിയില്‍ ഇളവായി ലഭിക്കുക.

ഈ പദ്ധതിയനുസരിച്ച് സഹകരണ ബാങ്കുകള്‍ പലിശരഹിതമായി വായ്പ അനുവദിച്ചെങ്കിലും ആ തുക സര്‍ക്കാരില്‍നിന്ന് അനുവദിച്ചുകിട്ടിയില്ല. 2012വരെയുള്ള കുടിശ്ശികമാത്രമാണ് 1.30കോടിരൂപയുള്ളത്. അതിന് ശേഷമുള്ള തുക പിന്നെയും ബാക്കിയാണ്. കഴിഞ്ഞ നാലുവര്‍ഷമായി നബാര്‍ഡില്‍നിന്നുള്ള വിഹിതവും സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുന്നില്ല. ഇതോടെ നിലവില്‍ പലിശരഹിത കാര്‍ഷിക വായ്പ എന്ന പദ്ധതി സര്‍ക്കാരിന്റേതായി നിലവിലുണ്ടെങ്കിലും അത് കര്‍ഷകര്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്.

സര്‍ക്കാര്‍ വിഹിതം കുടിശ്ശികയായത് സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിച്ചിരുന്നു. അതിനാല്‍, സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2012 മാര്‍ച്ച് 31വരെയുള്ള കുടിശ്ശിക കണക്കാക്കി ജൂണ്‍ 21ന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഇതാണ് ഇപ്പോള്‍ അനുവദിച്ച് ഉത്തരവിറക്കിയത്.