സഹകരണ ബ്രാന്‍ഡിങ്ങിനു 50 ലക്ഷം ; ചുമതലക്കാരെ നിശ്ചയിക്കാനായില്ല

Deepthi Vipin lal

സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു ഏകീകകൃത ബ്രാന്‍ഡിങ്ങിനും മാര്‍ക്കറ്റിങ്ങിനുമായി തയാറാക്കിയ പദ്ധതിക്കു സര്‍ക്കാര്‍ 50 ലക്ഷം അനുവദിച്ചു. സബ്സിഡിയായാണു ഈ സഹായം. എന്നാല്‍, പദ്ധതി നടത്തിപ്പിനു മാര്‍ക്കറ്റിങ് സംഘങ്ങളെ നിശ്ചയിക്കാന്‍ ഇതുവരെ സഹകരണ വകുപ്പിനു കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ച പണം ഏതു ഏജന്‍സിക്കാണു കൈമാറുന്നതു എന്നതു സംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങളാണു ഇപ്പോഴുയരുന്നത്.

സഹകരണ സംഘങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കി കോ-ഓപ് കേരള മുദ്രയോടെ വിപണിയിലെത്തിക്കുന്നതായിരുന്നു പദ്ധതി. കോ-ഓപ് മുദ്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവയ്ക്കു വിപണി ഉറപ്പാക്കാനുള്ള നടപടിയാണു അടുത്ത ഘട്ടത്തില്‍ വേണ്ടത്. ഇതിനാണു സര്‍ക്കാര്‍ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കീഴിലും കോ-ഓപ് മാര്‍ട്ടുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണു ഈ പ്രഖ്യാപനം നടത്തിയത്.

സഹകരണ ഉല്‍പ്പന്നങ്ങളുടെ സംഭരണ-വിതരണ സംവിധാനം ഒരുക്കുന്നതിനും പ്രമോഷനും മാര്‍ക്കറ്റിങ്ങും നിര്‍വഹിക്കുന്നതിനും ഏതെങ്കിലും മാര്‍ക്കറ്റിങ് സഹകരണ സ്ഥാപനങ്ങള്‍ക്കു ചുമതല നല്‍കാനായിരുന്നു തീരുമാനം. സംസ്ഥാനത്തെ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളില്‍നിന്നു ഇതിനുള്ള താല്‍പര്യ പത്രം ക്ഷണിച്ചു. ഈ പദ്ധതി നിര്‍വഹണം എങ്ങനെ നടത്താമെന്ന പ്രപ്പോസല്‍ സഹിതമായിരുന്നു അപേക്ഷിക്കേണ്ടിയിരുന്നത്. നിരവധി സംഘങ്ങള്‍ രജിസ്ട്രാര്‍ക്കു് അപേക്ഷ നല്‍കി. പദ്ധതിരേഖയും സംഘത്തിന്റെ കാര്യശേഷിയും കണക്കിലെടുത്തു ഏഴ് സംഘങ്ങളെ പ്രാഥമിക പരിശോധനയില്‍ തിരഞ്ഞെടുത്തു.

ഒരു ജില്ലയില്‍ ഒരു കോ-ഓപ് മാര്‍ട്ട്

സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ പണം അനുവദിക്കുന്ന പദ്ധതിയായതിനാല്‍ ഇതു മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്കു നല്‍കാതിരിക്കാനുള്ള ഇടപെടല്‍ ഈ ഘട്ടത്തിലുണ്ടായെന്നാണു വാര്‍ത്ത. അതു ശരിവെക്കുന്ന രീതിയിലാണു പിന്നീട് സഹകരണ വകുപ്പിന്റെ തുടര്‍ നടപടികളുമുണ്ടായത്. എല്ലാ പ്രഥമിക സഹകരണ ബാങ്കുകള്‍ക്കും കീഴില്‍ കോ-ഓപ് മാര്‍ട്ട് എന്ന സര്‍ക്കാര്‍ പ്രഖ്യാപനം തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഒരു ജില്ലയില്‍ ഒരു കോ-ഓപ് മാര്‍ട്ട് എന്ന രീതിയില്‍ മാത്രമാക്കി ചുരുക്കി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.


സംഭരണ, വിതരണ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതാണു ഇതിനു കാരണം. മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളെ പദ്ധതിയില്‍നിന്നു ഒഴിവാക്കിയതോടെയാണു സംഭരണ,വിതരണ സംവിധാനം പാളിയത്. ഒരു ജില്ലയില്‍ ഒരു കോ-ഓപ് മാര്‍ട്ട് തുടങ്ങിയാലും അവിടേക്കു എങ്ങനെയാണു സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളെത്തിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സംഘങ്ങള്‍ ഏതെങ്കിലും വിധത്തില്‍ സ്വന്തം നിലയില്‍ സാധനങ്ങള്‍ എത്തിക്കട്ടെ എന്ന നിലപാടിലാണു സഹകരണ വകുപ്പുള്ളത്. ഇതോടെ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിങ് രംഗത്തു ആദ്യമായി നടപ്പാക്കിയ മാതൃകാപരമായ പദ്ധതി അട്ടിമറിച്ച് ഇല്ലാതാകുമോയെന്ന ആശങ്കയാണു സഹകാരികള്‍ക്കുള്ളത്.

പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കുന്ന 50 ലക്ഷം രൂപ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്കല്ലാതെ മറ്റൊരു സ്ഥാപനത്തിനു കൈമാറാന്‍ ധാരണയായെന്നാണു വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളോ സര്‍ക്കുലറോ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങാണു ലക്ഷ്യമിടുന്നതു എന്നരീതിയില്‍ ഐ.ടി. സ്ഥാപനത്തിനാണു പണം കൈമാറാന്‍ ഒരുങ്ങുന്നത്. ഐ.ടി. സ്ഥാപനത്തിനു സംഭരണ , വിതരണ കേന്ദ്രം ഒരുക്കാനാകില്ല. അതിനാല്‍, കോ-ഓപ് മാര്‍ട്ടിലേക്കു സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കാനായിട്ടില്ല.

പദ്ധതി ഒതുക്കുന്നതായി ആക്ഷേപം

സര്‍ക്കാര്‍ പ്രഖ്യാപനം പേരിനു മാത്രം നടപ്പാക്കാനാണു 14 കോ-ഓപ് മാര്‍ട്ട് എന്ന രീതിയില്‍ പദ്ധതി ഒതുക്കുന്നതെന്നാണു ആക്ഷേപം. സംഭരണ, വിതരണ സംവിധാനം ഒരുക്കാന്‍ ശേഷിയുള്ള മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്കല്ലാതെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു കീഴിലും കോ-ഓപ് മാര്‍ട്ട് തുടങ്ങിയാല്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയില്ല. ഇതോടെയാണ് സര്‍ക്കാര്‍ സഹായം മറ്റു ഏജന്‍സികള്‍ക്കു കൈമാറി പദ്ധതിതന്നെ അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന ആക്ഷേപത്തിനു ഇടയാക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!