മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ ലിക്വിഡേഷന്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് എതിര്‍പ്പ്

moonamvazhi

പ്രവര്‍ത്തനരഹിതമായ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ സമാപ്തീകരണ ( ലിക്വിഡേഷന്‍ ) നടപടികള്‍ അനന്തമായി നീണ്ടുപോകുന്നതില്‍ കേന്ദ്ര കാര്‍ഷിക-മൃഗസംരക്ഷണ-ഭക്ഷ്യസംസ്‌കരണ വകുപ്പിനായുള്ള സ്റ്റാന്റിങ് കമ്മിറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രവര്‍ത്തനം നിലച്ച ഒരൊറ്റ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ലിക്വിഡേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം സംഘങ്ങളിലെ നിക്ഷേപകരുടെയും അംഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ തിരുത്തല്‍നടപടികള്‍ എത്രയും വേഗം എടുക്കണമെന്നു കമ്മിറ്റി സഹകരണമന്ത്രാലയത്തോട് നിര്‍ദേശിച്ചു.

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള 1481 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളാണു രാജ്യത്തുള്ളത്. ഇവയില്‍ അഞ്ചു ബാങ്കുകളടക്കം 83 സംഘങ്ങള്‍ ലിക്വിഡേഷനിലാണ്. വിവിധ കോടതികളിലും ട്രിബ്യൂണലുകളിലും ഫോറങ്ങളിലുമുള്ള കേസുകളിലെ നിയമനടപടികള്‍ കാരണം ലിക്വിഡേഷന്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇതുകാരണം ബുദ്ധിമുട്ടുന്ന നിക്ഷേപകരുടെയും അംഗങ്ങളുടെയും സാമ്പത്തികതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു കേന്ദ്ര സഹകരണമന്ത്രാലയം യുക്തമായ മൂലധന-വായ്പാ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കണം – സ്റ്റാന്റിങ് കമ്മിറ്റി നിര്‍ദേശിച്ചു.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കെന്നപോലെ രാജ്യത്തെ എല്ലാ സഹകരണസംഘങ്ങള്‍ക്കും 2005 ലെ വിവരാവകാശനിയമം ബാധകമാക്കുന്ന കാര്യം സഹകരണമന്ത്രാലയം പരിശോധിക്കണമെന്നു സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. സഹകരണസംഘം കേന്ദ്ര രജിസ്ട്രാര്‍ക്കും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും രജിസ്ട്രാര്‍മാര്‍ക്കുമാണു സംഘങ്ങളുടെ ഭരണത്തിന്റെയും നിയന്ത്രണത്തിന്റെയും ചുമതലയെന്നു കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തു രജിസ്റ്റര്‍ ചെയ്ത 8.54 ലക്ഷം സഹകരണസംഘങ്ങളുണ്ട്. ഇതില്‍ 95,000 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളാണ്. സ്ഥാപിതതാല്‍പ്പര്യക്കാരായ ചില അംഗങ്ങളുടെ പ്രവൃത്തികളടക്കം വിവിധ കാരണങ്ങളാല്‍ കേന്ദ്ര-സംസ്ഥാന നിയന്ത്രണത്തിലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കുറഞ്ഞുവരുന്നുണ്ട്. ഈ സുതാര്യത ഉറപ്പുവരുത്താന്‍ എല്ലാ സംഘങ്ങളെയും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം സഹകരണമന്ത്രാലയം പരിശോധിക്കണം – കമ്മിറ്റി നിര്‍ദേശിക്കുന്നു.

അതേസമയം, 2005 ലെ വിവരാവകാശ നിയമം ( RTI Act ) സഹകരണം സംസ്ഥാനവിഷയമായി വരുന്ന സഹകരണസംഘങ്ങള്‍ക്കു ബാധകമല്ലെന്നാണു സുപ്രീംകോടതിയുടെ വിധി. കേരള സഹകരണ രജിസ്‌ട്രേഷന്‍ നിയമവുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2013 ലാണു ഇങ്ങനെ സുപ്രീം കോടതി വിധി പറഞ്ഞത്. സഹകരണസംഘം എന്നതു നിയമത്താല്‍ ഏര്‍പ്പെടുത്തപ്പെട്ട, പരമാധികാരമുള്ള സ്ഥാപനമല്ലെന്നും ഒരു നിയമത്തിന്‍കീഴില്‍ സൃഷ്ടിക്കപ്പെട്ട സ്ഥാപനം മാത്രമാണെന്നുമായിരുന്നു കോടതിവിധി. സഹകരണസംഘം ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയല്ലാത്തതിനാല്‍ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ അതിനു ബാധകമല്ല എന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28 നു ഈ സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടി സമാനമായ ഒരു കേസില്‍ മദ്രാസ് ഹൈക്കോടതി വിധി പറയുകയുണ്ടായി. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ പെരുഞ്ചേരി പ്രാഥമിക കാര്‍ഷികവായ്പാസംഘത്തിന്റെ റിട്ട് ഹര്‍ജി അനുവദിച്ചുകൊണ്ടാണു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. സംഘം പലിശരഹിത വായ്പകള്‍ നല്‍കിയ കര്‍ഷകരുടെ പേരുവിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം വെളിപ്പെടുത്തണമെന്ന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവിനെയാണു വായ്പാസംഘം ചോദ്യം ചെയ്തിരുന്നത്. വിവരാവകാശനിയമം ഹര്‍ജിക്കാരുടെ സംഘത്തിനു ബാധകമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.

Leave a Reply

Your email address will not be published.

Latest News