സഹകരണ ബാങ്കുകളെ പൊതുസേവന കേന്ദ്രമാക്കുന്ന പദ്ധതിക്ക് കേരളമില്ല

moonamvazhi

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളെ അവയുടെ പ്രവര്‍ത്തന പരിധിയിലെ പൊതുസേവന കേന്ദ്രമാക്കാനുള്ള കേന്ദ്ര പദ്ധതിക്ക് കേരളമില്ല. അക്ഷയ സെന്ററുകള്‍ നിലവിലുള്ളതിനാല്‍ കേന്ദ്രപദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളെ കൊണ്ടുവരേണ്ടതില്ലെന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തെ എല്ലാപഞ്ചായത്തുകളിലും കുറഞ്ഞത് രണ്ട് അക്ഷയകേന്ദ്രങ്ങളെങ്കിലും ഉണ്ട്. അതിന് പുറമെ, സ്വകാര്യ സംരംഭകരുടെ കോമണ്‍ സര്‍വീസ് കേന്ദ്രങ്ങളും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രപദ്ധതിക്ക് കേരളത്തില്‍ അനുമതി നല്‍കേണ്ടതില്ലെന്നാണ് സഹകരണ വകുപ്പിന്റെ വിശദീകരണം.

ഒരുപഞ്ചായത്തില്‍ ഒരുകാര്‍ഷിക വായ്പ സഹകരണ സംഘം ഉറപ്പാക്കാനും അവയെ ആ പഞ്ചായത്തിന്റെ അടിസ്ഥാന വികസന-സേവന കേന്ദ്രമാക്കി മാറ്റാനുമാണ് കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ പദ്ധതി. ക്രഡിറ്റ് ബിസിനസിന് പുറമെ 300 സേവനങ്ങളാണ് പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സഹകരണ മന്ത്രാലയവും നബാര്‍ഡും ഇതിനുള്ള ധാരണാപത്രം ഉണ്ടാക്കിയതിന് ശേഷമാണ് നബാര്‍ഡ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ പ്രാദേശിക നിര്‍വഹണ ഏജന്‍സി, ബാങ്കിങ്, ഇന്‍ഷൂറന്‍സ്, ആധാര്‍ എന്‍ട്രോള്‍മെന്റ്-തിരുത്തല്‍, നിയമ സേവനം, കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം, പാര്‍കാര്‍ഡ്, റെയില്‍വേ ഏജന്‍സി, ബസ്-എയര്‍ സേവനം എന്നിവയെല്ലാം സഹകരണ സംഘങ്ങള്‍ക്ക് കീഴിലേക്ക് കൊണ്ടുവരിയതാണ് ലക്ഷ്യം. ഇതിനായി കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സേവ പോര്‍ട്ടലുമായി സഹകരണ സംഘങ്ങളെ ബന്ധിപ്പിക്കാനാണ് തീരുമാനം.

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഒരു ഗ്രാമത്തിന്റെ പൊതു സേവന കേന്ദ്രമാക്കണമെങ്കില്‍ അവ സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. ഇതിനാണ് സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി എന്ന നിലയിലേക്ക് സംഘങ്ങളെ മാറ്റുന്നത്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയല്ല കേരളത്തിലുള്ളതെന്നാണ് സംസ്ഥാന സഹകരണ വകുപ്പിന്റെ നിലപാട്. കേന്ദ്രം ലക്ഷ്യമിട്ട പദ്ധതികളെല്ലാം കേരളത്തില്‍ പല സംരഭങ്ങളിലൂടെ നടക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങള്‍, സ്വകാര്യ സേവന കേന്ദ്രങ്ങള്‍, കര്‍ഷക സേവന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്. ഇതിനൊപ്പം സഹകരണ സംഘങ്ങളെ കൂടി പൊതുസേവന കേന്ദ്രങ്ങളാക്കി മാറ്റുന്നത് നിലവിലെ സംവിധാനങ്ങളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. അതാണ് ഈ കേന്ദ്രപദ്ധതി കേരളത്തില്‍ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ കാരണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!