സഹകരണജീവനക്കാരുടെ സേവനസുരക്ഷയ്ക്കായി കര്‍ണാടകത്തില്‍ നിയമഭേദഗതി

moonamvazhi
2023 ലെ കര്‍ണാടക സഹകരണസംഘം ( ഭേദഗതി ) നിയമത്തിനു ചട്ടങ്ങള്‍ തയാറാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു സംസ്ഥാന സഹകരണമന്ത്രി കെ.എന്‍. രാജണ്ണ അറിയിച്ചു. നിയമമന്ത്രിയാണു ചട്ടങ്ങള്‍ തയാറാക്കുന്നത്. അതു കിട്ടിക്കഴിഞ്ഞാല്‍ വേഗം നടപ്പാക്കും. സഹകരണസംഘങ്ങളിലും ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളിലും ജീവനക്കാര്‍ക്കു സേവനസുരക്ഷ ഉറപ്പാക്കുന്നതു നിയമഭേദഗതിയുടെ ഉദ്ദേശ്യങ്ങളില്‍പ്പെടും. റൂറല്‍ സഹകരണസംഘങ്ങളിലെയും ക്ഷീരോല്‍പ്പാദകസംഘങ്ങളിലെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കു സേവനസുരക്ഷിതത്വമില്ല. എന്തെങ്കിലും ആരോപണമോ രാഷ്ട്രീയസമ്മര്‍ദമോ ഉണ്ടായാല്‍ സംഘം ഭരണസമിതി അവരെ പിരിച്ചുവിടുകയാണ്. ജീവനക്കാരുടെ സേവനസുരക്ഷ ഉറപ്പാക്കാനാണു നിയമത്തിലെ സെക്ഷന്‍ 128 ( എ ) ഭേദഗതി ചെയ്തത്. ഇതിനു ഗവര്‍ണറുടെ അംഗീകാരം കിട്ടിക്കഴിഞ്ഞു- മന്ത്രി പറഞ്ഞു.

ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് പ്രസിഡന്റ് അധ്യക്ഷനായും സി.ഇ.ഒ. മെമ്പര്‍ സെക്രട്ടറിയായും സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ അംഗമായും ഒരു കോമണ്‍ കേഡര്‍ അതോറിറ്റി രൂപവത്കരിക്കാന്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. സഹകരണസംഘം ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുക ഈ അതോറിറ്റിയാകും. ജില്ലാ ബാങ്കിന്റെ ഒരു പ്രതിനിധിയെ സഹകരണസംഘങ്ങളുടെ ഭരണസമിതിയില്‍ അംഗമാക്കിയിരുന്ന പഴയ സമ്പ്രദായം തിരിച്ചുകൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.

അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് കൂടുതല്‍ അംഗങ്ങളെ സഹകരണസംഘങ്ങളില്‍ ചേര്‍ക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സഹകരണപ്രസ്ഥാനം ഒരു ജനകീയപ്രസ്ഥാനമായി മാറണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂന്നു ശതമാനം പലിശനിരക്കിലുള്ള മധ്യകാലവായ്പയുടെ തുക പത്തു ലക്ഷത്തില്‍നിന്നു 15 ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ പാല്‍വില കൂട്ടാനുള്ള നിര്‍ദേശങ്ങളൊന്നും ഇപ്പോള്‍ സര്‍ക്കാരിനു മുമ്പാകെയില്ല. ഇക്കഴിഞ്ഞ ആഗസ്റ്റിലാണു പാല്‍വില ലിറ്ററിനു മൂന്നു രൂപ കൂട്ടിയത്. പാലുല്‍പ്പാദക യൂണിയനുകളുടെ ആവശ്യപ്രകാരമായിരുന്നു ഈ വര്‍ധന. ഇടയ്ക്കിടെ പാല്‍വില കൂട്ടുന്നത് ഉപഭോക്താക്കളെ ബാധിക്കും. പാല്‍വില കൂട്ടാതെ ക്ഷീരകര്‍ഷകര്‍ക്കു പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനായി കാലിത്തീറ്റയ്ക്കും മറ്റും സബ്‌സിഡി നല്‍കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!