സംഘങ്ങള്‍ക്ക് ആശ്വാസം പകരുന്ന കോടതിവിധി

എഡിറ്റര്‍

അംഗങ്ങള്‍ക്കു മാത്രം വായ്പാസൗകര്യം നല്‍കുന്ന എല്ലാ സഹകരണസംഘങ്ങള്‍ക്കും ആദായനികുതിയിളവിന് അര്‍ഹതയുണ്ടെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി നടത്തിയ വിധിപ്രഖ്യാപനത്തെ ഏറെ ആശ്വാസത്തോടയാണു രാജ്യത്തെ സഹകാരികള്‍ സ്വാഗതം ചെയ്തത്. ഏതാണ്ട് പതിനേഴു വര്‍ഷമായി ആദായനികുതിവകുപ്പുമായി ഇക്കാര്യത്തില്‍ വായ്പാ സഹകരണസംഘങ്ങള്‍ ഏറ്റുമുട്ടുകയാണ്. ആദായനികുതിവകുപ്പിലെ 80 ( പി ) ( 2 ) അനുസരിച്ചുള്ള നികുതിയിളവിനു എല്ലാ ക്രെഡിറ്റ് സംഘങ്ങളും അര്‍ഹരാണെന്ന രാജ്യത്തെ പരമോന്നത കോടതിയുടെ വിധി സഹകരണസംഘങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു. സഹകരണസംഘങ്ങളുടെ വായ്പാബിസിനസ് ബാങ്കിങ് ഇടപാടിനു തുല്യമാണെന്നായിരുന്നു ഇക്കാലമത്രയും ആദായനികുതിവകുപ്പ് വാദിച്ചിരുന്നത്. അതിനാല്‍ നികുതിയടയ്ക്കാന്‍ സംഘങ്ങള്‍ ബാധ്യസ്ഥമാണെന്നായിരുന്നു ആദായനികുതിവകുപ്പിന്റെ കടുംപിടിത്തം. കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ നേരത്തേതന്നെ ഈ നിലപാടിനെതിരെ പൊരുതി വിജയം നേടിയിരുന്നു. എന്നാല്‍, മറ്റു വായ്പാസംഘങ്ങളുടെ കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. സുപ്രീംകോടതിയുടെ ഈ നിര്‍ണായകവിധിയോടെ അക്കാര്യത്തിലും അന്തിമതീര്‍പ്പുണ്ടായിരിക്കുന്നു. തീര്‍ത്തും ആശ്വാസകരംതന്നെ ഈ വിധി. മാത്രവുമല്ല, കേസിന്റെ പേരില്‍ സംഘങ്ങള്‍ക്കിനി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരില്ലല്ലോ എന്നതും വലിയ നേട്ടമാണ്.

സംഘത്തിലെ അംഗങ്ങള്‍ക്കു വായ്പ കൊടുക്കുന്നതുകൊണ്ടുമാത്രം അതിനെ ബാങ്കായി പരിഗണിക്കാന്‍ കഴിയില്ല എന്നാണു സുപ്രീംകോടതി 2023 ഏപ്രില്‍ ഇരുപതിന്റെ വിധിയില്‍ വ്യക്തമാക്കിയത്. ബാങ്കിങ്‌നിയന്ത്രണനിയമത്തില്‍ ബാങ്കിങ് എന്താണ്, ബാങ്കുകളെന്താണ് എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തനം നോക്കി ഈ നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതാണ് എന്നു വ്യാഖ്യാനിച്ചു നികുതി ചുമത്തുന്ന രീതി ശരിയാവില്ല എന്നാണു സുപ്രീംകോടതിവിധി വ്യക്തമാക്കിയത്. ഏറെക്കാലമായി സംഘങ്ങള്‍ ആവശ്യപ്പെട്ടുപോന്നിരുന്നതും ഇതാണ്. നികുതിയിളവ് നല്‍കാതിരിക്കാനുള്ള ആദായനികുതിവകുപ്പിന്റെ നീരാളിപ്പിടിത്തമാണു സുപ്രീംകോടതിവിധിയോടെ അയഞ്ഞിരിക്കുന്നത്. സ്വന്തം അംഗങ്ങള്‍ക്കു സംഘങ്ങള്‍ വായ്പ കൊടുക്കുന്നതും വായ്പയുള്‍പ്പെടെ പൊതുജനങ്ങള്‍ക്കു വിവിധസേവനങ്ങള്‍ നല്‍കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനവും രണ്ടാണെന്നാണു സുപ്രീംകോടതി ഇപ്പോള്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കുകള്‍ക്കു ബാധകമായ വ്യവസ്ഥ സഹകരണസംഘങ്ങളില്‍ പ്രയോഗിക്കുന്നതിലെ യുക്തിരാഹിത്യമാണു സുപ്രീംകോടതി വിധിയില്‍ എടുത്തുപറഞ്ഞത്. സംഘങ്ങളും സഹകാരികളും ഇക്കാര്യം തുടക്കംമുതലേ ചൂണ്ടിക്കാട്ടുന്നതാണ്. പക്ഷേ, ആദായനികുതിവകുപ്പ് അതിനുനേരെ അറിഞ്ഞുകൊണ്ടു കണ്ണടയ്ക്കുകയായിരുന്നു. ഇപ്പോള്‍ ആദായനികുതിവകുപ്പിന്റെ കണ്ണു തുറന്നതില്‍ സമാശ്വസിക്കാം. എല്ലാ സഹകരണസംഘങ്ങള്‍ക്കും ആദായനികുതിയിളവ് നേരത്തേ ലഭിച്ചിരുന്നു. സംഘങ്ങള്‍ ഒരു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് എന്ന അര്‍ഥത്തില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇത്. സംഘങ്ങളുടെ ബാങ്കിങ്പ്രവര്‍ത്തനം വളരെ ശക്തമായതോടെ 2006 ല്‍ ഒരു ഭേദഗതി വന്നപ്പോഴാണു ബാങ്കിങ്പ്രവര്‍ത്തനം നടത്തുന്ന സഹകരണസംഘങ്ങളെ, അതായതു സഹകരണ ബാങ്കുകളെ, ആദായനികുതിയിളവില്‍നിന്നു മാറ്റി അവരുടെ ലാഭത്തിനു ആദായനികുതി കൊടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എല്ലാ സംഘങ്ങളെയും അവരുടെ പ്രവര്‍ത്തനം ബാങ്കിങ്പ്രവര്‍ത്തനമാണെന്നു വ്യാഖ്യാനിച്ചു നികുതി ചുമത്തുന്ന രീതിയാണു പിന്നീടുണ്ടായത്. ഇവിടംമുതലാണു ( 2008 മുതല്‍ ) പ്രശ്‌നമുണ്ടാകുന്നത്.  ആദായനികുതിവകുപ്പുദ്യോഗസ്ഥര്‍ നിലപാട് ശക്തമാക്കിയതോടെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ ശരിക്കും വലഞ്ഞു. ഈ നടപടിയെ ശക്തമായി എതിര്‍ക്കാന്‍ ആദ്യം മുന്നോട്ടുവന്നതു കേരളത്തിലെ സംഘങ്ങളാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. സംഘങ്ങളുടെ ഇച്ഛാശക്തിയെയും നിയമപോരാട്ടവീര്യത്തെയും അഭിനന്ദിച്ചേ മതിയാവൂ. – എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News
error: Content is protected !!