ശ്രീലങ്കയിലെ പാലുല്‍പ്പാദനം കൂട്ടാന്‍ എന്‍.ഡി.ഡി.ബി.യും ജി.സി.എം.എം.എഫും സഹായിക്കും

moonamvazhi

ശ്രീലങ്കയിലെ പാലുല്‍പ്പാദനം പത്തു വര്‍ഷത്തിനകം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീലങ്ക ഇന്ത്യയിലെ ദേശീയ ക്ഷീര വികസന ബോര്‍ഡുമായും ( എന്‍.ഡി.ഡി.ബി ) അമുല്‍ ബ്രാന്‍ഡില്‍ പാലുല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷനുമായും ( ജി.സി.എം.എം.എഫ് ) കരാറില്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളും ചേര്‍ന്നു തുടങ്ങുന്ന സംയുക്തസംരംഭമായ കമ്പനിയില്‍ ഇന്ത്യയിലെ രണ്ടു സ്ഥാപനങ്ങള്‍ക്കും കൂടി 51 ശതമാനം ഓഹരിയുണ്ടാകും. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഈയിടെ ശ്രീലങ്കയില്‍ നടത്തിയ സന്ദര്‍ശനവേളയിലാണു സംയുക്തസംരംഭത്തിനു തുടക്കമിട്ടത്.

ശ്രീലങ്കയിലെ ക്ഷീരമേഖല കുറെക്കാലമായി തകര്‍ച്ചയിലാണ്. അതിനെ എത്രയും പെട്ടെന്നു പുനരുജ്ജീവിപ്പിക്കുക എന്നതാണു സംയുക്തസംരംഭം കൊണ്ടുദ്ദേശിക്കുന്നത്. ശ്രീലങ്കയിലെ ക്ഷീരോല്‍പ്പാദനശാലകള്‍ നവീകരിച്ചു പാലുല്‍പ്പാദനം വര്‍ധിപ്പിക്കുകയാണു സംയുക്തസംരംഭത്തിന്റെ ലക്ഷ്യം. ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ ശ്രീലങ്കന്‍ ക്ഷീരമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നു ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ എക്‌സില്‍ കുറിച്ചു. കരാറനുസരിച്ചു അഞ്ചു കൊല്ലത്തിനുള്ളില്‍ ശ്രീലങ്കയുടെ പാലുല്‍പ്പാദനം 53 ശതമാനം വര്‍ധിപ്പിക്കും. പത്തു കൊല്ലത്തിനകം ഉല്‍പ്പാദനം ഇരട്ടിയാക്കും. രണ്ടു ലക്ഷത്തിലധികം ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടും.

ഇതിനു മുമ്പു 1990 കളില്‍ ദേശീയ ക്ഷീര വികസന ബോര്‍ഡ് ശ്രീലങ്കയിലെ പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരുന്നു. അവിടത്തെ ക്ഷീര സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1996 മുതല്‍ 2000 വരെ ആ ശ്രമം തുടര്‍ന്നെങ്കിലും ശ്രീലങ്കയിലെ സ്വകാര്യ പാല്‍ക്കമ്പനികള്‍ അതിനു തുരങ്കം വെച്ചു. കറന്നെടുത്തയുടനെയുള്ള പാല്‍ ആരോഗ്യത്തിനു ഹാനികരമാണെന്നും പാല്‍പ്പൊടിയാണു നല്ലതെന്നുമുള്ള പ്രചാരണത്തിലൂടെയാണു സ്വകാര്യമേഖല അന്നത്തെ ശ്രമം പരാജയപ്പെടുത്തിയത്.

2.2 കോടി ജനസംഖ്യയുള്ള ശ്രീലങ്ക കടുത്ത സാമ്പത്തികഞെരുക്കത്തിലാണ്. രാജ്യത്തിനാവശ്യമായ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും 60 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതു കുറയ്ക്കുകയാണു ഇന്ത്യയുമായുള്ള സംയുക്തസംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!