യുക്രൈനിന്റെ കണ്ണീര്‍ തുടയ്ക്കാന്‍ സഹകരണപ്രസ്ഥാനം

moonamvazhi

– എഴുമാവില്‍ രവീന്ദ്രനാഥ്

ലോകത്ത് എന്നും സമാധാനം പുലരാന്‍ ആഗ്രഹിക്കുന്നവയാണു സഹകരണ പ്രസ്ഥാനങ്ങള്‍. വികസനവും ജനക്ഷേമവും മുഖമുദ്രയാക്കിയാണ് അവ പ്രവര്‍ത്തിക്കുന്നതും. തീവ്രവാദത്തിനും മതസ്പര്‍ധക്കുമെതിരെ ശബ്ദമുയര്‍ത്തുകയും പ്രചാരണ പരിപാടികള്‍ നടത്തുകയും വനിതാ വികസനം, യുവജനക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായി നിലകൊള്ളുകയും ചെയ്ത ചരിത്രം സഹകരണ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇപ്പോഴിതാ യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തിലും സഹകരണ മേഖല സടകുടഞ്ഞെഴുന്നേറ്റ് ഇരകള്‍ക്കു സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നു.

സഹായം
പ്രവഹിക്കുന്നു

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് മ്യൂച്ചല്‍ ഇന്‍ഷുറന്‍സ് ഫണ്ട് ( ഐ.സി.എം.ഐ.എഫ് ) ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും അശരണര്‍ക്കും തല്‍ക്ഷണം സാമ്പത്തിക സഹായവുമായി എത്തിക്കഴിഞ്ഞു. ഇതു സഹകരണ മേഖലയില്‍ നിന്നുള്ള ആദ്യത്തെ കാരുണ്യ ഹസ്തമായിരുന്നു. ഐ.സി.എം.ഐ.എഫ.് യുദ്ധ മേഖലയിലേക്ക് ആദ്യം എത്തിച്ചതു മൂന്നു ലക്ഷം യൂറോയുടെ സഹായങ്ങളായിരുന്നു. ഫിന്‍ലന്‍ഡ് ആണ് ഇതിനു നേതൃത്വം വഹിച്ചത്. റെഡ് ക്രോസ് സൊസൈറ്റിയും യൂണിസെഫും ആണ് ഇതു വിനിയോഗിക്കുക.

ആയിരക്കണക്കിനു നിരപരാധികളുടെ മരണവും ലക്ഷക്കണക്കിനു അഭയാര്‍ഥികളുടെ പലായനവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശക്ക മ്മീഷന്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് ആഗോള സഹകരണ മേഖല അശരണര്‍ക്കായി രംഗത്തെത്തിയത്. ഫണ്ട് മെംബറായ ഡാനിഷ് സഹകാരി എല്‍ബി ഫോര്‍സിക്രിങ് ഔഷധങ്ങളും ഭക്ഷണപ്പൊതികളും കുടിവെള്ളവുമായാണു യുദ്ധമുഖത്തെ ഇരകള്‍ക്കു താങ്ങും തണലുമാ യത്. വേള്‍ഡ് വൈഡ് ഫെഡറേഷന്‍ ഓഫ് ക്രെഡിറ്റ് ( ഡബ്ല്യൂ.എഫ്.സി ) തങ്ങളുടെ അംഗരാജ്യങ്ങളോടെല്ലാം യുക്രൈനിയന്‍ ക്രെഡിറ്റ് യൂണിയനു വേണ്ടി രൂപവത്കരിച്ച ഡിസ്പേഴ്സ്‌മെന്റ് ഫണ്ടിലേക്കു സഹായമെത്തിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

കാനഡയിലെ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് ഫണ്ട് ( സി.ഡി.എഫ് ) യക്രൈനുവേണ്ടി ഡിസാസ്റ്റര്‍ റിക്കവറി ഫണ്ട് രൂപവത്കരിക്കുകയും കീവ് , കാര്‍ക്കോവ്, നിപ്പോ പേട്രോവ്സ്‌ക് എന്നിവിടങ്ങളിലെ ആലംബഹീനരായ 2000 സ്ത്രീകളുടെ പുനരധിവാസം ഏറ്റെടുക്കുകയും ചെയ്തു. ബ്രിട്ടനിലെ അപ്പക്സ് സഹകരണ പ്രസ്ഥാനമായ ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് കോ-ഓപ്പറേറ്റീവ്സ് യുദ്ധം കടുത്തതോടെ ഡിസാസ്റ്റര്‍ എമര്‍ജന്‍സി കമ്മിറ്റി ഫോര്‍ യുക്രൈന്‍ രൂപവത്കരിച്ച് വിഭവ സമാഹരണം നടത്തുകയും പോളണ്ട,് റുമേനിയ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുകയും ചെയ്തു. യുക്രൈനിലെ സഹകരണ പ്രസ്ഥാനത്തിന്റെ സി.ഇ.ഒ ആയ റോസ് മാര്‍ലി നേരിട്ടാണ് ഈ ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചുവരുന്നത്. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തൊഴിലാളികളുടെ കൂട്ടായ്മയില്‍ നിന്നുടലെടുത്ത ജോണ്‍ ലൂയിസ് പാര്‍ട്ട്ണര്‍ഷിപ്പ് എന്ന സ്ഥാപനം ഒരു ലക്ഷം പൗണ്ട് സംഭാവന ചെയ്തതു കാരുണ്യത്തിന്റെ വറ്റാത്ത ഉറവക്ക് ഒരു ഉദാഹരണമാണ്.

ഇസ്രായേലിലെ സഹകരണ പ്രസ്ഥാനം ഇസ്ര എയ്ഡ് എമര്‍ജന്‍സി എന്ന സന്നദ്ധസംഘടന വഴി മാല്‍ഡോവയിലെത്തി ആതുരസേവനം നടത്തുന്നു. മാതൃ-ശിശു സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് അറബ് ജൂവിഷ് സെന്റര്‍ ഫോര്‍ ഇക്വാലിറ്റി എംപവര്‍മെന്റ് ആന്റ് കോര്‍പ്പറേഷന്‍ തലവനായ മുല്ലി ഡോര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തെത്തിയത്.

അമേരിക്കയിലെ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഗ്രോസേഴ്സ്, കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് ഫണ്ട് എന്നിവ താക്ക്ബക്കക്ലൂസ എന്ന സഹകരണ സംഘടനയുമായി ചേര്‍ന്നു യുക്രൈനിലെ സഹകരണ യൂണിയനുവേണ്ടി ധനസമാഹരണം നടത്തിവരികയാണ്. 15,000 സ്ഥാപനങ്ങള്‍, 3000 റസ്റ്റോറന്റുകള്‍, ഏഴു ഹോട്ടലുകള്‍, 300 നിര്‍മാണ യൂണിറ്റുകള്‍, 300 വിപണികള്‍ എന്നിവ രാജ്യമൊട്ടാകെ പ്രവര്‍ത്തിപ്പിച്ചിരുന്ന ഓള്‍ യുക്രേനിയന്‍ സെന്‍ട്രല്‍ യൂണിയന്‍ ഓഫ് കണ്‍സ്യൂമര്‍ സൊസൈറ്റീസ് എന്ന ബൃഹത് സ്ഥാപനത്തെ പൂര്‍വ്വസ്ഥിതിയിലേക്കു കൊണ്ടുവരാനുള്ള യജ്ഞത്തിലാണ് അവര്‍. യുക്രൈനിലെ ഈ സ്ഥാപനത്തിന്റെ ( കോ- ഓപ് യുക്രൈന്‍ ) അധ്യക്ഷനായ ഇല്ല്യാ ഗോറോഗോവിസ്‌കിന്‍ സഹകരണ പ്രസ്ഥാനങ്ങളിലൂടെ യുക്രൈന്‍ സമൂഹത്തിന്റെ രക്ഷയ്ക്കായി എത്തിയവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തിയ വിവരം ഐ.സി.എ. ഡയരക്ടര്‍ ജനറല്‍ ബ്രൂണോ റോളണ്ട്ഡ് ആണ് മാധ്യമങ്ങളെ അറിയിച്ചത്.

ദീര്‍ഘകാലം കൊണ്ടുമാത്രമേ യുദ്ധഭൂമിയില്‍ പൂര്‍വ്വസ്ഥിതി കൊണ്ടുവരാനാവൂ. ഉറുമ്പ് ധാന്യമണികള്‍ കൂട്ടിവയ്ക്കുമ്പോലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ സ്വരൂപിച്ച വിഭവങ്ങള്‍ കൊണ്ട് നേടിയ ആസ്തികളാണു ദിവസങ്ങള്‍ക്കുള്ളില്‍ തവിടുപൊടിയായത്. വേദനാജനകമയ അനുഭവമാണിത്. ജനകോടികളുടെ ആശയും ആവേശവും സ്വപ്ന സാക്ഷാത്കാരവുമായ സഹകരണ പ്രസ്ഥാനം യുക്രൈനില്‍ വീണ്ടും ഗതകാല പ്രൗഢിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നു പ്രത്യാശിക്കാം.

ഒന്നാം ലോകയുദ്ധത്തില്‍ ദുരിതമനുഭവിച്ചത് നാലു കോടിയാളുകളാണ്. രണ്ടു കോടി ആള്‍ക്കാരാണു മരിച്ചുവീണത്. രണ്ടു കോടിയാളുകള്‍ മുറിവേറ്റും രോഗശയ്യയില്‍ അമര്‍ന്നും ജീവിതം അവസാനിപ്പിച്ചു. മരിച്ചവരില്‍ ഒരു കോടി സൈനികരുംപെടും. രണ്ടാം ലോക യുദ്ധത്തില്‍ ദുരിതമനുഭവിച്ചവരുടെ എണ്ണം ഏഴു കോടി മുതല്‍ എട്ടരക്കോടിവരെയായി ഉയര്‍ന്നു. ലോകത്തെ ആകെ ജനസംഖ്യയില്‍ മൂന്നു ശതമാനം ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിരയായി. അഞ്ചക്കോടിയാളുകളാണു മരണത്തിനു കീഴടങ്ങിയത്. 2.8 കോടിയോളമാളുകള്‍ യുദ്ധാനന്തര രോഗങ്ങളില്‍പ്പെട്ട് ദീര്‍ഘകാലം വലഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. ഇനിയും ഇത്തരത്തിലുള്ള വേദനാജനകമായ ഒരു കണക്കെടുപ്പു വേണ്ടിവരുമോ ?

Leave a Reply

Your email address will not be published.

Latest News
error: Content is protected !!