മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ഓർഡിനൻസിന്റെ ഗസറ്റ് വിജ്ഞാപനം ഇറങ്ങി.

adminmoonam

കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് പ്രമേയം പാസ്സാകാത്ത ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തി കൊണ്ടുള്ള ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. റിസർവ് ബാങ്കിന്റെ അനുവാദത്തോടുകൂടി ലയനം പൂർത്തിയാക്കാം എന്നാണ് ഓർഡിനൻസിൽ പറയുന്നത്. നിലവിലുള്ള സഹകരണ നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ടാണ് ഓർഡിനൻസ് കൊണ്ടു വന്നിരിക്കുന്നത്. കേരള ബാങ്കിലേക് ലയിക്കാതെ നിൽക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ ഉൾപ്പെടുത്താനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ഇതുപ്രകാരം റിസർവ് ബാങ്കിന്റെ അനുവാദം ലഭിക്കുകയാണെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മൂന്നുമാസത്തിനകം കേരളബാങ്കിന്റെ ഭാഗമായി തീരും. റിസർവ് ബാങ്കിന്റെ അനുമതിയോടെയും അനുവാദത്തോടെയും ആയിരിക്കും ലയനം പൂർത്തിയാക്കുക.

നിലവിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇല്ലാതായി എന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഓർഡിനൻസ്. ജില്ലാ സഹകരണ ബാങ്ക് ഇല്ലാതായി എന്ന് പറയുന്നില്ലെന്ന് മാത്രമല്ല റിസർവ് ബാങ്കിന്റെ അനുവാദം ലഭിക്കുകയും പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുകയും ചെയ്തു ലയന നടപടികൾ പൂർത്തിയാകുന്നതുവരെ ലയിക്കാതെ നിൽക്കുന്ന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടാകുന്നതായി പറയുന്നുമില്ല. ഓഡിനൻസ് വന്ന ഉടനെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇല്ലാതായി എന്ന തരത്തിൽ പല കേന്ദ്രങ്ങളിൽ നിന്നും പ്രസ്താവനകൾ ഉണ്ടായിരുന്നു. റിസർവ് ബാങ്ക് അനുമതി ലഭിച്ചശേഷം മൂന്നുമാസത്തിനകം പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ മെമ്പർമാരെ അറിയിച്ചും എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പരിശോധിച്ചും പരിഹരിച്ചും വേണം ലയനം പൂർത്തിയാക്കാൻ എന്ന് ഓർഡിനൻസിൽ പറയുന്നു. ഒപ്പം എതിർപ്പുള്ള വർക്ക് ഒരു മാസത്തിനുള്ളിൽ ബാങ്കിൽ ഉള്ള ഷെയർ പിൻവലിക്കാൻ അവസരവും നൽകുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുടെ കുറിച്ച് ഓർഡിനൻസിൽ ഒരിടത്തും പരാമർശമില്ല.

ജനുവരി 14 നാണു ഓർഡിനൻസ് ഇറക്കിയത്. അതുകൊണ്ടുതന്നെ ഏപ്രിൽ 14നു മൂന്നു മാസം പൂർത്തിയാകും. പരാതികളും എതിർപ്പുകളും സഹകരണ സംഘം രജിസ്ട്രാർ പരിശോധിച്ച് തീർപ്പാക്കണമെന്ന് ഓർഡിനൻസിൽ പറയുന്നുണ്ടെങ്കിലും പരാതികളും എതിർപ്പുകളും തള്ളി കൊണ്ടായിരിക്കും ലയനം പൂർത്തീകരിക്കുക എന്ന് സഹകരണ മേഖലയിലുള്ള വിദഗ്ധർ പറയുന്നു. ഈ മാസം 24ന് സഹകരണസംഘം രജിസ്ട്രാർ ആർബിഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ട്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയന വിഷയവും ചർച്ചയിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published.

Latest News