പ്രതിസന്ധിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തണം

സി.എന്‍.വിജയകൃഷ്ണന്‍ (ചെയര്‍മാന്‍, കേരള സഹകരണ ഫെഡറേഷന്‍)

കേരളത്തിലെ സഹകരണമേഖല വലിയൊരു പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. ചെറുതായി കാണാന്‍ കഴിയാത്ത പ്രതിസന്ധിയാണിത്. അതു മറികടക്കാന്‍ എന്താണു മാര്‍ഗം എന്നാണു സഹകാരികള്‍ ആലോചിക്കേണ്ടത്. കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസത്തിനു കോട്ടം തട്ടുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ ഈയടുത്ത ദിവസങ്ങളിലായി നടന്നിട്ടുപോലും അതിനെ അതിജീവിച്ച് ആളുകളുടെ വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണു സഹകരണമേഖലയുടെ പ്രത്യേകത. അത് ആരുടെയെങ്കിലും കഴിവു കൊണ്ടല്ല. ഈ മേഖലയില്‍ അത്രമാത്രം വിശ്വാസം ജനങ്ങള്‍ക്കുണ്ട് എന്നതുകൊണ്ടാണ്. പക്ഷേ, ആ വിശ്വാസത്തിനു കോട്ടം തട്ടാതിരിക്കാന്‍ ഭരണാധികാരികള്‍ വളരെ ശ്രദ്ധിച്ചു മുന്നോട്ടുപോകേണ്ട കാലഘട്ടമാണിത്. ഇതു മുന്നില്‍കണ്ടിട്ടാവും യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ച് പാസാക്കിയ സഹകരണനിയമത്തില്‍ ചില കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നത്. സഹകരണ ബാങ്കുകളില്‍ 10 ലക്ഷത്തിനും മുകളിലുള്ള വായ്പ കൊടുക്കാന്‍ ഇനി പല കടമ്പകളും കടക്കേണ്ടതുണ്ട്. നേരത്തേ കൊടുത്ത 10 ലക്ഷത്തിനും മുകളിലുള്ള വായ്പകളും കോവിഡ് കാലത്ത് എടുത്ത വായ്പകള്‍ ആളുകള്‍ക്കു തിരിച്ചടയ്ക്കാനാകാത്തതുമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഇക്കാര്യത്തില്‍ ജപ്തിനടപടികള്‍ സ്വീകരിക്കുന്നതിനു സഹകരണസംഘങ്ങളെ സര്‍ക്കാര്‍ സഹായിക്കുകയാണു വേണ്ടത്. അതുപോലെത്തന്നെ കേരള ബാങ്ക് കാഷ് ക്രെഡിറ്റ് പരമാവധി വര്‍ദ്ധിപ്പിച്ചു കൊടുക്കണം. സഹകരണസംഘങ്ങള്‍ക്കു വായ്പ കൊടുക്കാനാണ് കേരള ബാങ്ക് ഉണ്ടായിട്ടുള്ളത്. പക്ഷേ, ഇടയില്‍ എവിടെയോ വച്ച് കേരള ബാങ്ക് വ്യക്തികള്‍ക്കും മറ്റും ലോണ്‍ കൊടുക്കുന്ന രീതിയുണ്ടായി. അത് ഈ രംഗത്തിന്റെ നാശത്തിനു കാരണമായി. കേരള ബാങ്കിലെ ഫണ്ട് സഹകരണസംഘങ്ങള്‍ക്കു കൊടുത്തു സഹകരണസംഘങ്ങളിലൂടെ പരമാവധി ലോണ്‍ കൊടുക്കാനും അവയെ സംരക്ഷിക്കാനുമാണു കേരള ബാങ്ക് ശ്രമിക്കേണ്ടത്. അത് ഇനി നടക്കുമോ എന്നു പറയാനാവില്ല. കാരണം, ജില്ലാ സഹകരണ ബാങ്കുകളാകുമ്പോള്‍ അതു നടക്കുമായിരുന്നു. ഇപ്പോള്‍ കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ കൈയിലാണ്. ആര്‍.ബി.ഐ.യുടെയും നബാര്‍ഡിന്റേയും നിബന്ധനകള്‍ക്കനുസരിച്ച് മാത്രമേ കേരള ബാങ്കിനു മുന്നോട്ടുപോകാന്‍ കഴിയൂ.

സഹകരണനിയമത്തിലെ സഹകരണനിധി കൊണ്ട് കരുവന്നൂര്‍ ബാങ്ക് പോലെ പ്രതിസന്ധിയിലായ സംഘങ്ങളെയൊക്കെ സഹായിക്കാന്‍ കഴിയും. അതിനു ഗവണ്‍മെന്റ് ദൃഢനിശ്ചയത്തോടെ ഒരു തീയതി തീരുമാനിക്കണം. ആ തീയതിക്കകം കരുവന്നൂരിലെ അവസാനത്തെ നിക്ഷേപകനും പണം തിരിച്ചുകൊടുക്കണം. അങ്ങനെ റീ ഫ്രഷ് ചെയ്ത്, കരുവന്നൂരിനെ മാതൃകയാക്കി മുന്നോട്ടുകൊണ്ടുവരികയാണു ചെയ്യേണ്ടത്. ഈ ഡിസംബറോടെ നിക്ഷേപം പൂര്‍ണമായും തിരിച്ചു കൊടുക്കണം. ഈ സാമ്പത്തികവര്‍ഷം കരുവന്നൂര്‍ ബാങ്കില്‍നിന്നു ഗോള്‍ഡ് ലോണ്‍ മാത്രമേ നല്‍കൂ എന്നു തീരുമാനിക്കണം. അവിടത്തെ ജീവനക്കാരും വിട്ടുവീഴ്ചയ്ക്കു തയാറാകണം. ജീവനക്കാരുടെ ശമ്പളം പകുതിയാക്കണം. ലാഭത്തിലാവുന്നതുവരെ പകുതിശമ്പളത്തില്‍ ജോലി ചെയ്യാന്‍ അവരെ സന്നദ്ധരാക്കണം. ഇങ്ങനെ ചെയ്താല്‍ കരുവന്നൂര്‍
ബാങ്ക് കേരളത്തിലെ ഏറ്റവും മികച്ച ബാങ്കുകളിലൊന്നായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.

സഹകരണമേഖല നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ വേണ്ട ആത്മവിശ്വാസം നിലനിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. രാഷ്ട്രീയത്തിനതീതമായി എല്ലാ പാര്‍ട്ടികളും സഹകരണമേഖലയെ സംരക്ഷിക്കണം. മുഖ്യമന്ത്രിയും സഹകരണമന്ത്രിയും ഒരുമിച്ച് ഒരു സര്‍വകക്ഷിയോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു സംഘങ്ങളെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നു ചര്‍ച്ച ചെയ്യണം. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികളെയും യോഗത്തിലേക്കു ക്ഷണിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം കണ്ടെത്തണം. അതുണ്ടാകുമെന്ന പ്രതീക്ഷയാണ് എന്നെപ്പോലുള്ള സഹകാരികള്‍ക്കുള്ളത്.

 

(മാതൃഭൂമിയോട് കടപ്പാട്)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!