ടൂറിസം: സഹകരണത്തിന്റെ ഭാവിലോകം

moonamvazhi

ദാരിദ്ര്യം അതിരൂക്ഷമായ കാലത്ത് അതില്‍നിന്നൊരു മോചനമാര്‍ഗമായാണു സഹകരണപ്രസ്ഥാനം രൂപംകൊണ്ടത്. അത്ര ദാരിദ്ര്യം ഇന്നില്ല. സമൂഹം വികസിച്ചു. മനുഷ്യരുടെ ആവശ്യകതകള്‍ മാറി. ഇക്കാലത്തും വായ്പ-പലിശഇടപാടുമായി ഇരുന്നാല്‍ മതിയോ സഹകരണപ്രസ്ഥാനം? കാലത്തിനൊത്തു മാറണ്ടേ? അതിജീവനത്തിനു പുതിയ ധനാഗമമാര്‍ഗങ്ങള്‍ ആരായണ്ടേ? വേണം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിന് ഈ മാറ്റത്തിന് ഏറ്റവും ഉപകരിക്കുന്ന രംഗം ടൂറിസമാണെന്നാണ് ഈ ലേഖകന്റെ ഉത്തരം. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ ഉത്തരം. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കും എം.വി.ആര്‍. കാന്‍സര്‍ സെന്ററും ലാഡറും യാഥാര്‍ഥ്യമാക്കാനുള്ള യത്‌നത്തില്‍ ബോധ്യപ്പെട്ടതാണിത്. സാധാരണക്കാര്‍ക്കും സഹകരണത്തിലൂടെ ലോകോത്തരസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനാവുമെന്നതു ലളിതമായൊരു യാഥാര്‍ഥ്യം മാത്രമാണ്.

സി.എന്‍. ബാലകൃഷ്ണന്‍ സഹകരണമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രേരണയിലാണു ഞാന്‍ കോഴിക്കോട്ട് ലാഡര്‍ ( കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ) രജിസ്റ്റര്‍ ചെയ്തത്. 49 അപ്പാര്‍ട്ടുമെന്റും ഒരു ഷോപ്പിങ് കോംപ്ലക്‌സുമുള്ള മാങ്കാവ് ഗ്രീന്‍സ് ആണു ലാഡറിന്റെ ഒന്നാമത്തെ പ്രോജക്ട്. അവിടെയാണു ലാഡറിന്റെ ആസ്ഥാനവും. രണ്ടാമത്തെതു കോഴിക്കോട് ലിങ്ക് റോഡിലെ ടെറസ് ഹോട്ടലാണ്. 56 മുറിയുണ്ട്. ത്രീസ്റ്റാര്‍ പദവി കിട്ടിയിട്ടില്ലെങ്കിലും ത്രീസ്റ്റാര്‍ സൗകര്യങ്ങളുണ്ട്. സഹകരണമേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ മാളായ മഞ്ചേരി ഇന്ത്യന്‍ മാള്‍ ആണു മൂന്നാമത്തെത്. ഇതിനോടുചേര്‍ന്നു ടെറസ് എന്ന ഹോട്ടലുമുണ്ട്. ഇതിലും 56 മുറിയുണ്ട്. അഞ്ചു മള്‍ട്ടിപ്ലക്‌സ് തിയേറ്ററും അവിടെയുണ്ട്. കുട്ടികള്‍ക്കു ഗെയിംസോണും. ഒറ്റപ്പാലത്തെ തറവാട് എന്ന 18 നിലയുള്ള 81 അപ്പാര്‍ട്ടുമെന്റുകളാണു നാലാമത്തെത്. തിരുവനന്തപുരം തമ്പാനൂരിലെ ടെറസ് ത്രീസ്റ്റാര്‍ ഹോട്ടലാണ് അഞ്ചാമത്തെത്. 23 മുറിയുണ്ട്. ഇതിനും ത്രീസ്റ്റാര്‍ പദവി ലഭിച്ചിട്ടില്ലെങ്കിലും ത്രീസ്റ്റാര്‍ സൗകര്യങ്ങളുണ്ട്.

ലോകത്തുതന്നെ സഹകരണരംഗത്തെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ, വയനാട് ജില്ലയിലെ ബത്തേരിയിലെ, സപ്തയാണ് ആറാമത്തെത്. റിസോര്‍ട്ടും സ്പായുമൊക്കെയാണിത്. ബംഗളൂരുവില്‍നിന്നുപോലും നാലു മണിക്കൂര്‍ കാര്‍യാത്ര ചെയ്താല്‍ ഇവിടെയെത്താം. ഏതാനും മാസത്തിനകം ഇതു ഡീലക്‌സ് ആവും. വി.വി.ഐ.പി.കള്‍ വന്നുതാമസിക്കുന്ന ഇടമാണിത്. ‘ കണ്ണൂര്‍ സ്്ക്വാഡ് ‘ എന്ന സിനിമ ചിത്രീകരിച്ചപ്പോള്‍ മമ്മൂട്ടി പത്തു ദിവസം ഇവിടെ താമസിച്ചു. അദ്ദേഹം പോകുന്നിടത്തൊക്കെ വയനാട്ടിനെപ്പറ്റി പറയുമ്പോള്‍ ഇവിടെ താമസിക്കണം എന്നു പറയും. അങ്ങനെ ഇതിനു പ്രചാരം കിട്ടുന്നു. രാഹുല്‍ഗാന്ധി ഇവിടെ തങ്ങിയതു സഹകരണമേഖലയിലുള്ള സ്ഥാപനം എന്ന ആകര്‍ഷണംകൊണ്ടാണ്. അദ്ദേഹത്തിന്റെ രണ്ടു സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞത് അദ്ദേഹം 25 രാജ്യങ്ങളില്‍പോയതില്‍ ഏറ്റവും മനോഹരമായി അനുഭവപ്പെട്ടത് ഇവിടെയാണെന്നാണ്. കര്‍ണാടക ആഭ്യന്തരമന്ത്രി ഡി.കെ. ശിവകുമാര്‍ ഇവിടെ വന്നു താമസിച്ചിട്ടുണ്ട്. ഈ ഹോട്ടലില്‍ വരുന്നതും താമസിക്കുന്നവരുമായ എല്ലാവരും മലയാളികളല്ല. ഈയിടെ ഹൈദരാബാദുകാരുടെ കല്യാണം ഇവിടെ നടന്നു. മഹാരാഷ്ട്ര, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നൊക്കെ ആളുകള്‍ വരുന്നു. അവരൊക്കെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന അനുഭവങ്ങളാണ് ഈ സ്ഥാപനത്തിന്റെ പ്രചാരണം. സപ്തയിലെ സ്യൂട്ട് റൂം പോലൊരു മുറിക്കു പ്രമുഖ പഞ്ചനക്ഷത്രഹോട്ടലുകള്‍ പലതും ഒന്നര ലക്ഷം രൂപയാണു വാങ്ങുന്നത്. ഇവിടെ വാങ്ങുന്നതോ? പരമാവധി 18,000 രൂപ. വമ്പന്‍മാരല്ലാത്തവര്‍ക്കും ഇവിടെ പഞ്ചനക്ഷത്രസൗകര്യങ്ങള്‍ അനുഭവിക്കാം. സാധാരണക്കാരായ സഹകാരികള്‍ക്കും ഇതൊക്കെ പടുത്തുയര്‍ത്താം എന്നു കാട്ടിക്കൊടുക്കലും ലക്ഷ്യമാണ്. ലാഡര്‍ നിര്‍മിച്ച, സപ്തയുടെ സമീപത്തുള്ള റോഡ് പുല്‍പ്പള്ളി-മൈസൂര്‍ റോഡിന്റെ ഒരു ബൈപാസായി ഉപയോഗിക്കാന്‍ കഴിയും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തെയാണു റോഡുനിര്‍മാണം ഏല്‍പ്പിച്ചത്. അത്രയേറെ തുക മുടക്കി അതു നിര്‍മിക്കണോ എന്ന സംശയം ചിലര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അത് ഇതിനൊരാവശ്യമായിരുന്നു. പ്രകാശം ചൊരിയുന്ന ആ റോഡിന്റെ രാത്രിഭംഗി ആസ്വദിക്കേണ്ടതാണ്. രണ്ടു കൊല്ലംകൊണ്ടാണ് ഏഴു ലക്ഷം ചതുരശ്ര അടി പണി തീര്‍ത്തത്. 2015 നവംബര്‍ 13 നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു തറക്കല്ലിട്ടത്. നോട്ടുനിരോധനകാലത്തു വലിയ പ്രതിസന്ധിയുണ്ടായി. കരാറുകാരുടെ സഹകരണംകൊണ്ടാണ് അതിനെ അതിജീവിച്ച് സപ്തയെ യാഥാര്‍ഥ്യമാക്കിയത്.

ഏഴാമത്തെത് ഒറ്റപ്പാലത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കോംപ്ലക്‌സാണ്. 886 സീറ്റുള്ള മൂന്നു മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ഉള്‍ക്കൊള്ളുന്നതാണിത്. ഇവിടെയും ഗെയിംസോണുണ്ട്. കേരളത്തിലെ ഏറ്റവും ആധുനികസൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളാണു ലാഡറിന്റെത്. 22 നിലയുള്ള ക്യാപിറ്റല്‍ ഹില്‍ എന്ന 222 അപ്പാര്‍ട്ടുമെന്റുകളുടെ സമുച്ചയമാണ് എട്ടാമത്തെത്. അതു തിരുവനന്തപുരത്തു കഴക്കൂട്ടത്തിനടുത്തു പാങ്ങപ്പാറയില്‍ ഐ.ടി. പാര്‍ക്കിനടുത്താണ്. 80 ശതമാനം അപ്പാര്‍ട്ടുമെന്റും വിറ്റു. ഇന്ത്യയില്‍ സഹകരണമേഖലയിലെ ഏറ്റവും വലിയ അപ്പാര്‍ട്ടുമെന്റ് പദ്ധതിയാണിത്.

സീനിയര്‍
സിറ്റിസന്‍ വില്ലേജ്

പാലക്കാട്ട് നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയില്‍ മുതലമടയില്‍ നാല്‍പ്പതില്‍പ്പരം ഏക്കറില്‍ തീര്‍ക്കുന്ന സീനിയര്‍ സിറ്റിസന്‍ വില്ലേജാണ് ഒമ്പതാമത്തെത.് അതും നിര്‍മാണം പുരോഗമിക്കുന്നു. ഇരുപതോളം വില്ലകള്‍ക്കു മുതലമട പഞ്ചായത്ത് അംഗീകാരം നല്‍കിയിട്ടുണ്ട്. സീതാര്‍കുണ്ട്, പലകപ്പാണ്ടി വെള്ളച്ചാട്ടങ്ങളുടെ ഇടയിലാണ് ഈ സ്ഥലം. കേരളത്തിലെ ഏറ്റവും വലിയ സീനിയര്‍ സിറ്റിസന്‍ വില്ലേജായിരിക്കും ഇത്. ശാന്തസുന്ദരമായി വയോജനകാലം ആസ്വദിക്കാം. വന്യമൃഗങ്ങള്‍ കയറാത്ത സുരക്ഷാവേലിയാണു നിര്‍മിക്കുന്നത്. ഇന്ത്യയില്‍ സഹകരണരംഗത്തെ ആദ്യ സീനിയര്‍ സിറ്റിസന്‍ വില്ലേജും ഇതായിരിക്കും. പണമുള്ളവരും ഇന്നു വാര്‍ധക്യത്തില്‍ അനാഥരാണ്. വാര്‍ധക്യത്തില്‍ അവര്‍ക്ക് ഇവിടം സംരക്ഷണമേകും. അതു പൂര്‍ത്തിയാക്കലാണ് അടുത്ത ലക്ഷ്യം.

കായംകുളത്തു പത്തിയൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന തിയേറ്റര്‍ കോംപ്ലക്‌സാണു പത്താമത്തെത്. കായംകുളത്തിനും ഹരിപ്പാടിനുമിടയില്‍ പത്തിരുപതു പഞ്ചായത്തില്‍ നല്ല തിയേറ്ററില്ല. കേരളം കണ്ട ഏറ്റവും വലിയ സഹകാരി തച്ചടി പ്രഭാകരന്റെ നാടാണു പത്തിയൂര്‍. തച്ചടിയാണ് എണ്‍പതുകളില്‍ കോബാങ്ക് ടവര്‍ ഉണ്ടാക്കിയത്. അന്നു ദുബായില്‍പോലും അത്തരം കെട്ടിടമില്ല. അന്ന് അദ്ദേഹത്തെ ഏറെ ക്രൂശിച്ചു. എങ്കിലും, ഇ.കെ. നായനാരെപ്പോലുള്ളവര്‍ അദ്ദേഹത്തെ പിന്തുണച്ചു. തച്ചടിക്ക് ഒരു സ്മാരകംകൂടിയാണ് അവിടെ വരാന്‍ പോകുന്ന തിയേറ്റര്‍ കോംപ്ലക്‌സ്. മുതുകുളം സര്‍വീസ് സഹകരണബാങ്കുമായി സഹകരിച്ച് ഇതിനൊരു എക്സ്റ്റന്‍ഷനും പദ്ധതിയുണ്ട്. കോഴിക്കോട് മീഞ്ചന്തയില്‍ ഒരു തിയേറ്റര്‍ കോംപ്ലക്‌സാണ് അടുത്ത പദ്ധതി.

600 കോടിയുടെ
നിക്ഷേപം

ലാഡര്‍ സ്ഥാപിച്ചിട്ടു പതിനൊന്നു വര്‍ഷമേ ആയുള്ളൂ. പൊതുമരാമത്തുവകുപ്പിന്റെ എ ക്ലാസ് രജിസ്‌ട്രേഷനുണ്ട്. മാടായി ഗേള്‍സ് ആന്റ് ബോയ്‌സ് സ്‌കൂള്‍, തളിപ്പറമ്പിലെ ഒരു സ്‌കൂള്‍, കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു കെട്ടിടം, പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ രണ്ടു സ്‌കൂള്‍കെട്ടിടങ്ങള്‍, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിന്റെ ലൈബ്രറി കെട്ടിടം, കോഴിക്കോട് കോടഞ്ചേരിയില്‍ ആരോഗ്യവകുപ്പിന്റെ ഒരു കെട്ടിടം, മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ ഒരു കെട്ടിടം തുടങ്ങിയവ ഇതില്‍ നിര്‍മിച്ചു. എറണാകുളത്ത് ഒരു പ്രോജക്ടിന്റെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ലാഡറിനു സ്വന്തമായി 600 കോടി രൂപയുടെ നിക്ഷേപമുണ്ട്. 1000 കോടി രൂപയ്ക്കു മുകളില്‍ ആസ്തിയും. മൊത്തം പന്ത്രണ്ടു ലക്ഷത്തോളം ചതുരശ്ര അടി മന്ദിരങ്ങള്‍ നിര്‍മിക്കാനായി. 3650 ദിവസംകൊണ്ടാണിത്. പൊതുമരാമത്തുവകുപ്പില്‍നിന്ന് ഒമ്പതു കോടിയോളം രൂപ കിട്ടാനുണ്ട്.

ഇപ്പോള്‍ സര്‍ക്കാര്‍പ്രവൃത്തികള്‍ ചെയ്തുകൊടുക്കുന്നതിനപ്പുറം ടൂറിസത്തില്‍ എന്തൊക്കെ ചെയ്യാനാവുമെന്നാണു ലാഡര്‍ ആലോചിക്കുന്നത്. കേരളവികസനത്തില്‍ ഇനി പ്രധാനപങ്കുവഹിക്കുക ടൂറിസമായിരിക്കും. ഫാക്ടറികള്‍ സ്ഥാപിച്ചുള്ള വ്യവസായം ഇവിടെ വരില്ല. സഹകരണസംഘങ്ങള്‍ വായ്പ കൊടുത്തു പലിശ വാങ്ങി നിലനില്‍ക്കുന്ന സ്ഥിതി മാറണം. അതുകൊണ്ടു ചെറുകിട ടൂറിസംരംഗത്തേക്കു മാറണം. കേരളത്തെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നൊക്കെ തിരിച്ചിട്ടുണ്ടെങ്കിലും കേരളം അപ്പാടെ ഒരു ടൗണ്‍ഷിപ്പാണെന്നതാണു വാസ്തവം.

ലോകത്ത് ഏറ്റവും സൗന്ദര്യമുള്ള പ്രദേശങ്ങളിലൊന്നാണു കേരളം. ഇവിടെ സഹകരണപ്രസ്ഥാനം വ്യാപകവും ശക്തവുമാണ്. ആ ശക്തി ടൂറിസത്തില്‍ പ്രകടമാക്കിയാല്‍ സഹകരണപ്രസ്ഥാനവും ടൂറിസവും ഒരുപോലെ വളരും. പക്ഷേ, സഹകരണവകുപ്പധികൃതര്‍ ഉന്നയിക്കുന്ന തടസ്സവാദങ്ങള്‍ പല സംഘങ്ങള്‍ക്കും ടൂറിസം അടക്കമുള്ള ബാങ്കിങ്ങിതര ധനാര്‍ജനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തടസ്സമാകുന്നുണ്ട്. നിയമവ്യവസ്ഥകളെപ്പറ്റി സംഘം അധികൃതര്‍ക്കും സഹകരണവകുപ്പുദ്യോഗസ്ഥര്‍ക്കുമുള്ള അജ്ഞതയാണ് ഇതിനൊരു പ്രധാനകാരണം. ഇൗ പ്രവര്‍ത്തനങ്ങളില്‍ പലതും സഹകരണവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്തവയാണ്. ഇതു മനസ്സിലാക്കാതെ പലരും സഹകരണവകുപ്പിന്റെ അനുമതിക്ക് അപേക്ഷിച്ച് സമയം കളയും. അപേക്ഷ കിട്ടിയാല്‍ നിയമവ്യവസ്ഥകളെപ്പറ്റി അജ്ഞരായ പല ഉദ്യോഗസ്ഥരും അജ്ഞതമൂലം നിയമത്തിന്റെ തലനാരിഴകീറി പരിശോധിച്ച് കാലതാമസം സൃഷ്ടിക്കും. പല പദ്ധതികളും ഇങ്ങനെ മുടങ്ങും. പല വികസനപദ്ധതികളും സംഘത്തിന്റെ നിയമാവലി ഭേദഗതി ചെയ്തു നടപ്പാക്കാവുന്നതേയുള്ളൂ. കാരണം, നിയമാവലി രജിസ്റ്റര്‍ ചെയ്തുതരുന്നതു സഹകരണരജിസ്ട്രാറാണ്. അതിനുമുകളില്‍ പിന്നെ എന്തിനാണ് ഓരോന്നിനും അംഗീകാരം തേടി അതിനു താഴെയുള്ള ഉദ്യോഗസ്ഥരുടെ അടുത്തു പോകുന്നത്?

പദ്ധതി നടപ്പാക്കാന്‍
വേണ്ടത് ധൈര്യം

ഭൂമി വാങ്ങാനൊക്കെ അനുമതി ചോദിക്കുന്നതു മനസ്സിലാക്കാം. അല്ലാതെ പെന്‍സില്‍ വാങ്ങാനും പേന വാങ്ങാനുംവരെ അനുമതി ചോദിച്ചാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോകില്ല. അനുമതി വേണ്ടാത്ത കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് അനുമതിക്കായി പുറകെ നടക്കാതെ അവ നടപ്പാക്കാനുള്ള ധൈര്യം വേണം. അങ്ങനെ ധൈര്യമായി പദ്ധതികള്‍ നടപ്പാക്കുന്നവരുടെ കൈകള്‍ സംശുദ്ധമായിരിക്കയും വേണം. സഹകരണസംഘങ്ങള്‍ ഒരുമിച്ചുകൂടണം. ഒറ്റയ്ക്കു നില്‍ക്കേണ്ട കാലം കഴിഞ്ഞു. രാഷ്ട്രീയമാത്സര്യം മാറ്റണം. വിവിധ യൂണിയനുകളിലെ ചുമട്ടുതൊഴിലാളികള്‍ ഐക്യത്തോടെ ഒരുമിച്ചു ജോലി ചെയ്യുന്നില്ലേ? അത്തരം ഐക്യം സഹകരണസംഘങ്ങള്‍ തമ്മിലും വേണം. സംഘംതിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാഷ്ട്രീയം മാറ്റിവയ്ക്കണം. പകരം, സഹകരണത്തിന്റെ രാഷ്ട്രീയം വളര്‍ത്തണം. ലാഡറില്‍ ആ ഐക്യമുണ്ട്. ഇതിലെ നിക്ഷേപത്തില്‍ 300-350 കോടി സഹകരണസംഘങ്ങളുടെതാണ്. 99 സഹകരണസംഘങ്ങളുടെ തുകയാണത്. ഒരു കോടിയിലധികം ഒരു സഹകരണസംഘത്തില്‍നിന്നും വാങ്ങേണ്ട എന്നു നിശ്ചയിച്ച് ബാക്കി തിരിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കാരണം, ഒരു കോടിയാവുമ്പോള്‍ പെട്ടെന്നു തിരിച്ചുകൊടുക്കാം. വിപണീമൂല്യമനുസരിച്ചു ലാഡറിന്റെ ആസ്തി 1000 കോടിക്കും 1500 കോടിക്കും ഇടയിലാണ്.

ടൂറിസത്തിലേക്കു കടക്കുമ്പോള്‍ സംഘങ്ങള്‍ അതതു നാടുകളുടെ പ്രത്യേകതകള്‍ പുറമെയുള്ളവരെ അറിയിക്കണം. ഉദാഹരണമായി ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്തു ഗ്രാമങ്ങളിലൊന്നാണു പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്. ഏറ്റവുമധികം സിനിമകള്‍ ചിത്രീകരിക്കുന്ന ഗ്രാമങ്ങളിലൊന്നാണത്. കൊല്ലങ്കോട്ടെ സഹകരണബാങ്കിന് ഇതൊക്കെ പ്രയോജനപ്പെടുത്തി ടൂറിസം വളര്‍ത്താം. തൊട്ടടുത്തു ടൂറിസപ്രധാനമായ നെല്ലിയാമ്പതിയുണ്ട്. അവിടെയും ഒരു സഹകരണബാങ്കുണ്ട്. സമീപം നെന്‍മാറ സര്‍വീസ് സഹകരണബാങ്കുണ്ട്. മുതലമട സര്‍വീസ് സഹകരണബാങ്കിനു പറമ്പിക്കുളത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗിക്കാം. മണ്ണാര്‍ക്കാട് സര്‍വീസ് സഹകരണബാങ്കിനു അട്ടപ്പാടിയുടെ ടൂറിസം സാധ്യതകള്‍കൊണ്ടു നേട്ടമുണ്ടാക്കാം. ഇവയൊക്കെ ചേര്‍ന്നു ടൂറിസത്തില്‍ എന്തു ചെയ്യാനാകും എന്ന് ആലോചിക്കണം.

വയനാട്ടില്‍ തിരുനെല്ലി സര്‍വീസ് സഹകരണബാങ്ക് 100 കൊല്ലം പിന്നിട്ടു. അക്കാലത്ത് ആ വനത്തില്‍ സഹകരണസംഘം സ്ഥാപിച്ചതു മഹാത്യാഗമാണ്. ഈ ബാങ്ക് സ്ഥിതിചെയ്യുന്ന കാട്ടിക്കുളം ഉച്ചയാകുമ്പോള്‍ എല്ലാത്തരം മൃഗങ്ങളെയും കാണാവുന്ന പ്രദേശമാണ്. വാവുത്സവത്തിനു തിരുനെല്ലിക്ഷേത്രത്തില്‍ ധാരാളം ആള്‍ക്കാരെത്തും. അവരെ കൊണ്ടുവരികയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന യാത്രാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താം. തിരുനെല്ലിയില്‍ താമസസൗകര്യമില്ല. തിരുനെല്ലി സംഘം അവിടെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലെങ്കിലും തുടങ്ങിയാല്‍ നന്നായിരുന്നു. സംഘത്തിനു മൂന്നുമൂന്നരയേക്കര്‍ തിരുനെല്ലിയിലുണ്ട്. ഒറ്റയ്ക്കു കഴിയില്ലെങ്കില്‍, മാനന്തവാടിയിലെ മുഴുവന്‍ സഹകരണസംഘങ്ങളുമായി ആലോചിച്ചു പത്തോ ഇരുപതോ ലക്ഷം രൂപ മുടക്കി ഹോട്ടല്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം. വയനാട്ടിലെ പോഷകസമൃദ്ധമായ ഗന്ധകശാല അരി വിപണനം ടൂറിസത്തിലൂടെ വര്‍ധിപ്പിക്കാം. നല്ല തേനും ഇവിടൊക്കെ കിട്ടും.

ഇടുക്കി ജില്ലയില്‍ അണക്കെട്ടു കാണാന്‍ ധാരാളം ആളുകള്‍ വരാറുണ്ട്. കുറവന്‍, കുറത്തി മലകള്‍ക്കിടയിലുള്ള ഡാം, ആ സ്ഥലം കണ്ടുപിടിച്ച ആദിവാസിയുടെ സ്മാരകം തുടങ്ങി ധാരാളം കാര്യങ്ങള്‍ അവിടെ കാണാനുണ്ട്. ഉദയ്പൂര്‍ രാജാവ് മാര്‍ബിള്‍മല മുറിച്ച് എട്ടു മീറ്റര്‍ ആഴത്തില്‍ എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ കൃത്രിമക്കായലുണ്ടാക്കി. അതിനിടയില്‍ മൂന്ന് അതിമനോഹര കൊട്ടാരങ്ങളും പണിതു. ഇവിടെ കായലുണ്ടാക്കേണ്ട. പ്രകൃത്യാ ഉണ്ട്. എറണാകുളംമുതല്‍ കൊല്ലംവരെ കായല്‍ പരന്നുകിടക്കുകയാണ്. കൊച്ചി കപ്പല്‍ശാലയും താജ്‌ഹോട്ടലും ഹൈക്കോടതിമന്ദിരവും ഒക്കെയുള്ള പ്രദേശത്തെ സ്പര്‍ശിച്ചുനില്‍ക്കുന്ന കായല്‍ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലൂടെ നീളുന്നു. കേരളത്തിന്റെ ഹബ്ബാണു കൊച്ചി.

ഭാരതപ്പുഴയുടെ തീരത്തുള്ള ഐവര്‍മഠത്തില്‍ ഏതു രാത്രിയും എട്ടോപത്തോ മൃതദേഹങ്ങള്‍ ചിതയിലെരിയുന്നതു കാണാം. അതുപോലും സഹകരണപ്രസ്ഥാനത്തിനു സാധ്യതയാണ്. അത്തരം ശ്മശാനങ്ങള്‍ സംഘങ്ങള്‍ക്ക് ഏറ്റെടുത്തു നടത്താം. നീലേശ്വരത്തു കായലുണ്ട്. ചാലിയംപോലുള്ള പ്രദേശങ്ങളിലെ കക്കയുടെയും കല്ലുമ്മക്കായയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താം. കടേേലാരത്തിന്റെ കാര്യത്തില്‍ വിഴിഞ്ഞത്തു വഞ്ചിയില്‍പോയി പിടിച്ചുകൊണ്ടുവരുന്ന ഏറ്റവും നല്ല മീനുകളുടെ സാധ്യത ഏതെങ്കിലും സഹകരണസംഘം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ? വിഴിഞ്ഞം മാത്രമല്ല വര്‍ക്കല, കാപ്പാട്, തലശ്ശേരി തുടങ്ങിയ കടലോരങ്ങളും അതിമനോഹരങ്ങളാണ്. ബേപ്പൂര്‍ ടൂറിസംമേഖലയാണ്. അവിടത്തെ സാധ്യതകള്‍ ഉപയോഗിക്കണം. തൊട്ടടുത്തുള്ള ഫറോക്ക് സര്‍വീസ് സഹകരണബാങ്കുമായി ചേര്‍ന്ന് എന്തൊക്കെ ചെയ്യാനാവുമെന്നു നോക്കണം. സ്റ്റാന്റേര്‍ഡ് ടൈല്‍സ് വില്‍ക്കാന്‍ വച്ചു. അതു സഹകരണമേഖലയില്‍ വാങ്ങി നിലനിര്‍ത്തണം. കേരളത്തില്‍ നാലു വിമാനത്താവളമുണ്ട്. വിമാനജീവനക്കാര്‍ നക്ഷത്രഹോട്ടലിലേ താമസിക്കൂ. അതുകൊണ്ടു സഹകരണമേഖലയില്‍ ഇത്തരം ഹോട്ടലുകള്‍ ഇനിയും ആവാം. ഇവിടങ്ങളിലെ സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും ടൂറിസത്തില്‍ ധാരാളം ചെയ്യാന്‍ പറ്റും. സ്വയം എന്തു ചെയ്യാനാവുമെന്നും മറ്റു സംഘങ്ങളെ എങ്ങനെ സഹകരിപ്പിക്കാമെന്നും നോക്കണം. പ്രതിസന്ധിയുണ്ടെങ്കില്‍ തുറന്നുപറയുകയും വേണം. ( തുടരും )

( ‘ സഹകരണവും ടൂറിസവും ‘ എന്ന വിഷയത്തില്‍ കേരളത്തിലെ സഹകാരികള്‍ക്കായി
സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ ലാഡര്‍ നടത്തിയ സെമിനാറില്‍ ചെയ്ത
പ്രസംഗത്തിന്റെ ആദ്യഭാഗം )

(മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!