കോഴിക്കോടിന്റെ കായിക കുതിപ്പിന് സഹകാരികളുടെ മാസ്ഡിക്കോസ്

യു.പി. അബ്ദുള്‍ മജീദ്

കായികപരിശീലനത്തിനുള്ള കേരളത്തിലെ ആദ്യത്തെ സഹകരണ സംഘം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ പ്രവര്‍ത്തനം തുടങ്ങി. കായിക പരിശീലനത്തിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാസ്ഡിക്കോസ് എന്ന ഈ സംഘം മലയോര കായികരംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്കു പിന്തുടര്‍ച്ചയായി വലിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതു മാറ്റത്തിനു തുടക്കം കുറിക്കും.

 

യു.പി. അബ്ദുള്‍ മജീദ്

ഓടിയും ചാടിയും എറിഞ്ഞും കളിച്ചും കായികരംഗത്തു വിജയമുദ്രകള്‍ വാരിക്കൂട്ടിയ കോഴിക്കോടിന്റെ കിഴക്കന്‍ മലയോരത്തിന്റെ കായികക്കുതിപ്പിന് ഊര്‍ജം പകരാന്‍ സഹകരണമേഖലയില്‍ കായിക പരിശീലന കേന്ദ്രം തുടങ്ങി. തിരുവമ്പാടി കേന്ദ്രമായി ആരംഭിച്ച മത്തായി ചാക്കോ മെമ്മോറിയല്‍ മലബാര്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ( മാസ്ഡിക്കോസ് ) കായിക പരിശീലനത്തിനുള്ള സംസ്ഥാനത്തെ ആദ്യത്തെ സഹകരണസംഘമാണ്. 20 വര്‍ഷം മുമ്പ് പുല്ലൂരാംപാറ കേന്ദ്രമായി തുടങ്ങിയ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി സംഘാടകരുടെ പുതിയ ചുവടുവെപ്പാണു മാസ്ഡിക്കോസ്. സംഘത്തിന്റെ ഉദ്ഘാടനം സ്‌പോര്‍ട്‌സ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു.

മലബാര്‍ സ്‌പോര്‍ട്‌സ്
അക്കാദമി

സംസ്ഥാന-ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്ത മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി കായിക രംഗത്തുണ്ടാക്കിയ നേട്ടങ്ങളാണു സഹകരണമേഖലയില്‍ പുതിയ കായിക പരിശീലന കേന്ദ്രം തുടങ്ങാന്‍ പ്രേരണയായത്. 2003 ല്‍ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുമ്പോള്‍ മലയോര മേഖലയിലെ കായിക താരങ്ങള്‍ക്കു പരിശീലനം നല്‍കി ജില്ല – സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. പുല്ലൂരാംപാറ ഹൈസ്‌കൂളിലെ പരിശീലന കേന്ദ്രത്തിനു സ്‌കൂള്‍ മാനേജ്‌മെന്റും നാട്ടുകാരും പ്രോത്സാഹനം നല്‍കിയതോടെ അക്കാദമിയുടെ വളര്‍ച്ച ത്വരിതഗതിയിലായി.

ജില്ലാ ചാമ്പ്യന്‍ഷിപ്പും സംസ്ഥാന തലത്തില്‍ ഏതാനും മെഡലുകളും നേടി അക്കാദമിയിലെ കായിക താരങ്ങള്‍ ആരംഭിച്ച കുതിപ്പ് ദേശീയ മത്സരങ്ങളില്‍ റിക്കോര്‍ഡുകളിലെത്തിയപ്പോഴാണു കായികകേരളം മലയോരഗ്രാമത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. പ്രശസ്ത പരിശീലകന്‍ ടോമി ചെറിയാന്‍ 2010 ല്‍ മലബാര്‍ അക്കാദമിയുടെ ചുമതല ഏറ്റെടുത്തതോടെയാണു ദേശീയതലത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കുന്നത്. തെരേസ ജോസഫ്, ലിസ്ബത് കരോളില്‍, അപര്‍ണ റോയ് എന്നീ കായിക താരങ്ങള്‍ ദേശീയ റിക്കാര്‍ഡുകള്‍ തിരുത്തിയതു മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലനം വഴിയായിരുന്നു. അത്ലറ്റിക്‌സില്‍ എല്ലാ വിഭാഗങ്ങളിലും പരിശീലനം നല്‍കുന്ന മലബാര്‍ അക്കാദമിയില്‍ മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമൊക്കെ കുട്ടികള്‍ എത്താന്‍ തുടങ്ങിയതോടെ താമസസൗകര്യങ്ങളും ഒരുക്കി. ടോമി ചെറിയാനു പുറമെ സി.കെ. സത്യന്‍, മനോജ് ചെറിയാന്‍, സുനില്‍ ജോണ്‍, കെ.ആര്‍. സുജിത് എന്നിവരും കോച്ചുമാരാണ്. എണ്‍പതിലധികം കുട്ടികള്‍ പരിശീലനം നേടുന്ന മലബാര്‍ അക്കാദമിയുടെ താരങ്ങളാണു പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വിജയ കിരീടം സമ്മാനിക്കുന്നത്. ജോസ് മാത്യു ചെയര്‍മാനും ടി.ടി. കുര്യന്‍ കണ്‍വിനറും പി.കെ.സോമന്‍ ട്രഷററുമായ കമ്മിറ്റിയാണു മലബാര്‍ അക്കാദമിയുടെ ചുക്കാന്‍ പിടിക്കുന്നത്. മലയാള മനോരമ സംസ്ഥാനത്തെ മികച്ച സ്‌പോര്‍ട്‌സ് ക്ലബ്ബായി മലബാര്‍ അക്കാദമിയെ തിരഞ്ഞെടുത്തതും നല്ല അംഗീകാരമാണ്. കായികതാരങ്ങളെ ചെറുപ്രായത്തില്‍ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാവുമെന്നാണ് മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ അനുഭവം. ഈ രംഗത്തു സഹകരണമേഖലയുടെ പങ്കാളിത്തം ഉറപ്പു വരുത്താനും അതുവഴി വലിയ പദ്ധതികള്‍ക്കു രൂപം നല്‍കാനുമാണു മാസ്ഡിക്കോസ് രൂപവല്‍ക്കരിച്ചിരിക്കുന്നത്.

ലക്ഷ്യം
സമഗ്രപദ്ധതികള്‍

കായിക പരിശീലനത്തിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാസ്ഡിക്കോസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍, സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയുളള കായിക വികസനമാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി കളിക്കളങ്ങള്‍ സ്വന്തമായി കണ്ടെത്തുന്നതിനു പുറമെ സ്്കൂളുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ കളിക്കളങ്ങളും ഉപയോഗപ്പെടുത്തും. നാടുനീങ്ങിയ കായികവിനോദങ്ങള്‍ കണ്ടെത്തി അവയെ പുനരുജ്ജീവിപ്പിക്കാന്‍ സംഘത്തിനു പദ്ധതിയുണ്ട്. ഹോസ്റ്റല്‍ സൗകര്യമുള്‍പ്പെടെയുള്ളവ നല്‍കി കായികതാരങ്ങളെ ചെറുപ്പത്തില്‍ത്തന്നെ ശാസ്ത്രീയമായി പരിശീലിപ്പിച്ച് സംസ്ഥാന- ദേശീയതലങ്ങളില്‍ മത്സരിക്കാന്‍ പ്രാപ്തമാക്കുക എന്നതിനാണു മാസ്ഡിക്കോസ് ഊന്നല്‍ നല്‍കുന്നത്. ഇതിനു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സമാനസ്വഭാവമുള്ള സംവിധാനങ്ങളുമായി സഹകരിക്കും. സ്‌പോര്‍ട്‌സിലും ഗെയിംസിലും ഫെസ്റ്റിവലുകള്‍ നടത്താനും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ആരോഗ്യപരിപാലന ഉപകരണങ്ങള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വിപണ കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവ ആരംഭിക്കാനും നീന്തല്‍ക്കുളങ്ങള്‍ പണിതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കാനും സംഘം നടപടി സ്വീകരിക്കും. സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലിനിക്കുകള്‍, ജിംനേഷ്യങ്ങള്‍, യോഗ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും പ്രോജക്ടിലുണ്ട്. മാസ്ഡിക്കോസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ തുറക്കും. കായിക മേഖലയില്‍ കണ്‍സള്‍ട്ടന്‍സി സേവനം, അക്രഡിറ്റഡ് ഏജന്‍സി സേവനം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ കായിക പ്രോജക്ടുകളുടെ നിര്‍വ്വഹണ ഏജന്‍സി എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും സംഘം ഒരുക്കങ്ങള്‍ ആരംഭിച്ചു.

കോഴിക്കോട് ജില്ല പ്രവര്‍ത്തനപരിധിയായ സംഘത്തിന്റെ അംഗീകൃത മൂലധനം 15 കോടി രൂപയാണ്. എ. ക്ലാസ് ഓഹരികള്‍ വ്യക്തികള്‍ക്കും ബി. ക്ലാസ് ഓഹരികള്‍ കോഴിക്കോട് ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്കുമാണ് അനുവദിക്കുന്നത്. കേന്ദ-സംസ്ഥാന സര്‍ക്കാറുകള്‍, കേരള ബാങ്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് സി. ക്ലാസ് ഓഹരികളും സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഡി.ക്ലാസ് അംഗത്വവും അനുവദിക്കുന്നുണ്ട്. വായ്പാ –
നിക്ഷേപ പദ്ധതികളും സംഘം നടപ്പാക്കുന്നുണ്ട്. സംഘം നടപ്പാക്കുന്ന പദ്ധതികള്‍ക്കു കോള്‍ ഡെപ്പോസിറ്റ് സ്വീകരിക്കും. സ്ഥിര നിക്ഷേപം, ഗ്രൂപ്പ് നിക്ഷേപം തുടങ്ങിയവ സ്വീകരിക്കാനും സംഘത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കുടിയേറ്റ
മേഖലക്ക് പ്രതീക്ഷ

കായിക രംഗത്ത് എക്കാലത്തും മികവ് പുലര്‍ത്തിയ കുടിയേറ്റമേഖലക്കു പ്രതീക്ഷ നല്‍കുന്നതാണു മാസ്ഡിക്കോസ്. സംഘാടകരുടെ നിശ്ചയദാര്‍ഢ്യവും പരിശീലകരുടെ ആത്മാര്‍ത്ഥതയും കായികതാരങ്ങളുടെ താല്‍പ്പര്യവും നാട്ടുകാരുടെ പിന്തുണയും കൈമുതലാക്കി മലയോര കായിക രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്കു പിന്തുടര്‍ച്ചയായി സഹകരണമേഖലയിലെ മാസ്ഡിക്കോസ് വലിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതു മാറ്റത്തിനു തുടക്കം കുറിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പരിശീലനച്ചെലവ് വഹിക്കുന്നതിനും മലബാര്‍ അക്കാദമിക്കുണ്ടായ പ്രയാസങ്ങള്‍ സഹകരണസ്ഥാപനം എന്ന നിലയില്‍ മാസ്ഡിക്കോസിനു പരിഹരിക്കാനാവും. ജില്ലയിലെ സഹകരണ ബാങ്കുകള്‍ തുടക്കത്തില്‍ത്തന്നെ സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സര്‍ക്കാരും കേരള ബാങ്കും പിന്‍ബലം നല്‍കുന്നതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ വലിയ പദ്ധതികള്‍ നടപ്പാക്കാനാവുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ അനുമതി ലഭിച്ചതും സംഘത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ പ്രയോജനപ്പെടും. പ്രശസ്ത സ്‌പോര്‍ട്‌സ് സംഘാടകനും പരിശീലകനുമായ ടോമി ചെറിയാന്റെ സാന്നിദ്ധ്യമാണു സംഘത്തിന്റെ പ്രധാന മേന്മ. ഈയിടെ വിദ്യാഭ്യാസ വകുപ്പില്‍നിന്നു വിരമിച്ച ടോമി ചെറിയാന്‍ സംഘത്തിന്റെ മുഖ്യ പരിശീലകനാണ്. സര്‍ക്കാരിന്റേയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും പൂര്‍ണ പിന്തുണ ഉറപ്പു വരുത്താന്‍ സംഘാടകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള സ്റ്റേഡിയങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ കോച്ചിങ് ക്യാമ്പുകള്‍ക്കു കൂടുതല്‍ പങ്കാളിത്തം ലഭിക്കും. സ്‌പോര്‍ട്‌സില്‍ നേട്ടങ്ങള്‍ കൊയ്തതുവഴി സര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി നേടിയവര്‍ ഏറെയുള്ള മലയോരഗ്രാമങ്ങളില്‍ പുതുതലമുറക്കു കായികനേട്ടങ്ങള്‍ വഴി ഉയര്‍ന്ന പദവികളിലെത്താന്‍ മാസ്ഡിക്കോസ് സഹായമാവും.

പഞ്ചായത്ത് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ജോസ് മാത്യു വാണു സംഘം പ്രസിഡന്റ്. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.ടി. അഗസ്റ്റിന്‍ വൈസ് പ്രസിഡന്റാണ്. തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്, മുന്‍ എം.എല്‍ എ ജോര്‍ജ് എം. തോമസ്, താലൂക്ക് കാര്‍ഷികബാങ്ക് പ്രസിഡന്റ് ടി. വിശ്വനാഥന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കാരശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.വിനോദ്, തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോളി ജോസഫ്, സ്‌പോര്‍ട്‌സ് കോച്ച് ടോമി ചെറിയാന്‍, ടി.ടി. കുര്യന്‍, പി.കെ. സോമന്‍, ജോളി തോമസ് എന്നിവര്‍ ഡയറക്ടര്‍മാരാണ്. ഡയറക്ടര്‍ അനുപമ ജോസഫിനാണു സെക്രട്ടറിയുടെ ചുമതല.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!