കേരളബാങ്കിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ഓഹരി കൂട്ടുന്നതിന് ഉത്തരവിറങ്ങി

moonamvazhi

കേരളബാങ്കിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കൂട്ടാന്‍ തീരുമാനിച്ചു. 100 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഓഹരിക്കായി നല്‍കുന്നത്. ആഗസ്റ്റ് 24ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് കേരളബാങ്കില്‍ സര്‍ക്കാര്‍ ഓഹരി കൂട്ടണമെന്ന പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് തീരുമാനം.

2022-23 സാമ്പത്തിക വര്‍ഷത്തിലെ സഹകരണ വകുപ്പിന്റെ ഫണ്ടില്‍നിന്ന് കേരളബാങ്കിന് പണം അനുവദിക്കാന്‍ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ക്കിങ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്ത മുഴുവന്‍ തുകയ്ക്കും കേരളബാങ്കിലെ സര്‍ക്കാരിന്റെ ഓഹരി കൂട്ടാനാണ് ഭരണാനുമതി നല്‍കിയത്. ഇതിനൊപ്പം മൂന്ന് സര്‍വീസ് സഹകരണ ബാങ്കുകളുടെ വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കാനുള്ള വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. തരിയോട് സഹകരണ ബാങ്ക്, കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക്, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ടൗണ്‍ ബാങ്ക് എന്നിവയ്ക്കാണ് സഹായം ലഭിക്കുക.

തരിയോട് സര്‍വീസ് സഹകരണ ബാങ്കിന് നീതി സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ 23ലക്ഷം രൂപ അനുവദിക്കാനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. അഞ്ചുലക്ഷം രൂപ സബ്‌സിഡിയും ഒമ്പത് ലക്ഷം രൂപവീതം വായ്പയും ഓഹരിയുമായാണ് തുക നല്‍കുക. കിളിയന്തര സര്‍വീസ് സഹകരണ ബാങ്കിന് ഒരുകോടിയാണ് സര്‍ക്കാര്‍ സഹായം നല്‍കുക. ബില്‍ഡിങ് മെറ്റീരിയല്‍ വില്‍പന സ്റ്റോറിന്റെ വിപുലീകരണത്തിനാണിത്. ഈ സഹായത്തിലും 20 ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയായാണ് നല്‍കുന്നത്. ഓഹരി-വായ്പ ഇനത്തിലാണ് ബാക്കി 40 ലക്ഷം രൂപവീതം നല്‍കുന്നത്.

ബാങ്കിന്റെ ഉടമസ്ഥതിയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെയും സഹകരണ സൂപ്പര്‍മാര്‍ക്കറ്റിന്റെ വിപുലീകരണത്തിനാണ് ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ടൗണ്‍ ബാങ്കിന് സഹായം അനുവദിക്കുക. ഇതിനുള്ള വിശദമായ പദ്ധതി രേഖ വര്‍ക്കിങ് ഗ്രൂപ്പ് യോഗം പരിശോധിച്ചിരുന്നു. സബ്‌സിഡി, ഓഹരി, വായ്പ എന്നീ വിഭാഗങ്ങളിലായി 30 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ ശുപാര്‍ശ. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതില്‍ സബ്‌സിഡി ആറ് ലക്ഷം രൂപയാണ്. ബാക്കി 24 ലക്ഷത്തില്‍ പകുതിവീതം ഓഹരി-വായ്പ വിഭാഗത്തിലായി നല്‍കും.

Leave a Reply

Your email address will not be published.

Latest News