കേരളബാങ്കിന് മൂലധനന പര്യാപ്തത കൂട്ടാന്‍ സര്‍ക്കാര്‍ ഒരുകോടിരൂപ ധനസഹായം നല്‍കി

moonamvazhi

കേരള ബാങ്കിന് മൂലധന പര്യപ്ത വര്‍ദ്ധിപ്പിക്കുന്നതിനായി ഒരുകോടി രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ഇതിനായി പണം അനുവദിക്കണമെന്ന പ്രപ്പോസല്‍ മെയ് 23ന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗം പരിഗണിച്ചിരുന്നു. ഓഹരിയായി പണം അനുവദിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിച്ച് ഒരുകോടി രൂപ അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

മൂലധനപര്യാപ്തത, നിഷ്‌ക്രിയ ആസ്തി എന്നിവയുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം പാലിക്കുന്നതിന് ബാങ്കുകള്‍ക്ക് കര്‍ശന നിബന്ധനയാണുള്ളത്. പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഇത് പാലിക്കാന്‍ കേരളബാങ്ക് ശ്രമിക്കുന്നുണ്ട്. ഓരോ വര്‍ഷവും അറ്റ നഷ്ടവും നിഷ്‌ക്രിയ ആസ്തിയും കുറയ്ക്കാന്‍ കേരളബാങ്ക് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 കോടിരൂപയാണ് കേരളബാങ്കിന് സര്‍ക്കാര്‍ അനുവദിച്ചത്. കേരളബാങ്കിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ജില്ലാബാങ്കുകളെ ലയിപ്പിക്കുന്നതിന് അനുമതി നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് വെച്ച ഉപാധികളിലൊന്നാണ്. ഇത് അംഗീകരിച്ചാണ് കേരളബാങ്ക് രൂപീകരണത്തിലേക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

2019 നവംബര്‍ 29ന് കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ അറ്റനഷ്ടം 1151 കോടി രൂപയായിരുന്നു. നിഷ്‌ക്രിയ ആസ്തി 23.39 ശതമാനവുമായിരുന്നു. അതായത് 8834 കോടി. 2022 മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് സഞ്ചിത നഷ്ടം 637 കോടിയും നിഷ്‌ക്രിയ ആസ്തി 13.35 ശതമാനവുമാണ്. അതായത്, 5466 കോടിരൂപ. ഈ കണക്ക് അനുസരിച്ച് ബാങ്കിന്റെ മൂലധന പര്യാപ്തത 10.24 ശതമാനമാണ്. ഒമ്പത് ശതമാനം സി.ആര്‍.എ.ആര്‍. വേണമെന്നാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നത്.

സഞ്ചിത നഷ്ടം പൂര്‍ണമായി ഒഴിവാക്കി അറ്റലാഭത്തില്‍ എത്തുകയാണ് ബാങ്കിന്റെ ലക്ഷ്യം. കേരള ബാങ്ക് രൂപീകരിച്ചതിന് ശേഷം എല്ലാവര്‍ഷവും ബാങ്ക് പ്രവര്‍ത്തന ലാഭത്തിലാണ്. എന്നാല്‍, സഞ്ചിത നഷ്ടം നികത്താനാകാത്തതിനാല്‍ ഓഹരി ഉടമകളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഡിവിഡന്റ് നല്‍കാനായിട്ടില്ല. നിഷ്‌ക്രിയ ആസ്തി 13 ശതമാനത്തിലധികം നിലനില്‍ക്കുന്നതിനാല്‍ ഇതിന് ആനുപാതികമായ റിസര്‍വ് ബാങ്ക് സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് ബാങ്ക് നഷ്ടത്തില്‍ തുടരാന്‍ ഇടയാക്കുന്നതെന്നാണ് കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

ബാങ്കിന് പ്രവാസി നിക്ഷേപം, ഫോറക്‌സ് ബിസിനസ്, ഡിജിറ്റല്‍ സേവന ലൈസന്‍സ് എന്നിവ ലഭിക്കണമെങ്കില്‍ നിഷ്‌ക്രിയ ആസ്തി ഏഴുശതമാനത്തില്‍ താഴെ എത്തണം. ഈ ലക്ഷ്യം നേടുന്നതിനാണ് മിഷന്‍ 100 ഡേയ്‌സ് എന്ന രീതിയില്‍ കുടിശ്ശിക നിവാരണ പദ്ധതി നടപ്പാക്കിയത്. 2022 ആഗസ്റ്റില്‍ തുടങ്ങി 100 ദിവസം കൊണ്ട് 253 കോടിരൂപയുടെ വായ്പ കുടിശ്ശിക പിരിച്ചെടുക്കാന്‍ കേരളബാങ്കിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!