ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിനു ഹാട്രിക് പുരസ്‌കാരം

Deepthi Vipin lal

– അനില്‍ വള്ളിക്കാട്

 

തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും കേരളത്തിലെ മികച്ച അര്‍ബന്‍ ബാങ്കുകളിലൊന്നായി പാലക്കാട്ടെ ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കിനെ തിരഞ്ഞെടുത്തു. അര്‍ബന്‍ ബാങ്ക് വിഭാഗത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ മികച്ച രണ്ടാമത്തെ സ്ഥാപനമെന്ന അവാര്‍ഡാണ് ഒറ്റപ്പാലം ബാങ്കിന് ലഭിച്ചത്. 2018 -19 ലും മികച്ച രണ്ടാമത്തെ അര്‍ബന്‍ ബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 2017 -18 ല്‍ മൂന്നാം സ്ഥാനമാണ് കിട്ടിയത്. അസോസിയേഷന്‍ ഫോര്‍ ഇക്കണോമിക് ഗ്രോത്ത് – 2021 ലെ ഇന്‍ഡോ-ബാലിനീസ് അച്ചീവേഴ്‌സ് അവാര്‍ഡിനും ബാങ്കിനെ തിരഞ്ഞെടുക്കുകയുണ്ടായി.


1937 ല്‍ സ്ഥാപിതമായ ബാങ്കിന് അഞ്ച് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലുമായി ഒമ്പതു ശാഖകളാണുള്ളത്. ഇതില്‍ ഒറ്റപ്പാലത്തെ ഒരു ശാഖ 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിംഗ് രംഗത്തെ നൂതന സാങ്കേതിക വിദ്യകളെയെല്ലാം അതതു കാലങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ ബാങ്കിനായിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി കമ്പ്യൂട്ടര്‍വത്ക്കരണം നടത്തിയ സഹകരണ ബാങ്ക് എന്ന നേട്ടത്തില്‍ തുടങ്ങി ഏതൊരു പുതുതലമുറ, ദേശസാത്കൃത ബാങ്കിനോടും ആരോഗ്യകരമായി മത്സരിക്കാന്‍ കഴിയുന്ന എല്ലാ സംവിധാനങ്ങളും ഇന്ന് ഒറ്റപ്പാലം ബാങ്കിലുണ്ട്. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും എ.ടി.എം. സൗകര്യം ലഭ്യമാണ്. ഇന്ത്യയില്‍ എവിടെ നിന്നും പണം പിന്‍വലിക്കാന്‍ കഴിയുന്ന റൂപേ എ.ടി.എം. കാര്‍ഡുകളും ബാങ്കില്‍ ലഭ്യമാണ്. OCUB EzyGo എന്ന മൊബൈല്‍ ബാങ്കിംഗ് ആപ്പിലൂടെ ഇടപാടുകാര്‍ക്ക് സ്വന്തം മൊബൈലിലൂടെ ആര്‍.ടി.ജി.എസ്/ എന്‍.ഇ.എഫ്.ടി./ഐ.എം.പി.എസ്. എന്നിവ വഴി പണം കൈമാറുന്നതിനും, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിനും, എല്ലാവിധ ബില്‍ പേയ്‌മെന്റ് നടത്തുന്നതിനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും സാധിക്കും.


ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്ത് പ്രളയത്തില്‍നിന്നും കേരളത്തെ കരകയറ്റാന്‍ 75 ലക്ഷം രൂപയും കോവിഡ് മഹാമാരിയെ നേരിടാന്‍ 40 ലക്ഷം രൂപയും കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി 12.32 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കോവിഡ് രോഗികള്‍ക്കായി ഓക്‌സിമീറ്ററുകള്‍ നല്‍കിയ ബാങ്ക് രോഗികളുടെ സഹായത്തിനായി സ്‌നേഹവാഹനവും ഒരുക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ ബാങ്ക് നല്‍കിവരുന്നുണ്ട്.


ഇടപാടുകാരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിരവധി വ്യത്യസ്ത പദ്ധതികള്‍ ബാങ്കിനുണ്ട്. 540 കോടി രൂപയുടെ സ്ഥിര നിക്ഷേപവും 305 കോടി രൂപയുടെ വായ്പയുമാണുള്ളത്. വ്യക്തികള്‍ക്ക് ഒന്നരക്കോടി രൂപ വരെ വായ്പ അനുവദിക്കുന്നുണ്ട്. ഐ.എസ്.ഒ. 9001:2015 അംഗീകാരമുള്ള ബാങ്ക് കോവിഡ്- 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഏഴു ശതമാനം പലിശ നിരക്കിലുള്ള വിവിധ സ്വര്‍ണ പ്പണയ വായ്പാ പദ്ധതികളും വ്യാപാരികള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ എന്നിവര്‍ക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. 845 കോടി രൂപയുടെ വ്യാപാരം ബാങ്കിനുണ്ട്.


ഇടപാടുകാര്‍, ജീവനക്കാര്‍, സഹകാരികള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോജിച്ച പ്രവര്‍ത്തനവും സഹകരണവുമാണ് ബാങ്കിനെ തുടര്‍ച്ചയായി ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത് എന്ന് ബാങ്ക് ചെയര്‍മാന്‍ ഐ.എം. സതീശന്‍ പറഞ്ഞു. പി.എം. ദേവദാസ് വൈസ് ചെയര്‍മാനായുള്ള പതിനൊന്ന് അംഗ ഭരണസമിതിയാണ് ബാങ്കിനുള്ളത്. കെ.പി. ശങ്കരനാരായണനാണ് ബാങ്കിന്റെ സി.ഇ.ഒ. ജനറല്‍ മാനേജര്‍ പി.എം. ജയ്കിഷനും.

Leave a Reply

Your email address will not be published.

Latest News