സ്ഥിരപ്പെടുത്തണമെന്ന് അവകാശപ്പെടില്ലെന്ന് എഴുതി നല്‍കണം; പരീക്ഷബോര്‍ഡില്‍ കരാര്‍ നിയമനത്തിന് ഉപാധി

moonamvazhi
  • കരാര്‍ നിയമനത്തിന്റെ കാലാവധി നീട്ടുന്നതിന് നാല് നിബന്ധനകള്‍ സര്‍ക്കാര്‍.
  • മുന്നോട്ടുവെച്ചു പരീക്ഷബോര്‍ഡില്‍ സ്ഥിരം നിയമനം നടത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാർ

സഹകരണ പരീക്ഷാബോര്‍ഡില്‍ നാല് തസ്തികളിലെ കരാര്‍ നിയമനം ഒരുവര്‍ഷത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഉപാധികളോടെയാണ് അനുമതി. സ്ഥിരപ്പെടുത്താന്‍ ഒരു അവകാശവാദവും ഉന്നിയിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. കരാര്‍ നിയമനത്തിന് ധനകാര്യവകുപ്പിന്റെ നിബന്ധനകള്‍ പാലിക്കണം, സാമ്പത്തിക ബാധ്യത ബോര്‍ഡിന്റെ തനത് വരുമാനത്തില്‍നിന്ന് വഹിക്കണം, വീണ്ടും ഇതേ തസ്തികകളില്‍ സേവനം ആവശ്യമായി വരികയാണെങ്കില്‍ എംപ്ലോയ്മെന്റ് എക്സേഞ്ചുവഴി നിയമക്കണം എന്നിവയും കരാര്‍ നീട്ടുന്നതിനുള്ള ഉപാധിയായ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

സഹകരണ പരീക്ഷാബോര്‍ഡില്‍ ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, മൂന്ന് ക്ലര്‍ക്ക് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 2019-ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജീവനക്കാരുടെ കുറവും ജോലിഭാരവും കണക്കിലെടുത്തായിരുന്നു തീരുമാനം. സഹകരണ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനായുള്ള നടപടികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനാണ് സര്‍ക്കാര്‍ കരാര്‍ നിയമനത്തിന് അനുമതി നല്‍കിയത്.

സഹകരണ പരീക്ഷകള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബോര്‍ഡ്. പരീക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ എറെക്കുറെ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. അതിനാല്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ തസ്തിക സ്ഥിരമാക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്കെങ്കിലും കരാര്‍ നിയമനത്തിന് അനുമതി നല്‍കണമെന്നായിരുന്നു രജിസ്ട്രാര്‍ മുന്നോട്ടുവെച്ചത്.

രജിസ്ട്രാറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിശ്ചിത യോഗ്യതയും അഞ്ചുവര്‍ഷം പ്രവൃത്തിപരിചയവമുള്ളയാളെ 40,000 രൂപ കണ്‍സോളിഡേറ്റഡ് ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പക്ഷെ ഇതിന് അഞ്ചുവര്‍ഷത്തെ കാലയളവ് അനുവദിച്ചില്ല. നിലവില്‍ മൂന്ന് ക്ലര്‍ക്കുമാരുടെയും സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെയും കാലാവധി അവസാനിച്ചു. ഈ നാല് തസ്തികള്‍ക്കും തുടര്‍ച്ചാനുമതി നല്‍കണമെന്ന് ബോര്‍ഡ് സെക്രട്ടറി അപേക്ഷ നല്‍കി. അതിന് അനുവാദം നല്‍കാമെന്ന് രജിസ്ട്രാര്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇതനുസരിച്ചാണ് വ്യവസ്ഥകളോടെ ഒരുവര്‍ഷത്തേക്ക് സര്‍ക്കാര്‍ തുര്‍ച്ചാനുമതി നല്‍കിയത്.

Leave a Reply

Your email address will not be published.