സഹകരണ സംഘങ്ങളില്‍ വകുപ്പ് ’65’ അന്വേഷണം വേഗത്തിലാക്കുന്നു

Deepthi Vipin lal

സഹകരണ സംഘങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷ വിധിക്കുന്ന രീതി വേഗത്തിലാക്കാന്‍ സഹകരണ നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നു. ക്രിമിനല്‍ കേസുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ പോലീസിന് കൈമാറണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഇതിനകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് വകുപ്പ് 65 അനുസരിച്ച് നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിലുള്ള നടപടിയും കടുപ്പിക്കുന്നത്.

ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രാഥമിക വിവരം ലഭിക്കുമ്പോഴാണ് ഒരു സഹകരണ സംഘത്തില്‍ വിശദമായ അന്വേഷണത്തിന് സഹകരണ നിയമം 65-ാം വകുപ്പനുസരിച്ച് ഉത്തരവിടുന്നത്. ഈ അന്വേഷണത്തില്‍ ഭരണസമിതി അംഗങ്ങളടക്കം പങ്കാളിയായി ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാലും നിലവിലെ സാഹചര്യത്തില്‍ ശിക്ഷ ലഭിക്കാറില്ല. അന്വേഷണ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ പരിശോധിക്കുകയും 66, 67 വകുപ്പുകളനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്.

 

കുറ്റാരോപിതരില്‍നിന്ന് വിശദീകരണം കേട്ട്, സര്‍്ച്ചാര്‍ജ് നടപടികള്‍ തുടങ്ങുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കില്‍ നടപടി നീട്ടികൊണ്ടുപോകാന്‍ സാധ്യകള്‍ ഏറെയുണ്ട്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ഒട്ടേറെ ക്രമക്കേടുകളും വകുപ്പ് 65 അനുസരിച്ചുള്ള അന്വേഷണങ്ങളും നടന്നിട്ടുണ്ട്. സംഘത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന രീതിയില്‍ പണാപഹരണംവരെ നടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു സംഘത്തിലെയും ഭരണസമിതി അംഗത്തിന് നിലവില്‍ ജയില്‍ ശിക്ഷയോ മറ്റ് ശിക്ഷാവിധികളോ നേരിടേണ്ടിവന്നിട്ടില്ല. സഹകരണ നിയമത്തിലെ ഈ ‘സാധ്യത’ ത്ട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നുവെന്നാണ് മന്ത്രി വി.എന്‍.വാസവന്‍ നിരീക്ഷിച്ചത്്

ഇതോടെയാണ് വകുപ്പ് 65 അനുസരിച്ചുള്ള അന്വേഷണ റിപ്പോര്‍്ട്ടില്‍ തുടര്‍നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ശിക്ഷ കടുപ്പിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിനുള്ള കരട് തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. തട്ടിപ്പു നടത്തിയവരെ കൈയാമംവച്ച് തുറുങ്കിലടയ്ക്കാനാകുന്ന വിധത്തില്‍ നിയമഭേദഗതി ഉണ്ടാകണമെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ന് 3.75 ലക്ഷം കോടി നിക്ഷേപമുള്ള മേഖലയായി സഹകരണ പ്രസ്ഥാനം വളര്‍ന്നു. സമാന്തര സാമ്പത്തിക സങ്കേതമാണത്. അതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സമഗ്ര നിയമമാണ് വേണ്ടത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിനുള്ള ബില്‍ അവതരിപ്പിക്കും. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അതിലേര്‍പ്പെടുന്നവര്‍ക്ക് ശിക്ഷയുറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥ നിയമത്തിലുണ്ടാകും. ഓഡിറ്റ് സംവിധാനവും പരിഷ്‌കരിക്കും. സ്വതന്ത്ര ഓഡിറ്റ് രീതി കൊണ്ടുവരാനുള്ള നടപടികള്‍ ഇതിനകംതന്നെ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ടെന്നു മന്ത്രി ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.