ആര്‍.ബി.ഐ. ‘ പണി ‘ തുടങ്ങി; കേസ് നല്‍കിയ ബാങ്കിന്റെ പ്രവര്‍ത്തനംമരവിപ്പിച്ചു

Deepthi Vipin lal

സഹകരണ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് നല്‍കിയ മുന്നറിയിപ്പ് നോട്ടീസിന് പുറകെ ആര്‍.ബി.ഐ. നടപടിയും തുടങ്ങി. റിസര്‍വ് ബാങ്കിനെതിരെ ഹൈക്കോടതിയെ സമീപിച്ച ബാങ്കിന്റെ പ്രവര്‍ത്തനം ആര്‍.ബി.ഐ. മരവിപ്പിച്ചു. നിക്ഷേപം സ്വീകരിക്കാനോ വായ്പ നല്‍കാനോ പാടില്ലെന്നാണ് നിര്‍ദ്ദേശം. സ്വന്തം നിലയിലുള്ള ‘ബാങ്കിങ്’ മതിയാക്കാനുള്ള നടപടി തുടങ്ങിക്കോളാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫലത്തില്‍ ബാങ്ക് ‘അടച്ചുപൂട്ടാനുള്ള’ നോട്ടീസാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്.

ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ ഭേദഗതിക്ക് പിന്നാലെ റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ ചോദ്യം ചെയ്താണ് രണ്ട് ബാങ്കുകള്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന വിഷയമായ സഹകരണത്തില്‍ റിസര്‍വ് ബാങ്ക് അനാവശ്യ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുവെന്നായിരുന്നു ബാങ്കുകളുടെ വാദം. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഈ ബാങ്കുകളുടെ മുഴുവന്‍ പ്രവര്‍ത്തനവും റിസര്‍വ് ബാങ്ക് പരിശോധിക്കാന്‍ തീരുമാനിച്ചത്.

നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാവുന്ന വിധത്തിലുള്ള സാമ്പത്തിക സ്ഥിതിയല്ല ഇതില്‍ ഒരു ബാങ്കിനുള്ളതെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍.ബി.ഐ. ഉത്തരവിറക്കുകയും ചെയ്തു. ‘സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിം വര്‍ക്ക്’ അടിസ്ഥാനമാക്കിയാണ് നിക്ഷേപവും വായ്പയും വിലക്കിയത്. ലാഭവിഹിതം വിതരണം ചെയ്യാനോ സംഭാവനകള്‍ നല്‍കാനോ അധികാരമില്ല. 12 മാസത്തിനുള്ളില്‍ മൂലധന പര്യാപ്തത ഒമ്പതു ശതമാനമാക്കാനുള്ള കര്‍മ്മപരിപാടി ഫെബ്രുവരി ആദ്യവാരത്തിന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. മറ്റേതെങ്കിലും ബാങ്കുമായി ലയിക്കുന്നതിനോ അല്ലെങ്കില്‍ ബാങ്ക് എന്ന പദവി ഉപേക്ഷിച്ച് സഹകരണ സംഘമായി പ്രവര്‍ത്തിക്കുന്നതിനോ ഉള്ള തീരുമാനം മൂന്നു മാസത്തിനുള്ളില്‍ അറിയിക്കണമെന്നും ആര്‍.ബി.ഐ. നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അര്‍ബന്‍ ബാങ്ക് ഫെഡറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇപ്പോള്‍ നടപടി നേരിട്ട ബാങ്ക് ആര്‍.ബി.ഐ.ക്കെതിരെ കേസിന് പോയത്. എന്നാല്‍, ആര്‍.ബി.ഐ.യുടെ ഇടിവെട്ട് നടപടി ബാങ്കിനെതിരെ ഉണ്ടായപ്പോള്‍ സഹായിക്കാന്‍ ഫെഡറേഷനും രംഗത്തില്ല. ഇതോടെ കേസ് കൊടുത്ത രണ്ടാമത്തെ ബാങ്കും ആശങ്കയിലാണ്. ഈ ബാങ്കിനെതിരെ തല്‍ക്കാലം ആര്‍.ബി.ഐ. നടപടി സ്വീകരിച്ചിട്ടില്ല. ആര്‍.ബി.ഐ. നടപടിക്ക് കേസുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ബാങ്കിങ് നിയന്ത്രണ നടപടിയുടെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ സ്വാഭാവിക ഇടപെടല്‍ മാത്രമാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെയെങ്കില്‍ സംസ്ഥാനത്തെ ഒട്ടേറെ ബാങ്കുകള്‍ക്കെതിരെ സമാന നടപടിയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!