ഉല്‍പ്പാദനം മുതല്‍ വിപണനം വരെ വനിതകള്‍

moonamvazhi

ല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമല്ല അവ കടകളിലെത്തിക്കാനും വനിതകള്‍ക്കു കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കാസര്‍കോട്ടെ ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം.

ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്ന സംഘമാണിത്. 2004 ലെ വനിതാദിനത്തിലായിരുന്നു സംഘത്തിന്റെ ഉദ്ഘാടനം. ഒന്നര വര്‍ഷം മുന്‍പാണ് പ്രകൃതി പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിച്ചത്. സംഘത്തിന്റെ എ ക്ലാസ് മെമ്പര്‍മാരായ പത്ത് വനിതകളാണ് പ്രകൃതി പ്രൊഡക്ഷന്‍ യൂണിറ്റിലെ ജോലിക്കാര്‍. വാഷിങ് സോപ്പ്, ഫിനൈല്‍, ഹാന്റ് വാഷ്, ഡിഷ് വാഷ്, വാഷിങ് പൗഡര്‍, ചന്ദനത്തിരി, മെഴുകുതിരി, കര്‍പ്പൂരം, കാര്‍ ഷാംപൂ, ക്ലീനിങ് ലോഷനുകള്‍ തുടങ്ങി 15 തരം ഉല്‍പന്നങ്ങള്‍ കൈ കൊണ്ടാണ് നിര്‍മിക്കുന്നത്. പ്രകൃതിയ്ക്കും മനുഷ്യനും ദോഷം വരാത്ത ചേരുവകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്.

തുടക്കത്തില്‍ പുരുഷന്മാരാണ് കടകളില്‍ ഉല്‍പന്നങ്ങള്‍ എത്തിച്ചിരുന്നത്. എന്നാല്‍, പ്രതീക്ഷിച്ചത്ര വില്‍പ്പനയുണ്ടായില്ല. കാസര്‍കോട്ടെ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ കൊടുത്തിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ഈ ഘട്ടത്തിലാണ് സംഘം സെക്രട്ടറി സുധീഷ് കുമാര്‍ പുതിയൊരാശയം മുന്നോട്ടുവെച്ചത്. സംഘത്തിലെ വനിതകള്‍തന്നെ കടകളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കട്ടെ. ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത അവര്‍ കടക്കാരെ ബോധ്യപ്പെടുത്തട്ടെ. ഇതൊരു പുതുമയാകുമെന്ന് എല്ലാവരും സമ്മതിച്ചു. അങ്ങനെയാണ് സംഘത്തിലെ എ ക്ലാസ് അംഗമായ ഉഷ കെ. മുന്നോട്ടുവന്നത്. ഡ്രൈവിങ് അറിയാവുന്ന ഉഷ വാടകയ്‌ക്കെടുത്ത ഒമ്‌നി വാനില്‍ ഉല്‍പ്പന്നങ്ങള്‍ കടകളിലെത്തിക്കാന്‍ തുടങ്ങി.

2019 സപ്തംബറിലാണ് ഈ പരീക്ഷണം തുടങ്ങിയത്. ഉഷ എന്ന ഒരു സഹായിയും കൂട്ടിനുണ്ട്. കാസര്‍കോട് താലൂക്കിലെ എല്ലാ സ്ഥലങ്ങളിലും ഉഷമാര്‍ ഉല്‍പന്നങ്ങളുമായി പോകുന്നുണ്ട്. രാവിലെ ഒമ്പതരയ്ക്ക് പുറപ്പെട്ടാല്‍ വൈകീട്ട് ഏഴ് മണിയ്ക്കാണ് തിരിച്ചെത്തുന്നത്. ആളുകള്‍ നേരിട്ട് യൂണിറ്റില്‍ എത്തിയും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. കാസര്‍കോട്, കണ്ണുര്‍ ജില്ലകളിലെ കണ്‍സ്യൂമര്‍ ഫെഡിലും ഉല്‍പ്പന്നങ്ങള്‍ ചെലവാകുന്നുണ്ട്.

ലോക്ഡൗണ്‍ കാലത്ത് സംഘം 30,000 കുപ്പി സാനിറ്റൈസറുണ്ടാക്കി വിറ്റു. കൂടാതെ നൂറുകണക്കിനു മാസ്‌ക്കും നിര്‍മിച്ചു വിറ്റു. ലോക്ഡൗണ്‍ കാലത്ത് പ്രകൃതി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മൂന്നിട്ടി വര്‍ധിച്ചുവെന്ന് സംഘം സെക്രട്ടറി പറഞ്ഞു.

2016 – 17 ലെ മികച്ച വനിതാ സംഘത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ സംഘമാണിത്. പ്രകൃതി യൂണിറ്റ് വിപൂലീകരിച്ച് വില്‍പ്പന കൂട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംഘം. 2000 എ ക്ലാസ് മെമ്പര്‍മാരുള്ള ബേഡഡുക്ക വനിതാ സംഘത്തിന്റെ പ്രസിഡന്റ് ഉമാവതി കെ. യാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!